ദുബായ് : ഒരറിയിപ്പുണ്ടാകുന്നതുവരെ ചില ഇന്റർസിറ്റി ബസ് റൂട്ടുകൾ താത്‌കാലികമായി നിർത്തിവെക്കുന്നതായും റൂട്ടുകൾ മാറ്റുകയും പുതിയ റൂട്ടുകൾ ആരംഭിക്കുകയും ചെയ്തതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. 11 റൂട്ടുകളിലാണ് മാർച്ച് 10 മുതൽ മാറ്റം വരുന്നതെന്ന് ആർ.ടി.എ. വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. മറ്റ് ഏഴോളം ഇന്റർസിറ്റി ബസുകൾ പൂർണമായും പുലർച്ചെ നാലുമുതൽ അർധരാത്രി ഒന്നുവരെ പ്രവർത്തിക്കും. ദുബായ്, ഷാർജ, അജ്മാൻ, ഹത്ത എന്നിവയ്ക്കിടയിൽ ഇ303, ഇ306, ഇ307, ഇ307എ, ഇ 400, ഇ411, ഇ16 എന്നീ റൂട്ടുകളാണ് പ്രവർത്തിക്കുന്നതെന്നും ആർ.ടി.എ. അധികൃതർ വ്യക്തമാക്കി.

സബ്ക ബസ് സ്റ്റേഷനും ഹത്ത ബസ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റൂട്ടാണ് ഇ16. യൂണിയൻ സ്‌ക്വയർ മെട്രോ സ്റ്റേഷനും ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലൈനാണ് ഇ303. ലൈൻ ഇ306 അൽ ഗുബൈബ ബസ് സ്റ്റേഷനെയും ഷാർജ അൽ ജുബൈൽ ബസ് സ്റ്റേഷനെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

ഇ307 ദേര സിറ്റി സെന്റർ ബസ് സ്റ്റേഷൻ-അൽ ജുബൈൽ, ഇ307എ അബു ഹെയിൽ മെട്രോ സ്റ്റേഷൻ-അൽ ജുബൈൽ, ഇ400 യൂണിയൻ സ്‌ക്വയർ മെട്രോ സ്റ്റേഷൻ-അജ്മാൻ ബസ് സ്റ്റേഷൻ, ഇ411 ഇത്തിസലാത്ത് മെട്രോ സ്റ്റേഷനിൽനിന്ന്‌ അജ്മാൻ ബസ് സ്റ്റേഷനിലേക്കും നീളുന്ന റൂട്ടാണ്. അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽനിന്നും ഷാർജ അക്വേറിയത്തിലേക്കും തിരിച്ചുമുള്ള ഫെറി ലൈനുകളിലും താത്‌കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

പുതിയ റൂട്ടുകൾ

റൂട്ട് 5: അബു ഹെയിൽ മെട്രോ സ്റ്റേഷൻ മുതൽ യൂണിയൻ സ്ക്വയർ ബസ് സ്റ്റേഷൻ വരെ.

റൂട്ട് 6:അൽ ഗുബൈബ ബസ് സ്റ്റേഷൻ മുതൽ ദുബായ് ഹെൽത്ത് കെയർ സിറ്റിവരെ.

മാറിയ റൂട്ടുകൾ

മുൻപ് ലാംസി പ്ലാസയിൽ അവസാനിപ്പിച്ചിരുന്ന റൂട്ട് 28, സി18, എഫ്70, എന്നിവ ഇനി മുതൽ പുതുതായി തുറന്ന ഊദ് മേത്ത ബസ് സ്റ്റേഷനിൽ അവസാനിപ്പിക്കും.

അധികസേവനം നൽകുന്നതിന്റെ ഭാഗമായി റൂട്ട് എഫ്03 മിർഡിഫിലേക്കുകൂടി സേവനം നൽകും.

റൂട്ട് 367, എഫ്10 എന്നിവ മിർഡിഫ് സിറ്റി സെന്റർ ഭാഗത്തേക്ക് തിരിച്ചുവിടും.

റൂട്ട് എക്‌സ് 23 നേരത്തെ ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിലാണ് അവസാനിച്ചിരുന്നതെങ്കിൽ ഇനി മുതൽ അൽ ഗുബൈബ ബസ് സ്റ്റേഷനിലും തിരക്കേറിയ സമയങ്ങളിൽ ഊദ് മേത്ത ബസ് സ്റ്റേഷനിലും അവസാനിക്കും.

റദ്ദാക്കിയ റൂട്ടുകൾ

മാർച്ച് 10 മുതൽ റൂട്ട് സി 07 റദ്ദാക്കപ്പെടും. ഇതുവഴി യാത്ര ചെയ്തിരുന്നവർ പുതിയ ബസ് റൂട്ടുകളായ സി05, 06 തുടങ്ങി ഇതരസേവനങ്ങൾ ഉപയോഗിക്കാനും ആർ.ടി.എ. നിർദേശിച്ചു.