: യു.എ.ഇ.യുടെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് മലയാളികളുടെ ഗൾഫ് കുടിയേറ്റത്തിനും. അറുപതുകളുടെ അവസാനം മുതലിങ്ങോട്ട് കപ്പലിലും പിന്നീട് വിമാനത്തിലും ഗൾഫ്‌ നാടുകളിലേക്ക് സ്വപ്നങ്ങളുടെ ഭാണ്ഡവുമായി യാത്രതിരിച്ച മലയാളികളേറെയും ജോലിചെയ്ത് ജീവിക്കാൻ തിരഞ്ഞെടുത്ത രാജ്യമെന്നനിലയ്ക്ക് യു.എ.ഇ.യുടെ സുവർണജൂബിലി പറയുന്നത് മലയാളികളുടെയും കേരളത്തിന്റെയും സാമ്പത്തിക ഉന്നമനത്തിന്റെ കൂടി ചരിത്രമാണ്.

മണൽക്കൂനകളും കടലും കുന്നുകളും നിറഞ്ഞ ഭൂപ്രദേശത്തെ ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നായി വാർത്തെടുക്കാനുള്ള ഐക്യത്തോടെയുള്ള ശ്രമങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് 1971-ൽ ആണ്.

1968 ഫെബ്രുവരി 18-ന് ആണ് അബുദാബിയുടെയും ദുബായിയുടെയും അതിർത്തിയിൽ മണലാരണ്യത്തിൽ തീർത്ത കൂടാരത്തിൽ ഇരുമേഖലയുടെയും ഭരണാധികാരികളായിരുന്ന മഹാരഥന്മാർ മുഴുവൻ യു.എ.ഇ. ജനതയോട് സംയുക്ത രാഷ്ട്രഭരണത്തെക്കുറിച്ചുള്ള ആദ്യ ആഹ്വാനം നടത്തുന്നത്. ബ്രിട്ടീഷ് അധീനതയിലായിരുന്ന ട്രൂഷ്യൽ സ്റ്റേറ്റുകളിൽനിന്ന് സേനയെ പിൻവലിച്ച് സ്വതന്ത്രഭരണ പ്രദേശമാക്കുന്നത് 1971-ൽ ആയിരുന്നെങ്കിലും ഇതിനായുള്ള തീരുമാനം കൈക്കൊള്ളുന്നത് 1968-ൽ ആയിരുന്നു.

മരുഭൂപ്രദേശത്തെ പരിമിതമായ വിഭവങ്ങൾ മാത്രം കൈമുതലായുണ്ടായിരുന്ന ഒരു ജനതയ്ക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ദീർഘദർശികളായ നേതാക്കളായിരുന്നു; നാളെയെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും കാഴ്ചപ്പാടുകളുമായിരുന്നു. ഒരു രാഷ്ട്രനിർമിതിയുടെയോ വികസനപ്രക്രിയകളുടെയോ നേട്ടങ്ങളുടെയോ വിലയിരുത്തലുകൾക്ക് 50 വർഷമെന്നത് ചെറിയ കാലയളവ് മാത്രമാണ്. എങ്കിലും അമ്പതാണ്ടുകൊണ്ട് യു.എ.ഇ. എത്തിപ്പിടിച്ച നേട്ടങ്ങൾ വികസനപ്രതീക്ഷയോടെ മുമ്പോട്ടുപോകുന്ന രാഷ്ട്രങ്ങൾക്ക് വലിയ ഊർജം പകരുന്നതാണ്.

എഴുപതുകളുടെ തുടക്കത്തിൽ അറബിപ്പൊന്ന് സ്വപ്നം കണ്ട് യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറിയവരിലൂടെയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറയും ഭദ്രമായി ഉറപ്പിക്കപ്പെടുന്നത്. യു.എ.ഇ.യിലേക്ക് തൊഴിലന്വേഷിച്ചെത്തുന്നവർക്ക് ഈ രാജ്യം നൽകിയത് ജോലിയും കൂലിയും മാത്രമായിരുന്നില്ല. തങ്ങളുടെ കാഴ്ചപ്പാടുകൾക്കും വിശ്വാസങ്ങൾക്കും അനുസൃതമായുള്ള ഒരു സാമൂഹിക ജീവിതത്തിന്റെ കൂടി സാധ്യതകളായിരുന്നു.

നാടും വീടുമുപേക്ഷിച്ച് യു.എ.ഇ.യിലെത്തിയ മലയാളി യുവാക്കൾക്ക് ഒത്തുകൂടാനും പ്രാദേശികമായ കൂട്ടായ്മകളുടെ ആനന്ദത്തിൽ പ്രവർത്തിക്കാനും ഈ രാജ്യം നൽകിയ അനുമതി എത്രമാത്രം വലുതായിരുന്നുവെന്ന് മനസ്സിലാക്കാനായ രണ്ടുവർഷക്കാലമാണ് ഇപ്പോൾ കഴിഞ്ഞുപോയത്.

യു.എ.ഇ.യിലെ ഔദ്യോഗിക സംഘടനകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളിലൂടെയാണ് ഗൾഫ്‌ കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ പ്രവാസിയുവത്വം നാടിന്റെയും സൗഹൃദങ്ങളുടെയും ഊഷ്മളത കടലിനിക്കരെയും അനുഭവിക്കുന്നത്. രാജഭരണമെങ്കിലും വ്യക്തിസ്വാതന്ത്ര്യത്തിന് ഈ നാട് നൽകിവന്ന പ്രാധാന്യം അമ്പതുവർഷങ്ങൾക്കിപ്പുറം ഒരു സഹിഷ്ണുതാ മന്ത്രാലയത്തിന്റെ നിർമിതിയിലൂടെ സ്വസ്ഥമായ ജീവിതത്തിന് പിന്തുണയാകുന്നു.

മേഖലയിലെ പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി ആഗോളതലത്തിൽ സ്വാധീനം ചെലുത്താനുള്ള ശേഷി ഈ നാട് ആർജിച്ചതും ഇതേ സഹിഷ്ണുതയിലൂന്നിയുള്ള പ്രവർത്തനങ്ങളിലൂടെയാണ്. ആഗോള ക്രൈസ്തവ സഭാധ്യക്ഷൻ പോപ് ഫ്രാൻസിസിന്റെ സന്ദർശനത്തിന് യു.എ.ഇ. വേദിയൊരുക്കിയത് സമാധാനാശയങ്ങൾക്ക് രാജ്യം നൽകുന്ന കരുതലിന് ലോകശ്രദ്ധ ലഭിക്കാൻ കാരണമായി.

ഇസ്രയേലുമായി യു.എ.ഇ. ഒപ്പുവെച്ച സമാധാന ഉടമ്പടി പ്രതീക്ഷയോടെയുള്ള നാളെകളിലാണ് നാം ഉറ്റുനോക്കേണ്ടതെന്ന വലിയ സന്ദേശം പകരുന്നതായി. അബുദാബിയിൽ നിർമാണം പുരോഗമിക്കുന്ന ശിലാക്ഷേത്രവും യു.എ.ഇ. എന്ന രാജ്യം മുറുകെപ്പിടിക്കുന്ന സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടുതന്നെയാണ് യു.എ.ഇ. പ്രവാസികൾക്ക് കേവലം തൊഴിലെടുക്കുന്ന പ്രദേശമെന്നതിലുപരി രണ്ടാം വീടുകൂടിയായിമാറുന്നത്.

പാതിരാത്രിയിലും ധൈര്യസമേതം പുറത്തിറങ്ങിനടക്കാനനുവദിക്കുന്ന സാമൂഹിക സുരക്ഷിതത്വവും തൊഴിലെടുത്ത് ജീവിക്കാനും ബിസിനസ് ചെയ്യാനും നിക്ഷേപം നടത്താനുമെല്ലാമുള്ള അവസരവും ഇവിടം വിട്ടുപോകാൻ അനുവദിക്കാത്തവണ്ണം പ്രവാസികളുടെ ഇഷ്ടയിടമാക്കി യു.എ.ഇ.യെ മാറ്റുന്നു.

മലയാളനാട് ആഘോഷിക്കുന്നതിനെക്കാൾ കേമമായ ഓണവും യു.എ.ഇ.യുടെ പ്രത്യേകതയാണ്. സദ്യയും പൂക്കളവുമായി ആഴ്ചകൾ നീണ്ടുനിൽക്കുന്ന ഇവിടുത്തെ ഓണവും മറ്റാഘോഷങ്ങളും കേരളത്തിൽ ജീവിക്കുന്നവരിൽ ആശ്ചര്യം പകരുംവിധമായിരിക്കും. ഇതെല്ലാം യു.എ.ഇ. പ്രവാസികൾക്ക് നൽകുന്ന സാമൂഹിക സ്വാതന്ത്ര്യമാണ്.

ഇന്ന് യു.എ.ഇ. ദേശീയദിനത്തിന്റെ സുവർണജൂബിലി ആഘോഷിക്കുമ്പോൾ പ്രവാസികളായ ലക്ഷക്കണക്കിന് മലയാളികളും ഏറെ സന്തോഷത്തിലായിരിക്കും. തങ്ങൾക്ക് മാത്രമല്ല, വരും തലമുറകൾക്കുകൂടി വേണ്ടിയുള്ള സാധ്യതകളുടെ കരുതലാണ് ഈ രാജ്യം ഉറപ്പാക്കുന്നത്. സാമൂഹികവും സാംസ്കാരികവുമായ അവകാശങ്ങളോടെ അവരവരായി തന്നെ നിലകൊള്ളാൻ ഇവിടം എല്ലാ ഉറപ്പും നൽകുന്നു.