: കഴിഞ്ഞ 50 വർഷത്തിനിടയിൽ അറേബ്യൻ മരുഭൂമിയുടെ മധ്യത്തിൽ സമാധാനത്തിന്റെയും സമൃദ്ധിയുടെയും മരുപ്പച്ചയായി ഉയർന്നുവരാൻ യു.എ.ഇ. എന്ന രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. ഈ രാജ്യത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനൊപ്പം ഉദ്യോഗസ്ഥരുടെ മികച്ച കൃത്യനിർവഹണവുമാണ് ഇത് സാധ്യമാക്കിയത്.

യു.എ.ഇ. സഹിഷ്ണുതയുടെ റെക്കോഡിലും അഭിമാനം കൊള്ളുന്നു. ജി.ഡി.പി.യുടെ അതേ തുല്യതയോടെ, രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സന്തോഷസൂചികയ്ക്കും രാജ്യം വളരെയധികം പ്രാധാന്യം നൽകുന്നു. പരിസ്ഥിതി, സുസ്ഥിരത, ഭരണം എന്നിവ സുപ്രധാനനയങ്ങളിൽ ഉൾപ്പെടുത്തി ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ യു.എ.ഇ. ലോകമെമ്പാടും മികച്ച പ്രഭാവം തന്നെ സൃഷ്ടിക്കുന്നു.

35 വർഷംമുമ്പ് ദുബായിൽ എത്തിയ ഒരാളെന്നനിലയിൽ, മികച്ച സാമൂഹികവും ഭൗതികവുമായ അടിസ്ഥാനസൗകര്യവികസനം സൃഷ്ടിക്കപ്പെട്ട ഈ കാലഘട്ടത്തിൽ യു.എ.ഇ.യുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും അർധരാത്രിയിൽ ഒട്ടും ഭയമില്ലാതെ പുറത്തിറങ്ങാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നാണിത്. മാത്രമല്ല വിദേശികൾക്ക് യു.എ.ഇ. പൗരന്മാർ നൽകുന്ന ഊഷ്മളമായ സ്വീകരണം ഐതിഹാസികമാണ്.

കഴിഞ്ഞ 50 വർഷത്തിനിടയിൽ അഭൂതപൂർവമായ വളർച്ച കൈവരിച്ച മേഖലകളിലൊന്നാണ് ആരോഗ്യസംരക്ഷണം. ജനസംഖ്യാനുപാതത്തിൽ വളരെ ഉയർന്ന എണ്ണം ആശുപത്രി കിടക്കകളുള്ള, ലോകത്തിലെ ഏറ്റവുംമികച്ച ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നാണിത്. 35 വർഷംമുമ്പ് ദുബായിലെ ഏകഡോക്ടർ ക്ലിനിക്കിൽനിന്ന് ആരംഭിച്ച്, 27 ആശുപത്രികൾ, 117 ക്ലിനിക്കുകൾ, 225 ഫാർമസികൾ എന്നിവയുടെ ശൃംഖലയിലൂടെ 21,000 ജീവനക്കാരുമായി, ഏഴ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ഏകദേശം 20 ദശലക്ഷം ആളുകൾക്ക് മെഡിക്കൽ സേവനം നൽകാൻ ഞങ്ങൾക്ക് സാധിച്ചിരിക്കുന്നു. ലോകത്തിലെ രാജ്യങ്ങൾക്കിടയിൽ യു.എ.ഇ. ഒരു അത്ഭുതമാണെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.