ദുബായ് : പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള യു.എ.ഇ.യുടെ വിജയയാത്രയുടെ 50-ാം വാർഷികാഘോഷം തുടങ്ങി. സർക്കാർ കെട്ടിടങ്ങളും കമ്മ്യൂണിറ്റി ആസ്ഥാനങ്ങളും ദേശീയ പതാകയുടെ നിറങ്ങൾ പൂശി അലങ്കരിച്ചിരിക്കുന്നു. പ്രധാനറോഡുകളും ചത്വരങ്ങളും പാലങ്ങളും സ്വദേശി വില്ലകളും ദിവസങ്ങൾക്കുമുമ്പുതന്നെ നിറച്ചാർത്തണിഞ്ഞിട്ടുണ്ട്. പള്ളികളും മറ്റ് ആരാധനാലയങ്ങളും ആഘോഷത്തെ വരവേറ്റുകഴിഞ്ഞു.

ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്നുകൊണ്ട് ഒട്ടേറെ സാംസ്കാരിക പരിപാടികളും വ്യാഴം മുതൽ അവധിദിനങ്ങളിൽ യു.എ.ഇ.യിലെങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പ്രവാസി സംഘടനകളുടെ സംഗമങ്ങളിലും മറ്റു പരിപാടികളിലും യു.എ.ഇ. ദേശീയദിനത്തെ ഓർമിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികൾ അരങ്ങേറുന്നുണ്ട്. യു.എ.ഇ.യിലെ സ്കൂളുകൾ ദിവസങ്ങൾക്കുമുമ്പുതന്നെ അലങ്കരിച്ചിട്ടുണ്ട്. യു.എ.ഇ. കെ.എം.സി.സി. അടക്കമുള്ള മറുനാടൻ സംഘടനകളും കൂട്ടായ്മകളും വിവിധ പരിപാടികളും അനുബന്ധ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

സുരക്ഷിത നഗരമായ ദുബായിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് ദേശീയ ദിനത്തോടനുബന്ധിച്ച് നടക്കുന്നത്. മാളുകൾ, വൻകിട വ്യാപാരകേന്ദ്രങ്ങൾ, കൂറ്റൻ കെട്ടിടങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഗ്ലോബൽ വില്ലേജ് എന്നിവയെല്ലാം അലങ്കരിക്കുകയും ദേശീയദിനം ആഘോഷിക്കുകയും ചെയ്യുന്നു. ലോകമേളയായ ദുബായ് എക്സ്‌പോ കാണാൻ അവധിദിനങ്ങളിൽ തിരക്കുവർധിക്കുമെന്നും കണക്കാക്കുന്നു.

ഇന്ന് സൗജന്യമായി എക്സ്പോ 2020 സന്ദർശിക്കാം

ദേശീയ ദിനത്തിൽ എക്സ്പോ 2020 സൗജന്യമായി സന്ദർശിക്കാം. രാവിലെ ഒമ്പത് മണി മുതൽ പുലർച്ചെ രണ്ട് വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. നിലവിൽ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് അത് ഉപയോഗിക്കുകയോ അന്നേദിവസം സൗജന്യപ്രവേശനം നേടുകയോ ചെയ്യാം. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണം. 18 വയസ്സിന് മുകളിലുള്ളവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനെടുക്കാത്തവർ കോവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. നാലാംതീയതിവരെ വിപുലമായ ആഘോഷ പരിപാടികളാണ് എക്സ്പോയിൽ ഒരുക്കിയിട്ടുള്ളത്.

വർണക്കാഴ്ച​യൊരുക്കിവെടിക്കെട്ട്

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ അഞ്ചിടങ്ങളിൽ വെടിക്കെട്ട് നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി സുപ്രധാന വിനോദകേന്ദ്രങ്ങളിലാണ് വെടിക്കെട്ടുണ്ടാകുക. ദി പാം, ദി പോയന്റ്, അറ്റ്‌ലാന്റിസ് എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടുമണിക്ക് വെടിക്കെട്ടാസ്വദിക്കാം. ഐൻ ദുബായുടെ പിറകിൽ ബ്ലൂ വാട്ടേഴ്സിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് വെടിക്കെട്ടുണ്ടാകും. ബുർജ് അൽ അറബിൽ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിക്ക് വെടിക്കെട്ട് നടക്കും. ജുമൈറ ബീച്ചിൽ സൺസെറ്റ് മാളിന് പുറകിൽ ഇത്തിസലാത്ത് ബീച്ച് കാന്റീനോട് ചേർന്ന് വ്യാഴാഴ്ച രാത്രി ഒമ്പതുമണിക്ക് വെടിക്കെട്ടുണ്ട്. വെള്ളിയാഴ്ച ലാമെറിലും വെടിക്കെട്ടുണ്ടാകും.

ഏറെ പ്രത്യേകതകളോടുകൂടിയ ദേശീയദിനം - ആർ.ടി.എ

ഇത്തവണത്തേത് ഏറെ പ്രത്യേകതകളോടുകൂടിയ ദേശീയദിനമാണെന്ന് ദുബായ് റോഡ്സ് ആൻഡ്‌ ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.

50 വർഷത്തെ അസാധാരണമായ നേട്ടങ്ങളുടെയും വിജയങ്ങളുടെയും വാർഷികമാണ് യു.എ.ഇ. ആഘോഷിക്കുന്നതെന്ന് ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ അഭിപ്രായപ്പെട്ടു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികൾ, സുപ്രിം കൗൺസിൽ അംഗങ്ങൾ എന്നിവരുടെ കൂട്ടായപ്രയത്നമാണ് യു.എ.ഇ. ഇന്ന് കൈവരിച്ച നേട്ടങ്ങൾ.

രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ആശയങ്ങളാണ് ഇതിന് അടിസ്ഥാനം. സുവർണജൂബിലിയും എക്‌സ്‌പോ 2020-യും ഒരേ വർഷമായതും ആഗോള സാമ്പത്തിക, സാമൂഹിക, മാനവിക രംഗങ്ങളിൽ യു.എ.ഇ. കൈവരിച്ച നേട്ടങ്ങളും ഏറെ അഭിമാനം പകരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേഗമേറിയ ഇന്റർനെറ്റ്

താമസക്കാർക്ക് സൗജന്യവും വേഗതയേറിയതുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് ഡു ടെലികോം കമ്പനി. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. തങ്ങളുടെ പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്കായി പ്രത്യേകപാക്കേജും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കും 50 ജിബി നാഷണൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചത്. യു.എ.ഇ. 50 ഡാറ്റ എന്നാണ് പദ്ധതിയുടെ പേര്. ആക്ടിവേഷൻ തീയതി മുതൽ 50 ദിവസമാണ് ഈ പാക്കേജിന്റെ കാലാവധി.

കർശന ഗതാഗതവ്യവസ്ഥയുമായി ദുബായ് പോലീസ്

:യു.എ.ഇ. ദേശീയദിനത്തിന്റെ ഭാഗമായി ഗതാഗത നിയമ വ്യവസ്ഥകൾ കർശനമാക്കി ദുബായ് പോലീസ്. അവധിദിനങ്ങളിൽ കൂടുതൽപ്പേരും വാഹനവുമായി പുറത്തിറങ്ങുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാമായാണിത്. മറ്റുള്ളവരുടെ ജീവനും സ്വത്തിനും വെല്ലുവിളിയുയർത്തിക്കൊണ്ട് വാഹനമോടിച്ചാൽ 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റും വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് ശിക്ഷ. അകാരണമായി വാഹനം റോഡിനുനടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റും ചുമത്തും. പ്രത്യേക അനുമതിയില്ലാതെ വാഹന പരേഡുകളിൽ പങ്കെടുത്താൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തും. 15 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

അമിതശബ്ദമുള്ള വാഹനത്തിന്റെ ഉപയോഗത്തിന് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റുമാണ് ശിക്ഷ. അനുവദനീയമായതിലും കടുപ്പമുള്ള കൂളിങ് സ്റ്റിക്കറുകൾ പതിച്ചാൽ 1500 ദിർഹമാണ് പിഴ. അനുമതിയില്ലാതെ സ്റ്റിക്കറുകൾ, എഴുത്തുകൾ എന്നിവ പതിച്ചാൽ 500 ദിർഹമാണ് പിഴ. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധത്തിലുള്ള ഹോൺ ഉപയോഗിച്ചാൽ 400 ദിർഹമാണ് പിഴ. പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിച്ചാൽ 400 ദിർഹം പിഴചുമത്തും. ഗതാഗതക്കുരുക്കുണ്ടാക്കിയാൽ 500 ദിർഹം പിഴയുണ്ടാകും. നമ്പർപ്ലേറ്റ് മറച്ചാൽ 400 ദിർഹമാണ് പിഴ. വാഹനത്തിൽനിന്ന് മാലിന്യം പുറത്തേക്ക് വലിച്ചറിഞ്ഞാൽ 1000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുമാണ് ശിക്ഷയെന്നും ദുബായ് പോലീസ് വ്യക്തമാക്കി.