ദുബായ് : യു.എ.ഇ. യുടെ 50 വർഷത്തെ യാത്രയുടെ അവിഭാജ്യഘടകം പ്രവാസികളാണെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സ്വദേശികളെ മാത്രം ആശ്രയിച്ചായിരുന്നില്ല രാജ്യപുരോഗതി. യു.എ.ഇ.യിലെ പ്രവാസികൾ രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്വീറ്റ് ചെയ്തു.

ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കാൻ എല്ലാ മേഖലകളിലും സുസ്ഥിര വികസനം ഉറപ്പാക്കിയതായി പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. വെല്ലുവിളികൾ ഒരിക്കലും പിന്തിരിപ്പിച്ചിട്ടില്ലെന്നും വെല്ലുവിളികളെ എപ്പോഴും നേരിടുകയായിരുന്നു തങ്ങളുടെ രീതിയെന്നും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. വിദ്യാഭ്യാസത്തെ പിന്തുണച്ചും രാജ്യവികസനത്തിനായും കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.

അശ്രാന്ത പരിശ്രമത്തിലൂടെയാണ് രാജ്യം മുന്നേറിയതെന്ന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി വ്യക്തമാക്കി. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മൊഹമ്മദ് അൽ ഷർഖി, ഉമ്മുൽഖുവൈൻ ഭരണാധികാരി ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുവല്ല എന്നിവരും രാജ്യത്തിന്റെ 50 വർഷത്തെ പുരോഗതിയിൽ അഭിമാനം പങ്കുവെച്ചു.