ഷാർജ : യു.എ.ഇ.യുടെ ദേശീയദിനാഘോഷത്തിൽ മലയാളി ചിത്രകാരൻ വേറിട്ട കലാവിരുന്നൊരുക്കി ശ്രദ്ധനേടുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശി സുജുമോൻ ആണ് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കൂറ്റൻ ചിത്രമൊരുക്കി ദേശീയദിനസമ്മാനമായി നാടിന് സമർപ്പിക്കുന്നത്.

രണ്ടുവർഷമായി ജബൽ അലിയിലെ ഒരു ഭക്ഷ്യസാധന വിതരണ കമ്പനിയിലെ സ്റ്റോർ കീപ്പറാണ് സുജുമോൻ. അരി, പഞ്ചസാര, കടല, ഗ്രീൻപീസ്, തേങ്ങാപ്പൊടി, വൻപയർ, ചായപ്പൊടി എന്നിവയെല്ലാം ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. കമ്പനിയുടെ ഹാളിൽത്തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നതും.

32 അടി നീളവും 22 അടി വീതിയുമുള്ള ചിത്രത്തിന്റെ ഗ്രാഫ് വരയ്ക്കാനായി ഒരു ദിവസമെടുത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചിത്രം പൂർത്തിയാക്കുകയും ചെയ്തു. കമ്പനി മേധാവിയും സഹജീവനക്കാരും ചിത്രം കണ്ട് അഭിനന്ദനമറിയിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദിന്റെ ചിത്രത്തിനരികിലായി ദേശീയപതാകയും വരച്ചിട്ടുണ്ട്.