ദുബായ്: ബെന്യാമിന്റെ ആടുജീവിതം മലയാളികൾക്ക് സമ്മാനിച്ച ആർ. വത്സൻ എന്ന കൃഷ്ണദാസിന്റെ വിയോഗം ഞെട്ടലോടെയാണ് പ്രവാസലോകം ശ്രവിച്ചത്. പ്രവാസത്തിന്റെ ചൂടറിഞ്ഞ് പ്രവാസികളുടെ കഷ്ടപ്പാടിന്റെ കഥ പകർത്തിയ പ്രസാധകനായിരുന്നു കൃഷ്ണദാസ്. പഠനത്തിനുശേഷം 70-കളുടെ തുടക്കത്തിലാണ് അദ്ദേഹം യു.എ.ഇ.യിലെ അബുദാബിയിൽ എത്തുന്നത്. ഗൾഫിലേക്ക് കുടിയേറിയ ആദ്യകാല പ്രവാസികളിൽ ഒരാൾ. യു.എ.ഇ. യിലെ ദിനപത്രമായിരുന്ന റോയിറ്റേഴ്‌സ് ബുള്ളറ്റിനിലായിരുന്നു ആദ്യകാല പ്രവർത്തനം. ഗൾഫിലെ ജീവിതത്തെക്കുറിച്ച് ധാരാളം എഴുതി. ഗൾഫ് യുദ്ധകാലത്ത് യുദ്ധലേഖകനായും പ്രവർത്തിച്ചു. പിന്നീട് അബുദാബിയിലെ വിദേശ ബാങ്കായ ഹോങ്കോങ് ബാങ്കിൽ ദീർഘകാലം ഉദ്യോഗസ്ഥനായി. അതോടൊപ്പം സംഘടനാപ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മലയാളി സംഘടനയായ അബുദാബി ശക്തി തീയറ്റേഴ്‌സിന്റെ പ്രസിഡന്റ് പദവി വഹിച്ചു. സംഘടനാ പ്രവർത്തനം എങ്ങിനെ സാമൂഹിക ഉത്തരവാദിത്വത്തോടെ മുന്നോട്ട് കൊണ്ടുപോകാമെന്ന് തെളിയിച്ചു. കേരള സോഷ്യൽ സെന്ററിലും സജീവമായി. ഒരിക്കലും സ്ഥാനമോഹിയായിരുന്നില്ലെന്ന് ശക്തി തീയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി ഓർക്കുന്നു. ശക്തിയുടെ സ്മരണിക 'മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക', കേരളാ സോഷ്യൽ സെന്ററിന്റെ മുഖപ്രസിദ്ധീകരണം 'പ്രവാസി' എന്നിവയിലും അദ്ദേഹത്തിന്റെ സജീവസാന്നിധ്യമുണ്ടായി. ഒരു നല്ല പ്രഭാഷകനും പരന്ന വായനയുമുള്ള വ്യക്തികൂടിയായിരുന്നു കൃഷ്ണദാസ്. അക്കാലത്ത് 'ദുബായ് പുഴ' അടക്കമുള്ള ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പത്തേമാരിയിൽ കയറി നാടുവിട്ട മലയാളികളുടെ കഥപറയുന്ന ദുബായ്‌പുഴയിൽ 50 വർഷം മുൻപത്തെ ദുബായ് ആണുള്ളത്. പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ല് എന്നു പറയാവുന്നതായിരുന്നു ബെന്യാമിന്റെ 'ആടുജീവിത'ത്തിന്റെ പ്രകാശനം. പ്രശസ്തി നേടിക്കൊടുത്ത നോവലായ ഇരുട്ടിൽ ഉറങ്ങാതിരിക്കുന്നു, കടലിരമ്പങ്ങൾ, മരുഭൂമിയുടെ ജാലകങ്ങൾ എന്നിവയാണ് കൃഷ്ണദാസിന്റെ കൃതികൾ. അനേകം ലേഖനങ്ങൾ രചിച്ച കൃഷ്ണദാസ് പലസ്തീനിയൻ കാവ്യങ്ങളുടെ പരിഭാഷയും നിർവഹിച്ചിട്ടുണ്ട്. 1998-ൽ ഹോങ്കോങ് ബാങ്കിൽനിന്ന് വിരമിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഓരോ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവവേദിയിൽ അദ്ദേഹമെത്തി. ഓരോ വരവിലും സൗഹൃദങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. നല്ലെഴുത്തുകാരൻ, തികഞ്ഞ മനുഷ്യസ്നേഹി, പരിചയപ്പെടുന്ന ആർക്കും ഉത്തമസുഹൃത്ത് എന്ന നിലയിൽ അദ്ദേഹം എന്നും ഓർമിക്കപ്പെടും.