അബുദാബി : ബറാഖ ആണവനിലയത്തിൽ ഊർജ ഉത്പാദനം ആരംഭിച്ചു. അറബ് ലോകത്തെ ആദ്യ ആണവനിലയമെന്ന ഖ്യാതിയുള്ള യു.എ.ഇ.യുടെ ഈ സ്വപ്നപദ്ധതി രാജ്യത്തെ ഊർജരംഗത്ത് വലിയ വിപ്ലവമാണ് സൃഷ്ടിക്കാനൊരുങ്ങുന്നത്. ഓഗസ്റ്റ് ഒന്നു മുതലാണ് യു.എ.ഇ. സമാധാന ആണവോർജ നിർമാണയാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

നാല് ആണവ റിയാക്ടറുകളാണ് അബുദാബിയുടെ പടിഞ്ഞാറൻ പ്രവിശ്യയായ അൽ ഗാർബിയയിൽ സ്ഥിതിചെയ്യുന്ന ബറാഖ ആണവനിലയത്തിലുള്ളത്. ഇതിൽ ഒന്നാമത്തെ റിയാക്ടറിലാണ് ഊർജ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്.

ബറാഖ ആണവനിലയത്തിൽ ഊർജോത്‌പാദനം തുടങ്ങി
ബറാഖ ആണവനിലയം

യു.എ.ഇ.യുടെ സുസ്ഥിര വൈദ്യുതോർജ നിർമാണത്തിൽ കാര്യമായ സംഭാവന നൽകാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ അഞ്ചുമാസത്തെ പരീക്ഷണഘട്ടത്തിന്റെ വിജയകരമായ പൂർത്തീകരണത്തിന് ശേഷമാണ് പൂർണതോതിലുള്ള പ്രവർത്തനങ്ങൾക്ക് ആദ്യയൂണിറ്റിൽ തുടക്കമായിരിക്കുന്നത്.

തുടക്കം

യു.എ.ഇ.യുടെ 12 വർഷത്തെ തീവ്രശ്രമമാണ് ബറാഖ ആണവനിലയത്തിന്റെ നിർമാണത്തിന് പിറകിലുള്ളത്. 2008-ലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആണവനിലയത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മാതൃകയെക്കുറിച്ചും വിശദീകരിക്കുന്ന 14,000 പേജുകളുള്ള അപേക്ഷയ്ക്ക് ആണവ റെഗുലേറ്ററി അതോറിറ്റിയുടെ (എഫ്.എ.എൻ.ആർ.) അംഗീകാരം ലഭിക്കാൻ 185-ഓളം പരിശോധനകളും 2000-ത്തോളം അധികവിവര സമർപ്പണവും ആവശ്യമായിവന്നു. അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ.) നിഷ്കർഷിക്കുന്ന കുറ്റമറ്റ സുരക്ഷാ സംവിധാനങ്ങളും പ്രവർത്തനരീതിയുമാണ് ബറാഖയിലും പിന്തുടരുന്നത്. ഈ നയങ്ങളുടെ പ്രഖ്യാപനവും 2008-ൽ ആയിരുന്നു.

2009-ൽ എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷൻ (ഇ.എൻ.ഇ.സി.) നിലവിൽ വന്നു. 2010-ൽ രാജ്യത്തെ പ്രഥമ ആണവനിലയ നിർമാണത്തിനായുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിക്കപ്പെട്ടു. 2012-ൽ ആദ്യ രണ്ട് യൂണിറ്റുകളുടെ നിർമാണത്തിനുള്ള അനുമതി ലഭിച്ചു. 2013-ൽ രണ്ടാം യൂണിറ്റിന്റെ നിർമാണം ആരംഭിച്ചു. ഒപ്പം മൂന്നും നാലും യൂണിറ്റുകളുടെ നിർമാണാനുമതിയും ലഭിച്ചു. 2015-ൽ ആദ്യ രണ്ടുയൂണിറ്റുകളുടെ പ്രവർത്തനാനുമതിക്കായി അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. 2017-ൽ മൂന്ന്, നാല് യൂണിറ്റുകളുടെ പ്രവർത്തനാനുമതിക്കുള്ള അപേക്ഷകളും സമർപ്പിക്കപ്പെട്ടു. 2018-ൽ റിയാക്ടറുകളുടെ ഓപ്പറേറ്റർമാർക്ക് സാക്ഷ്യപത്രം ലഭിച്ചു. 2020 ഫെബ്രുവരിയിൽ ഒന്നാം യൂണിറ്റിന്റെ പ്രവർത്തനാനുമതിക്കായി സമർപ്പിച്ച അപേക്ഷയ്ക്ക് അംഗീകാരം ലഭിച്ചു.

2020 ജൂലായിൽ റിയാക്ടറിന്റെ അഞ്ചുമാസം നീണ്ടുനിന്ന പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കി. ഒപ്പം രണ്ടാം യൂണിറ്റിന്റെ നിർമാണം പൂർത്തിയാക്കി അടുത്ത 60 വർഷത്തെ പ്രവർത്തന ചുമതലയുള്ള എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷന് കീഴിലുള്ള നവാഹ് എനർജി കമ്പനിക്ക് സമർപ്പിക്കുകയും ചെയ്തു.

പ്രവർത്തനരീതി

ബറാഖയിലെ ഓരോ റിയാക്ടർ യൂണിറ്റുകളും 30 മില്യൺ ഫ്യുവൽ പെല്ലറ്റ് ശേഷിയുള്ളതാണ്. റിയാക്ടർ വെസലിൽ എത്തുന്ന താപം സ്റ്റീം ജനറേറ്റർ വഴി കടത്തിവിട്ട് ജലം നീരാവിയാക്കി മാറ്റി ടർബൈനിലൂടെ വൈദ്യുതോർജമാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇതിൽ നടക്കുക. ആണവനിലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് റിയാക്ടർ വെസൽ. 500 ടണ്ണിലധികം ഭാരവും 15 മീറ്ററിലധികം ഉയരവുമാണിതിനുള്ളത്. നാല് മാസത്തേക്ക് ഒരു വീട്ടാവശ്യത്തിന് ആവശ്യമായ വൈദ്യുതോർജം പ്ലാന്റിലെ ഒരു പെല്ലറ്റ് യുറേനിയത്തിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയും. ഇത് 481 ക്യൂബിക് മീറ്റർ പ്രകൃതി വാതകത്തിനും 471 ലിറ്റർ എണ്ണക്കും ഒരു ടൺ കൽക്കരിയിൽ നിന്നുമുത്പാദിപ്പിക്കുന്ന ഈർജത്തിനും സമാനമായതാണ്. ഈ രീതിയിൽ 5,600 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കപ്പെടുക. നാല് റിയാക്ടർ യൂണിറ്റുകളും പ്രവർത്തനക്ഷമമാവുന്നതോടെ യു.എ.ഇയുടെ ഊർജ ഉത്പാദനത്തിന്റെ നാലിലൊന്ന് ഇവിടെനിന്നും ലഭിക്കുമെന്നതാണ് വലിയ നേട്ടം. സുസ്ഥിര ഊർജ നിർമാണത്തിലൂടെ 210 ലക്ഷം ടൺ കാർബൺഡയോക്സൈഡ് മാലിന്യം പുറന്തള്ളുന്നത് ഇതിലൂടെ ഒഴിവാക്കാനാവും.

14 ലക്ഷം ക്യൂബിക് യാഡ് കോൺക്രീറ്റാണ് ലോകത്തിലെ ഏറ്റവും വലിയ ആണവനിലയമായ ഇവിടെ റിയാക്ടറുകളുടെ നിർമാണത്തിനായി ഉപയോഗിച്ചത്. രണ്ടരലക്ഷത്തിലധികം ടൺ ഉരുക്ക് ഇതിലുപയോഗിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം തൊഴിലാളികളാണ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഭാഗമായത്. എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷൻ കൊറിയ ഇലക്‌ട്രിക് പവർ കോർപ്പറേഷനുമായി (കെപ്‌കോ) ചേർന്നാണ് ആണവനിലയത്തിന്റെ നിർമാണം നടത്തിയിരിക്കുന്നത്.

പ്രഖ്യാപനം ശൈഖ് മുഹമ്മദിന്റെ ട്വിറ്ററിൽ

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ട്വിറ്ററിലൂടെയാണ് രാജ്യത്തിന്റെ അഭിമാനനേട്ടത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ‘അറബ് ലോകത്തെ സമാധാന ആണവോർജ നിർമാണത്തിന് അബുദാബി ബറാഖ ആണവ നിലയത്തിൽ തുടക്കമായിരിക്കുന്നു. സമഗ്ര പരിശോധനകൾക്ക് ശേഷം വിജയകരമായി പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ നേട്ടത്തിൽ ഞാൻ എന്റെ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ അഭിനന്ദിക്കുന്നു. മാലിന്യമുക്തമായ ഈ വൈദ്യുതോർജ നിർമാണത്തിലൂടെ യു.എ.ഇ.യുടെ 25 ശതമാനം ആവശ്യം നിറവേറ്റപ്പെടും. യു.എ.ഇ. ആറ്റം വിഭജിക്കുകയും ആകാശഗംഗയിൽ പര്യവേക്ഷണം നടത്തുകയും ചെയ്യുന്നു. മഹത്തായ രാജ്യങ്ങളുമായി മത്സരിക്കാൻ ശാസ്ത്രീയ വഴികളിലൂടെയുള്ള അറബ് ലോകത്തിന്റെ യാത്രയ്ക്ക് തുടക്കമായിരിക്കുന്നു’- ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

റിയാക്ടർ യൂണിറ്റുകൾ

ഒന്നാം യൂണിറ്റ് - പ്രവർത്തനം ആരംഭിച്ചു

രണ്ടാം യൂണിറ്റ് - നിർമാണം പൂർത്തിയായി

മൂന്നാം യൂണിറ്റ് - 92 ശതമാനം പൂർത്തിയായി

നാലാം യൂണിറ്റ് - 83 ശതമാനം പൂർത്തിയായി

ഇത് നാഴികക്കല്ല് - ശൈഖ് ഖലീഫ

അബുദാബി : ഹോപ്പ് പ്രോബിന് ശേഷം യു.എ.ഇ. ചരിത്രത്തിലെ നാഴികക്കല്ലായ ബറാഖ ആണവനിലയത്തിന്റെ പ്രവർത്തനാരംഭം വിജ്ഞാനത്തിലൂന്നിയ രാജ്യത്തിന്റെ സുസ്ഥിര വളർച്ചയെ അടയാളപ്പെടുത്തുന്നതായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പിറകിൽ പ്രവർത്തിച്ച അറിവും ഉയർന്ന പ്രവർത്തന പരിചയവും കൈമുതലാക്കിയ വിദഗ്ധർക്കും ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങൾക്കും അഭിനന്ദങ്ങൾ അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ നേട്ടം നമ്മുടെ ഭാവി കാഴ്ചപ്പാടുകളെ രൂപകൽപ്പന ചെയ്യുന്നതാണ്. യു.എ.ഇ. ഏകീകരണത്തിന്റെ സുവർണജൂബിലിയോട് ചേർന്നുതന്നെ ഇത്തരമൊരു വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് പ്രതീക്ഷയും സന്തോഷവും പകരുന്നതാണ്. ശാസ്ത്രത്തിലും യുവജനതയിലുമുള്ള രാജ്യത്തിന്റെ നിക്ഷേപമാണ് വലിയ നേട്ടങ്ങളിലേക്ക് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എമിറേറ്റുകളുടെ ഭരണാധികാരികൾ, സുപ്രിം കൗൺസിൽ അംഗങ്ങൾ എന്നിവർക്കും ശൈഖ് ഖലീഫ അഭിനന്ദനങ്ങൾ അറിയിച്ചു. യു.എ.ഇ.ക്ക് ശക്തമായ അടിത്തറ പാകിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ ഈയവസരത്തിൽ സ്മരിക്കുന്നതായും ശൈഖ് ഖലീഫ പറഞ്ഞു.