അബുദാബി : ലുലു ഇന്റർനാഷണൽ എക്സ്‌ചേഞ്ചിന്റെ 82-മത് ശാഖ അൽ ഐനിൽ പ്രവർത്തനമാരംഭിച്ചു. പുതുതായി ആരംഭിച്ച അൽ ക്രയ്ർ ലുലു ഹൈപ്പർമാർക്കറ്റിനോട് ചേർന്നാണ് ഈ ശാഖ പ്രവർത്തിക്കുന്നത്. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് കീഴിലെ 233-മത് അന്താരാഷ്ട്ര ശാഖ കൂടിയാണിത്.

ലോകോത്തര നിലവാരമുള്ള ഡിജിറ്റൽ സേവനങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലുലു എക്സ്‌ചേഞ്ച് പ്രവർത്തനം വിപുലീകരിക്കുന്നതെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു.

നിരവധിപ്രവാസികൾ അധിവസിക്കുന്ന അൽ ഐനിലെ ഭാഗമാണ് അൽ ക്രയ്ർ, അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് മികച്ച സേവനം എളുപ്പം ലഭ്യമാക്കാൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2009-ൽ സ്ഥാപിതമായ ലുലു എക്‌സ്‌ചേഞ്ചിനെ യു.എ.ഇ.യിലെ ഏറ്റവും മികച്ച എക്സ്‌ചേഞ്ച് ഹൗസുകളിൽ ഒന്നായി ഫോബ്‌സ് മിഡിലീസ്റ്റ് പ്രഖ്യാപിച്ചിരുന്നു. പണമയയ്ക്കൽ, വിദേശ കറൻസി വിനിമയം, ഡബ്ള്യു.പി.എസ്. തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളാണ് ലുലു എക്സ്‌ചേഞ്ച് നൽകിവരുന്നത്. നിക്ഷേപകർക്കും കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും ലുലു പ്രീമിയർ എന്നപേരിൽ വ്യക്തിഗത സേവനങ്ങളും നടപ്പാക്കുന്നുണ്ട്.