അബുദാബി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചക്കയും ചക്കവിഭവങ്ങളും കോർത്തിണക്കിക്കൊണ്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ചക്കമേളയ്ക്ക് തുടക്കമായി. ഏപ്രിൽ ഏഴുവരെ നടക്കുന്ന ‘ലുലു ജാക്ക്ഫ്രൂട്ട് ഫെസ്റ്റ് 21’ ഖിസൈസ് ലുലുവിൽ നടന്ന ചടങ്ങിൽ സിനിമാതാരം ആൻ അഗസ്റ്റിനും അറബിതാരം അഹമ്മദ് അൽ ഹാഷിമിയും ചേർന്ന് നിർവഹിച്ചു.

ലുലു ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ. സലിം, ജെയിംസ് കെ. വർഗീസ് എന്നിവർ സംബന്ധിച്ചു. ഇന്ത്യ, മലേഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക, യുഗാൺഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 25 ഇനം ചക്കകളും അവകൊണ്ടുള്ള വിഭവങ്ങളും മൂല്യവർധിത ഉത്പന്നങ്ങളുമാണ് മേളയിലുള്ളത്. നാട്ടിൽനിന്നുള്ള തേൻവരിക്ക, താമരച്ചക്ക, ഐനിച്ചക്ക എന്നിവയെല്ലാം മേളയിലുണ്ട്.

ചക്കകൊണ്ടുള്ള ബിരിയാണി, കബാബ്, മസാല, അച്ചാർ, ഹൽവ, ജാം, സ്ക്വാഷ്, വട്ടയപ്പം, ജ്യൂസുകൾ എന്നിവയെല്ലാം പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവുംമികച്ച ചക്കയിനങ്ങളാണ് മേളയുടെ ഭാഗമായി എത്തിച്ചിരിക്കുന്നതെന്ന് എം.എ. സലിം പറഞ്ഞു. മേള ഒരാഴ്ചത്തേക്കാണെങ്കിലും ചക്കസീസൺ കഴിയുന്നതുവരെ ലുലുവിൽ ഇവ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചക്കയുടെ ഇത്രയും വ്യത്യസ്തയിനങ്ങൾ ആദ്യമായാണ് നേരിൽ കാണുന്നതെന്ന് ആൻ അഗസ്റ്റിൻ പറഞ്ഞു.