ഷാർജ : മോഷണശ്രമത്തിനിടെ ആഫ്രിക്കക്കാരുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിലേക്ക് മടങ്ങി. കാലെല്ലും ചെവിയും പൊട്ടി കിടപ്പിലായ അജ്മാൻ ടൈപ്പിങ് സെന്റർ ജീവനക്കാരൻ വയനാട് സുൽത്താൻബത്തേരി സ്വദേശി എം.എസ്. അബ്ദുൾറഷീദ് (47) ആണ് തുടർച്ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്. നാലുവർഷമായി അജ്മാൻ ടൈപ്പിങ് സെന്ററിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ച മുൻപാണ് സംഭവമുണ്ടായത്.

ജോലികഴിഞ്ഞ് അജ്മാൻ കറാമയിലെ താമസയിടത്തേക്ക് തനിച്ച് നടന്നുവരുമ്പോഴാണ് മൂന്ന് ആഫ്രിക്കക്കാർ ചേർന്ന് ആക്രമിച്ചത്.

സമയം രാത്രിയായിരുന്നു. കൈയിലുള്ള പണവും മൊബൈൽ ഫോണും തട്ടിയെടുക്കാനായിരുന്നു ശ്രമം. പക്ഷെ വേദന സഹിച്ചുള്ള റഷീദിന്റെ ചെറുത്തുനിൽപ്പിൽ അവരുടെ ശ്രമം വിജയിച്ചില്ല. മർദനമേൽക്കുന്നതിനിടയിൽ ഉച്ചത്തിൽ നിലവിളിച്ചതിനാൽ ആളുകൾ ഓടികൂടി.

അതോടെ ആഫ്രിക്കക്കാർ ഓടിരക്ഷപ്പെട്ടു. ഉടൻ അജ്മാൻ പോലീസും പാരാമെഡിക്കൽ വിഭാഗവും സ്ഥലത്തെത്തി റഷീദിന് പ്രാഥമിക ചികിത്സനൽകി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ കാലിനും ചെവിക്കുമാണ് ഗുരുതരപരിക്കേറ്റത്.

കൈയിൽ കനമുള്ള ഏതോവസ്തുക്കൾ കൊണ്ടായിരിക്കാം ആക്രമണകാരികൾ മർദിച്ചതെന്നാണ് റഷീദ് പറയുന്നത്. മേലാസകലം വേദനയും പരിക്കുമുള്ളതിനാൽ പഴയപടിയിൽ എപ്പോൾ അജ്മാനിലെത്തി ജോലിയിൽ കയറാൻ സാധിക്കുമെന്നറിയില്ല. ജീവൻ തിരിച്ചുകിട്ടിയതുമാത്രമല്ല ടൈപ്പിങ് സെന്ററിൽ പലരുടേയും ആവശ്യങ്ങൾക്കുള്ള 4,000-ത്തിലേറെ ദിർഹം നഷ്ടപ്പെട്ടില്ലല്ലോയെന്ന ആശ്വാസമുണ്ടെന്നും റഷീദ് പറഞ്ഞു.

രണ്ട് ദിവസംമുൻപാണ് റഷീദ് നാട്ടിലേക്ക് മടങ്ങിയത്. വയനാട്ടിലെ മഞ്ഞപ്പാറ ആയുർവേദ ആശുപത്രിയിലെ ചികിത്സ തേടിയ റഷീദിന് അടിയന്തരമായും കാലിനും ചെവിക്കും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അത്യാഹിതത്തിലുണ്ടായ ആശങ്കയും വേവലാതിയിലുമാണ് ഭാര്യയും മക്കളും. മുമ്പും രാജ്യത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.