അബുദാബി : തിരുവത്താഴ ഓർമകൾ പുതുക്കി വിശ്വാസികൾ പെസഹാ പെരുന്നാൾ ആചരിച്ചു. കുരിശുമരണത്തിനുമുമ്പ് സമസ്തലോകത്തിന്റെയും രക്ഷയ്ക്കായി തിരുശരീര രക്തം പങ്കിട്ടുനൽകി വിശുദ്ധ കുർബാന സ്ഥാപിച്ചതിനെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക ശുശ്രൂഷകൾ വിശ്വാസികൾക്ക് ആത്മീയാനുഭവമായി. അബുദാബി സെയ്ന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നടന്ന പ്രത്യേക പെസഹാ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ ബെന്നി മാത്യു നേതൃത്വം നൽകി.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിശ്വാസികൾക്ക് കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് ദേവാലയത്തിൽ വന്ന് ആരാധനയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് എല്ലാ ആരാധനകളും സംഘടിപ്പിക്കാൻ സാമൂഹിക വികസന വകുപ്പ് നൽകുന്ന പിന്തുണ വളരെ വലുതാണെന്ന് ദേവാലയ ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ എന്നിവർ പറഞ്ഞു. ക്രമീകരണങ്ങൾക്ക് ദേവാലയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.