ഷാർജ : ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കാൽവരിയിലെ കുരിശുമരണത്തിന്റെയും ഓർമപുതുക്കി ക്രൈസ്തവർ വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിക്കും. ഉയിർത്തെഴുന്നേൽപ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികൾ പ്രത്യേക പ്രാർഥനാപൂർവമാണ് ആചരിക്കുക. ഷാർജയിലെ വിവിധ പള്ളികളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ദുഃഖവെള്ളി ശുശ്രൂഷകൾ നടക്കുക.

ഒരേസമയം നിശ്ചിതയെണ്ണം ആളുകൾക്കുമാത്രമായിരിക്കും ശുശ്രൂഷാ ചടങ്ങുകളിൽ പങ്കെടുക്കാനാവസരം. കുർബാനയുടെ എണ്ണം കൂട്ടിക്കൊണ്ടായിരിക്കും കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകുകയെന്നും പള്ളികളിൽനിന്ന് അറിയിച്ചു. മുൻകൂട്ടി രജിസ്‌ട്രേഷൻ നടപടികളും അതത് പള്ളികളിൽ പൂർത്തിയാക്കിയിട്ടുണ്ട്. രാവിലെ മുതൽ പള്ളികളിൽ ശുശ്രൂഷ ആരംഭിക്കും. 200 മുതൽ 400 വരെ ആളുകൾക്ക് ഒരേസമയം ഷാർജയിലെ പള്ളികളിൽ പ്രവേശനം അനുവദിക്കും. ഉയിർപ്പിന്റെ ദിനമായ ഈസ്റ്ററിൽ പള്ളികളിൽ അതിരാവിലെ തന്നെ പ്രാർഥനകൾ നിർവഹിക്കും. വിശ്വാസികൾ അനുഷ്ഠിക്കുന്ന 50 ദിവസത്തെ വ്രതം ശനിയാഴ്ച വൈകീട്ട് നടക്കുന്ന കുർബാനകളോടെ അവസാനിക്കും.

യേശു അപോസ്‌തോലന്മാരുമൊത്ത് അവസാനമായി പങ്കിട്ട അത്താഴത്തിന്റെ ഓർമപുതുക്കി ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക ചടങ്ങുകളോടെ പള്ളികളിൽ പെസഹാ വ്യാഴവും ആചരിച്ചു. പള്ളികളിൽ അതത് വികാരിമാർ പ്രത്യേക ചടങ്ങുകളിൽ മുഖ്യകാർമികത്വം വഹിച്ചു. ഷാർജ സെയ്ന്റ് മേരീസ് യാക്കോബായ സിറിയൻ സുനോറോ പാത്രിയാർക്കൽ കത്തീഡ്രൽ പള്ളിയിൽ വികാരി ഫാ. എബിൻ ബേബി ഊമേലിൽ, ഫാ. ഏല്യാസ് മാത്യു എന്നിവർ കാർമികത്വം വഹിച്ചു.