ഉമ്മുൽഖുവൈൻ : റംസാനിൽ നിക്ഷേപകർക്ക് പിഴയിളവുമായി ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ്സോൺ.

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തനക്കരാർ പുതുക്കുന്നതിൽ കാലതാമസം നേരിട്ടതുമൂലം ചുമത്തപ്പെട്ട പിഴ 100 ശതമാനവും ഒഴിവാക്കിക്കൊണ്ടാണ് നിക്ഷേപകർക്ക് സഹായം ലഭ്യമാക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന വ്യവസായ സമൂഹത്തിന് കരുതലേകുന്ന തീരുമാനമാണിത്.

സുസ്ഥിരവും പ്രചോദനപരവുമായ അന്തരീക്ഷവും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുണ്യമാസത്തിൽ ഇത്തരമൊരു സഹായം ലഭ്യമാക്കുന്നതെന്ന് ഉമ്മുൽഖുവൈൻ ഫ്രീ ട്രേഡ്സോൺ ജനറൽ മാനേജർ ജോൺസൺ ജോർജ് പറഞ്ഞു. സ്ഥാപനങ്ങൾ യഥാസമയം പുതുക്കാൻ കഴിയാത്തവർക്ക് ഇതൊരു വലിയ ആശ്വാസമാകും. കോവിഡ് കാലത്തെ രണ്ടാമത്തെ റംസാനാണ് ഇപ്പോഴാചരിക്കുന്നത്. സംരംഭകരെ ചേർത്തുനിർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വിശ്വസിക്കുന്നതായും ജോൺസൺ ജോർജ് പറഞ്ഞു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് മികച്ച പ്രവർത്തന സാഹചര്യമാണ് ഫ്രീ ട്രേഡ്സോൺ ഉറപ്പാക്കുന്നത്. 7000-ത്തിൽ അധികം വരുന്ന സംരംഭകർക്ക് ബിസിനസ് തുടർച്ചയുറപ്പാക്കാനുള്ള ശ്രമങ്ങളും നിരവധി ക്ഷേമപദ്ധതികളും ഇവിടെ നടത്തിവരുന്നുണ്ട്.