അബുദാബി : റംസാൻ 19 ആയ മേയ് ഒന്ന് ശനിയാഴ്‌ച യു.എ.ഇ.ക്ക് സായിദ് ജീവകാരുണ്യ ദിനമാണ്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരമവാർഷികമായ ഈ ദിനം മാനവക്ഷേമത്തിന്റെ ഉദാത്തമായ ആശയങ്ങൾ പങ്കുവെക്കുന്ന ദിനം കൂടിയാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽ ശൈഖ് സായിദ് വിഭാവനംചെയ്ത ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിവരുന്നുണ്ട്.

മഹാമാരിയിൽ വിറങ്ങലിച്ച ലോകരാജ്യങ്ങൾക്ക് കൈത്താങ്ങായും യു.എ.ഇ. മുന്നിലുണ്ട്. അയൽരാജ്യങ്ങളുമായി മികച്ച നയതന്ത്രബന്ധമെന്ന ആശയത്തിന് വിത്തുപാകിയത് ശൈഖ് സായിദിന്റെ നയങ്ങളാണ്. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഊഷ്മള ബന്ധങ്ങൾക്ക് പിറകിലും യു.എ.ഇയുടെ ഇടപെടൽ കാണാനാവും. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, അന്താരാഷ്ട്ര സഹകരണം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലയിലെല്ലാം യു.എ.ഇ കൈവരിച്ച നേട്ടങ്ങൾ ശൈഖ് സായിദിന്റെ ആശയങ്ങളുടെ പൂർത്തീകരണമാണ്.

കോവിഡ് കാലത്ത് 130 രാജ്യങ്ങളിലേക്ക് 2000 ടൺ മെഡിക്കൽ ഉത്പന്നങ്ങളെത്തിക്കാൻ സായിദിന്റെ മാനവക്ഷേമ ആശയത്തിലൂടെ യു. എ.ഇ.ക്ക് കഴിഞ്ഞിട്ടുണ്ട്. മാനവക്ഷേമ പ്രവർത്തനങ്ങളിലൂടെ ലോകത്തിന്റെ ആദരവേറ്റുവാങ്ങിയ സായിദിനെ സ്മരിക്കുകയാണ് യു.എ.ഇ.ക്കൊപ്പം ലോകവും.