ഷാർജ : പുണ്യമാസത്തിലെ മൂന്നാംപത്തിലേക്ക് കടക്കുന്ന വെള്ളിയാഴ്ച പിന്നിട്ടു. യു.എ.ഇ.യിലെ വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർഥനാപൂർവം ഈദിനം നോമ്പിന്റെ പുണ്യത്തിലർപ്പിച്ചു. ഞായറാഴ്ചയാണ് പുണ്യമാസത്തിലെ പ്രാധാന്യമേറിയ മൂന്നാംപത്തിലേക്കുള്ള പ്രവേശനം.

മനസ്സും ശരീരവും ശുദ്ധമാക്കി നന്മയും സ്നേഹവും കാരുണ്യവും ഏറ്റവുമധികം പുലർത്തേണ്ട ദിനങ്ങളാണ് ഇനിയുള്ളതെന്ന് മലയാളിയായ ഷാർജ മസ്ജിദുൽ അസീസ് ഇമാം ഹുസൈൻ സലഫി വെള്ളിയാഴ്ചത്തെ ജുമുഅ ഖുതുബയിൽ വിശ്വാസികളെ ഓർമിപ്പിച്ചു. പള്ളികളിലും വീടുകളിലുമായി നോമ്പ് നോറ്റ വിശ്വാസികൾ പ്രാർഥന നടത്തി. പള്ളികളിൽ പതിവുള്ള തിരക്ക് അനുഭവപ്പെട്ടില്ല.