കുടുംബംപോലെ അയൽവാസികളും

ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു സമൂഹ സൃഷ്ടിപ്പിന് കെട്ടുറപ്പുള്ള ബന്ധങ്ങൾ അനിവാര്യമാണ്. ജീവിതം സന്തോഷദായകമാകണമെങ്കിൽ, മനുഷ്യബന്ധങ്ങൾക്ക് കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. കുടുംബബന്ധംപോലെ, സുഹൃദ്‌വലയം പോലെ സുദൃഢമായിരിക്കണം നമ്മുടെ അയൽപക്ക ബന്ധവും.

അയൽക്കാരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കണമെന്ന് അല്ലാഹു കല്പിച്ചിട്ടുണ്ട്. ദൈവിക സന്ദേശവുമായി പ്രവാചകൻ മുഹമ്മദ് നബി (സ്വ) യുടെ സമീപം വരാറുള്ള ജിബ്രീൽ മാലാഖ പലപ്പോഴും അയൽപക്ക ബന്ധത്തിന്റെ മഹത്ത്വവും പവിത്രതയും അതു കാത്തുസൂക്ഷിക്കേണ്ടതിന്റെ ഗൗരവവും പരാമർശിക്കാറുണ്ടായിരുന്നു. ജിബ്രീലിന്റെ ഈ അയൽവാസീ പരിഗണന വിലയിരുത്തി നബി പ്രസ്താവിച്ചു: ‘‘അയൽവാസികൾക്ക് പരേതന്റെ സ്വത്തിൽ അവകാശം നൽകണമെന്ന് നിയമം വന്നേക്കുമോ എന്നുപോലും താൻ ചിന്തിച്ചുപോയി’’ എന്ന്.

അയൽക്കാരോട് സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറണമെന്നും അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കാളികളാവണമെന്നും നബി അനുചരരെ നിരന്തരം ഉണർത്തി. ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കണമെങ്കിൽ അയൽവാസി എന്ത് പറയുന്നു എന്ന് നോക്കിയാൽ മതിയെന്നാണ് പ്രവാചക പാഠം. അയൽക്കാരുടെ താത്പര്യങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുഖവിലക്കെടുക്കാത്തവന്റെ വിശ്വാസംപോലും അപൂർണമാണെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. നബി (സ്വ) പറഞ്ഞു: എന്റെ ശരീരം ആരുടെ സംരക്ഷണത്തിലാണോ, അവൻ തന്നെ സത്യം! സ്വശരീരത്തിന് ഇഷ്ടപ്പെടുന്നത് തന്റെ അയൽക്കാരനും ഇഷ്ടപ്പെടുന്നതുവരെ ഒരാളും പൂർണ വിശ്വാസിയാവുകയില്ല (ബുഖാരി, മുസ്‌ലിം). സ്വന്തം വീടിന്റെ ചുറ്റുവട്ടത്ത് സ്ഥിതിചെയ്യുന്ന നാല്പത് വീടുകൾവരെ വ്യാപിക്കുന്നതാണ് അയൽപക്ക ബന്ധമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. സാമൂഹിക ഭദ്രതയ്ക്കും കെട്ടുറപ്പിനും അയൽക്കാർ അനിവാര്യഘടകമാണെന്ന് ഇസ്‌ലാം നിരന്തരം ഓർമപ്പെടുത്തി.

വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിലെ 36-ാം സൂക്തം ഇങ്ങനെയാണ്: ‘നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക; അവനോട് പങ്കുചേർക്കാതിരിക്കുക. മാതാപിതാക്കൾ, ബന്ധുക്കൾ, അനാഥകൾ, അഗതികൾ, ബന്ധുവോ അന്യനോ ആയ അയൽക്കാരൻ, സഹവാസികൾ, സഞ്ചാരികൾ, ദാസന്മാർ എന്നിവരോടൊക്കെ നല്ല രീതിയിൽ വർത്തിക്കുക. അഹങ്കാരിയെയും ദുരഭിമാനിയെയും അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല’.

നാലു കാര്യങ്ങളാൽ മനുഷ്യന് ജീവിത സൗഭാഗ്യമുണ്ടാകുമെന്നും അതിലൊന്ന് നല്ലൊരു അയൽവാസിയുണ്ടാകലാണെന്നും നബി പഠിപ്പിച്ചു. അവർ ഏതു സമുദായക്കാരാണെങ്കിലും വേണ്ടപോലെ പരിഗണിക്കണമെന്നാണ് ഇസ്‌ലാമിന്റെ നിഷ്‌കർഷ. അബ്ദുല്ലാഹിബ്നു ഉമറിന്റെ വീട്ടിൽ, തന്റെ വേലക്കാരൻ ആടിനെയറുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അറവു കഴിഞ്ഞാൽ ആദ്യം മാംസം നൽകേണ്ടത് നമ്മുടെ അയൽവാസിയായ ജൂതകുടുംബത്തിനാണെന്ന് ഇബ്നു ഉമർ അവനു നിർദേശംനൽകി. ഇതുകേട്ട കൂടെയുള്ള ഒരാൾ ചോദിച്ചു: ‘‘നിങ്ങൾക്കെന്തുപറ്റി? ജൂത കുടുംബത്തിനു നൽകുകയോ?’’ ഇബ്നു ഉമറിന്റെ പ്രതികരണം ഇതായിരുന്നു: ‘‘അയൽക്കാരോട് ഉത്തമ സമീപനമുണ്ടാകണമെന്ന് മുഹമ്മദ് നബി നിരന്തരം ഉപദേശിച്ചിട്ടുണ്ട്.’’