ദുബായ് : നഗരത്തിലെ പൊതുപാർക്കുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് മുനിസിപ്പാലിറ്റി വിലക്കേർപ്പെടുത്തി. പല എമിറേറ്റുകളിലും ഇതിനകം തന്നെ ഇ-സ്‌കൂട്ടറുകളുമായി പാർക്കുകളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പാർക്കുകളിൽ അനുവദിച്ചിട്ടുള്ള ഉല്ലാസങ്ങൾക്കായി മാത്രമെത്തുന്നവരുടെ സുരക്ഷയും സ്വകാര്യതയും പരിഗണിച്ചാണിത്. പാർക്കുകളിൽ ആളുകൾക്ക് നടക്കാനായി ഒരുക്കിയ വഴികളിലൂടെയുള്ള ഇരുചക്രവാഹന ഉപയോഗം അപകടങ്ങൾക്ക് കാരണമായേക്കും. എല്ലാവരും മുന്നറിയിപ്പ് പാലിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ഇ-സ്‌കൂട്ടറിന്റെ സുരക്ഷിതമായ ഉപയോഗം വിലയിരുത്തുന്നതിനായി ഒരുവർഷമായി അഞ്ചിടങ്ങളിൽ ഇവയുടെ യാത്രകൾ പരിശോധിച്ചു വരികയായിരുന്നു. നിലവിൽ 14 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മിനിറ്റിന് 50 ഫിൽ‌സ് നിരക്കിൽ നഗരത്തിലെങ്ങും ഇ-സ്‌കൂട്ടർ ലഭ്യമാണ്. വാഹനം ഓൺ ചെയ്യുന്നതിന് മൂന്നുദിർഹവും നൽകണം. സ്വന്തമായി വാഹനമുള്ളവരും അനുവദനീയമായ ഇടങ്ങളിലൂടെ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.