അബുദാബി : ആണവനിലയത്തിൽ സാങ്കേതിക തകരാറുകളടക്കമുള്ള വെല്ലുവിളികളുണ്ടായാൽ കൈക്കൊള്ളേണ്ട നടപടികൾ സമഗ്രമായി വിശകലനം ചെയ്യാൻ ബറാഖയിൽ സുരക്ഷാപരിശോധന നടത്തും. 170-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാവും നൂതനവും സങ്കീർണവുമായ പരിശോധനകൾ നടപ്പാക്കുക.

2021 അവസാന മൂന്നുമാസങ്ങളിൽ നടത്തുന്ന പരിശോധനയ്ക്ക് ഇതിനകം രാജ്യങ്ങളെ ക്ഷണിച്ചുകഴിഞ്ഞതായി ദേശീയ അത്യാഹിത, ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. 'ബറാഖ യു.എ.ഇ' എന്ന് പേരുനൽകിയിരിക്കുന്ന അത്യന്തം സങ്കീർണമായ ഈ പരിശോധന അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സഹകരണത്തോടെയാണ് നടപ്പാക്കുക. ആണവ റിയാക്ടറുകളുടെ പ്രവർത്തനക്ഷമതയും തകരാറുകളോട് പ്രതികരിക്കാനെടുക്കുന്ന സമയക്രമങ്ങളും വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ മൂന്നുമുതൽ അഞ്ചുവർഷത്തിനിടയിൽ ഒരിക്കൽ ഇത്തരം പരിശോധന നടപ്പാക്കും.

ആണവനിലയത്തിലെ ഏതെങ്കിലുംവിധത്തിലുള്ള തകരാറുകൾ ജനങ്ങൾക്കും സാമൂഹികസുരക്ഷയ്ക്കും പരിസ്ഥിതിക്കും ബാധ്യതയാവരുതെന്ന കരുതലും ഇതിനുപിറകിലുണ്ട്. എമിറേറ്റ്സ് ആണവോർജ കോർപ്പറേഷൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം എന്നിവയുമായി ചേർന്ന് ദേശീയ അത്യാഹിത, ദുരന്തനിവാരണ അതോറിറ്റിയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുക.

നാല് റിയാക്ടർ യൂണിറ്റുകളാണ് അൽ ദഫ്‌റയിൽ സ്ഥിതിചെയ്യുന്ന യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ബറാഖ ആണവനിലയത്തിലുള്ളത്. ഇതിൽ ആദ്യയൂണിറ്റിൽനിന്ന്‌ വ്യാവസായിക ആവശ്യത്തിനുള്ള വൈദ്യുതിയുത്പാദനത്തിന് ഇതിനകം തുടക്കമായിക്കഴിഞ്ഞു. മൂന്ന് യൂണിറ്റുകളുടെയും നിർമാണം അന്തിമഘട്ടത്തിലാണ്.

യൂണിറ്റിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആണവോർജം വൈദ്യുതിയാക്കിമാറ്റി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുക. നിലയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഇലക്ട്രിക്കൽഗ്രിഡ് വഴിയാണ് വിതരണംചെയ്യുക. സുസ്ഥിര ഊർജനിർമാണത്തിലൂടെ 210 ലക്ഷം ടൺ കാർബൺഡയോക്സൈഡ് മാലിന്യം പുറന്തള്ളുന്നത് ഇതിലൂടെ ഒഴിവാക്കാനാവും.

നാല് യൂണിറ്റുകളും പ്രവർത്തനക്ഷമമാവുന്നതോടെ യു.എ.ഇ.യുടെ മൊത്തം വൈദ്യുതോർജ ഉത്പാദനത്തിന്റെ 25 ശതമാനവും ബറാഖയിൽനിന്ന്‌ ലഭ്യമാക്കും.