അബുദാബി : യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്‌ചയും മഴ ലഭിച്ചു. രാവിലെ മുതൽ നേരിയ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു. അൽ ഐൻ, ദുബായ്, ഷാർജ, അജ്‌മാൻ, ഫുജൈറ എന്നിവിടങ്ങളിൽ മഴ ലഭിച്ചു. റാസൽഖൈമയിലെ ജെബൽ ജൈസിൽ രേഖപ്പെടുത്തിയ 15.8 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ നാല് ദിവസമായി യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ മഴപെയ്യുന്നുണ്ട്.

ക്ലൗഡ് സീഡിങ് നടത്തിയാണ് മഴ പെയ്യിക്കുന്നത്. ബുധനാഴ്ചയാണ് കഴിഞ്ഞ നാളുകളിൽ ലഭിച്ച ഏറ്റവും കനത്ത മഴ യു.എ.ഇയിൽ പെയ്തത്. 27.7 മില്ലീമീറ്റർ മഴയാണ് ദിബ്ബയിൽ ലഭിച്ചത്. ഫുജൈറയിലെ വാദികളും റോഡുകളുമെല്ലാം മഴവെള്ളം കൊണ്ട് നിറഞ്ഞിരുന്നു. വരും ദിവസങ്ങളിലും കാര്യമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷവും പൊടിക്കാറ്റുമുണ്ടാവും. വാഹനമോടിക്കുന്നവർ ഗതാഗത വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം.