ദുബായ് : കഷ്ടതയനുഭവിക്കുന്ന ലോകത്തിന്റെ വിശപ്പകറ്റാൻ ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി കൈകോർത്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് (എം.ബി.ആർ.ജി.ഐ.). പാലസ്തീനിലും ജോർദാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്കും നേരിട്ട് ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണിത്. ഇതുമായി ബന്ധപ്പെട്ട ‘100 മില്യൺ മീൽസ്’ ഉടമ്പടിയിൽ ഇരുപ്രസ്ഥാനങ്ങളും ഒപ്പുവെച്ചു.

മിഡിലീസ്റ്റ്, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 30 രാജ്യങ്ങളിൽ റംസാനിൽ ഭക്ഷണം ലഭ്യമാക്കുന്ന അറബ് ലോകത്തെതന്നെ വേറിട്ട പദ്ധതിയാണിത്. എം.ബി.ആർ.ജി.ഐ. അസി.സെക്രട്ടറി ജനറൽ സായിദ് അൽ ഇതർ, വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ അബ്ദുൽമജീദ് യഹിയ എന്നിവർ ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇതുപ്രകാരം 20.5 ദശലക്ഷം ഭക്ഷണപ്പൊതികൾ 100 മില്യൺ മീൽസ് പദ്ധതിയിലൂടെ ഐക്യരാഷ്ട്ര സഭ വിതരണംചെയ്യും. മാനവക്ഷേമപ്രവർത്തനത്തിൽ സമഗ്രസംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങളെന്ന നിലയ്ക്ക് അവശതയനുഭവിക്കുന്ന വിഭവങ്ങളിലേക്ക് സഹായങ്ങൾ കൃത്യമായെത്തും. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഈ ഭക്ഷണവിതരണ പദ്ധതിക്ക് തുടക്കംകുറിച്ചത്.