ദുബായ് : സാമൂഹിക മാധ്യമങ്ങളിൽ പെട്ടെന്ന് വൈറലാവാൻ റോഡിലിറങ്ങി പണം വാരിയെറിഞ്ഞ യൂറോപ്യൻ വ്യവസായിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് ലക്ഷം ദിർഹം പിഴയും ചുമത്തി. അൽഖൂസ് വ്യവസായ മേഖലയിൽ കാറിലെത്തിയ ഇയാൾ ഒരുകൂട്ടം തൊഴിലാളികൾക്ക് മുന്നിലാണ് അഭ്യാസം നടത്തിയത്. തൊഴിലാളികൾക്ക് മുന്നിലേക്ക് നോട്ടുകൾ വാരിവിതറുന്നതും തൊഴിലാളികൾ അതെടുക്കാൻ ഓടിയെത്തുന്നതുമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. തുടർന്നാണ് അറസ്റ്റ്. ഒരു ഏഷ്യൻ സ്വദേശിയിൽനിന്ന്‌ 1000 ദിർഹത്തിന് 7,40,000 വ്യാജ ഡോളർ തനിക്ക് ലഭിച്ചതായും ഇയാൾ പോലീസിനോട് സമ്മതിച്ചു.

തന്റെ ആഡംബരജീവിതം പുറത്തറിയിക്കാൻകൂടിയാണ് ഈ പ്രവൃത്തി ചെയ്തതെന്നും ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളോവേഴ്‌സിനെ നേടുന്നതിനായാണ് വ്യാജ കറൻസി നോട്ടുകൾ റോഡിൽ വാരിയെറിഞ്ഞതെന്നും ഇദ്ദേഹം ദുബായ് കോടതിയിലും ബോധിപ്പിച്ചിരുന്നു. അതിനിടെ പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിൽ വ്യാജകറൻസി വിൽപ്പന നടത്തിയിരുന്ന ഏഷ്യൻ സ്വദേശിയെ അറസ്റ്റുചെയ്തു.