ഷാർജ : കേന്ദ്രസർക്കാർ വാക്കുപാലിച്ചില്ല, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ നടപ്പാക്കുമെന്ന് പറഞ്ഞ ഇ - തപാൽ വോട്ട് ഈ നിയമസഭാതിരഞ്ഞെടുപ്പിലും പ്രാബല്യത്തിൽ വരില്ലെന്ന് ഉറപ്പായി. പ്രവാസികൾക്കും സമ്മതിദാനാവകാശമെന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ തത്കാലം പ്രവാസികൾക്ക് ഇ - തപാൽ വോട്ടിനും സാഹചര്യമൊരുങ്ങിയിട്ടില്ലെന്ന് അറിയിച്ചു. പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് സംവിധാനം പൂർണമായും ഡിജിറ്റൽവത്കരിച്ച കാലത്താണ് ഇന്ത്യ സാങ്കേതികത്വം പറഞ്ഞ് പിന്നോട്ടുപോകുന്നത്. ഈ പ്രാവശ്യവും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ആഗ്രഹം സഫലമാകാത്ത പ്രതിഷേധം പ്രവാസികൾ പ്രതികരണങ്ങളായി അറിയിക്കുന്നു.

സമരമാർഗം സ്വീകരിക്കുന്നത് ശരിയല്ല

ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിലും പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കില്ലെന്നത് വേദനാജനകമാണ്. എന്നാൽ സമ്മതിദാനാവകാശം ലഭിക്കാനായി പ്രവാസികൾ സമരമാർഗം സ്വീകരിക്കുന്നത് ശരിയല്ലെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സാങ്കേതിക പരിമിതികളും മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനതകൾ പരിഹരിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികൾക്ക് വോട്ടുചെയ്യാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഷാർജ ഇന്ത്യൻ അസോസിയേഷൻ

ബാലറ്റിലൂടെ പ്രതികരിക്കണം

ലക്ഷക്കണക്കിന് പ്രവാസികളെ കേന്ദ്രസർക്കാർ ബോധപൂർവം വഞ്ചിക്കുകയാണെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി പറഞ്ഞു. പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കാനായി കേന്ദ്രത്തിൽ യാതൊരു സമ്മർദവും കേരളം ചെലുത്തിയില്ല. പ്രവാസികൾ കേരളത്തിൽ വോട്ടുചെയ്യാൻ കൂട്ടത്തോടെയെത്തിയാൽ ഇടതുപക്ഷത്തിന് ജനവിധി എതിരാവുമെന്ന് ബോധ്യമുള്ളതിനാലാണ് കേരളം ശ്രമിക്കാതിരുന്നത്. വരുന്നതിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങൾ അതിനെതിരേ ബാലറ്റിലൂടെ പ്രതികരിക്കുമെന്നാണ് വിശ്വാസം.

ഇൻകാസ് യു.എ.ഇ. കമ്മിറ്റി

നിയമപരമായി പോരാടും

പ്രവാസി വോട്ടവകാശത്തിനായി കേന്ദ്ര, കേരള സർക്കാരിനുമുന്നിലും തിരഞ്ഞെടുപ്പ് കമ്മിഷൻ, കോടതി എന്നിവ സമക്ഷവും നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും അനുകൂല നടപടികൾ ലഭിക്കുന്നില്ല. നിവേദനങ്ങൾ പാഴ്‌വേലയാകുന്നുവെന്ന് ബോധ്യപ്പെടുന്ന സാഹചര്യമാണെന്നും ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ഇനിയും നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെയാണ് തീരുമാനം. നിയമപരമായി പോരാടുകതന്നെ ചെയ്യും.

ഇൻകാസ് ഷാർജ

ദുഷ്‌പ്രചാരണം

ഗൾഫിലെ പ്രവാസികളെ കേന്ദ്രം തഴയുകയാണെന്നത് ദുഷ്‌പ്രചാരണവും രാഷ്ട്രീയാഭിപ്രായവും മാത്രമാണെന്ന് ബി.ജെ.പി. സഹയാത്രികയും ഇന്ത്യൻ പീപ്പിൾ ഫോറം (ഐ.പി.എഫ്.) പ്രതിനിധിയുമായ ശിൽപ്പ നായർ പറഞ്ഞു. ഇ- തപാൽ വോട്ടിനെക്കുറിച്ച് ആലോചിക്കാനായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൾഫിലെ പ്രവാസി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ആദ്യം പ്രവാസി വോട്ട് നടപ്പാക്കുകയെന്ന് അറിയിച്ചിരുന്നു. ഗൾഫുരാജ്യങ്ങളിലെ ഇന്ത്യക്കാരെ തഴയുന്നുവെന്ന് അതിനർഥമില്ല.

ഇന്ത്യൻ പീപ്പിൾ ഫോറം

അനാസ്ഥയും അനീതിയും

പ്രവാസികളെ കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് കബളിപ്പിക്കുകയാണെന്ന് ഒ.ഐ.സി.സി. പ്രസിഡന്റ് ബിജു എബ്രഹാം കുറ്റപ്പെടുത്തി. 2014-ലെ തിരഞ്ഞെടുപ്പിൽത്തന്നെ പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കണമെന്ന് കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെ നടപ്പായില്ല. തികഞ്ഞ അനാസ്ഥയും അനീതിയുമാണിത്. പ്രവാസികൾക്ക് വോട്ടിനായി അടിയന്തരനിയമനിർമാണമാണ് ആവശ്യം, അതിന് കേന്ദ്രം തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം.

ഷാർജ ഒ.ഐ.സി.സി.

നിരാശാജനകം

ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള പ്രധാന മാനദണ്ഡം പൗരത്വമാണ്. എന്നാൽ പ്രവാസി ഇന്ത്യക്കാർക്ക് പൗരത്വമുണ്ട്, വോട്ടില്ല എന്നതാണ് പ്രശ്‌നമെന്ന് യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റി പറഞ്ഞു. പല ഘട്ടങ്ങളിയായി ചർച്ചകൾ നടന്നെങ്കിലും ഈ തിരഞ്ഞെടുപ്പിലും പ്രവാസികൾക്ക് വോട്ടില്ലെന്നത് നിരാശാജനകംതന്നെ.

യുവകലാസാഹിതി

ജനകീയപോരാട്ടം അനിവാര്യം

പ്രവാസി സമൂഹത്തോട് കേന്ദ്രം ചിറ്റമ്മനയമാണ് പുലർത്തുന്നതെന്ന് മാസ് ഷാർജ സെക്രട്ടറി രാജേഷ് നെട്ടൂർ പറഞ്ഞു. പ്രവാസികളുടെ ജനാധിപത്യാവകാശം ലഭിക്കാൻ വലിയ ജനകീയ പോരാട്ടം അനിവാര്യമായ സന്ദർഭമാണിത്. മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് അതാത് വിദേശരാജ്യങ്ങളിൽ വോട്ടവകാശത്തിനുള്ള സാഹചര്യമൊരുക്കുമ്പോൾ ഇന്ത്യ പിന്നോട്ടുപോവുകയാണ്.

മാസ് ഷാർജ

അകറ്റിനിർത്തപ്പെടുന്നു

വോട്ടുവേണം എന്നത് തന്നെയാണ് പ്രധാന ആവശ്യമെന്ന് ഷാർജ മന്നം സാംസ്കാരിക സമിതി (മാനസ്) പ്രസിഡന്റ് രഘുകുമാർ മണ്ണൂരത്ത് പറഞ്ഞു. പ്രവാസികളുടെ ഒട്ടേറെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തത്തിന് കാരണം അവർ ജനാധിപത്യത്തിൽ നിന്നും അകറ്റിനിർത്തപ്പെടുന്നുവെന്നതാണ്.

ഷാർജ മാനസ്

പ്രതിഷേധാർഹം

പ്രവാസികളോട് കേന്ദ്രസർക്കാർ നിരന്തരം കാണിക്കുന്ന അവഗണനയുടെ തുടർച്ച മാത്രമാണിത്. പ്രവാസലോകം ഏറെ പ്രകീർത്തിച്ചതായിരുന്നു പ്രവാസികൾക്ക് അനുവദിച്ച വോട്ടവകാശം. അത് സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ നടപ്പാക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കാത്തത് പ്രതിഷേധാർഹം തന്നെയാണെന്ന് കെ.എസ്.സി. പ്രസിഡന്റ് വി.പി. കൃഷ്ണകുമാറും ജനറൽ സെക്രട്ടറി ലൈന മുഹമ്മദും അഭിപ്രായപ്പെട്ടു.

കേരളാ സോഷ്യൽ സെന്റർ

അവകാശനിഷേധം

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരവും ആവശ്യങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യവും ലഭിക്കണമെങ്കിൽ വോട്ടവകാശമുള്ള സമൂഹമായി മാറിയേ പറ്റു. ഏറെനാളായി ലഭ്യമാക്കുമെന്ന് പറയുന്ന വോട്ടവകാശത്തിനുവേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരുന്നത് അവകാശനിഷേധത്തിന് തുല്യമാണെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് സലിം ചിറക്കൽ അഭിപ്രായപ്പെട്ടു.

മലയാളി സമാജം