ദുബായ് : സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട സഞ്ചാരയിടമായ ദുബായ് ക്രീക്കിലെ പരമ്പരാഗത മാതൃകയിലുള്ള പുതിയ അബ്രയിൽ നിരക്ക് രണ്ട് ദിർഹമാക്കി. ദുബായ് നഗരത്തേക്കാളേറെ ചരിത്രമുറങ്ങുന്ന ക്രീക്ക് മുറിച്ചുകടക്കുന്നതിന് ഇതുവരേക്കും ഒരു ദിർഹമായിരുന്നു നിരക്ക്. ബർദുബായിയെയും ദേരയെയും ബന്ധിപ്പിക്കുന്ന ഇതിലൂടെ പണം നൽകി അബ്രയിൽ യാത്രചെയ്യുകയെന്ന നിലയിൽ മാത്രമായിരുന്നില്ല ഒരിക്കലും സ്വദേശികളും വിദേശികളും ഇതിനെ സമീപിച്ചിരുന്നത്. ഈ യാത്ര ദുബായ് നഗരത്തിന്റെ ഹൃദയത്തിലൂടെയുള്ള തീർഥാടനം കൂടിയായിരുന്നു പലർക്കും.

സുരക്ഷാ നിലവാരമുയർത്തിയതെങ്കിലും പരമ്പരാഗത മാതൃകയിലുള്ള പുതിയ അബ്രകൾ കഴിഞ്ഞവർഷമാണ് ആർ.ടി.എ. പുറത്തിറക്കിയത്. അൽ ഫാഹിദിയിൽനിന്ന്‌ പഴയ ദേര സൂഖിലേക്കുള്ള യാത്രയ്ക്കാണ് രണ്ടുദിർഹം നിരക്ക് ഏർപ്പെടുത്തിയതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) വ്യക്തമാക്കി. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടുമുതൽ രാത്രി 10.45 വരെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 11.45 വരെയുമാണ് പുതിയ നിരക്ക് ഈടാക്കുക. പഴയ അബ്രയും പുതിയതും തമ്മിൽ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് കാഴ്ചയിൽ പ്രകടമാവുക. വാഹനം നിയന്ത്രിക്കുന്നയാളുടെ ഇരിപ്പിടം അല്പം ഉയർത്തി, നിശ്ചയദാർഢ്യക്കാർക്ക് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കി, ജി.പി.എസ്., ക്യാമറകൾ, നോൽ പേയ്‌മെന്റ് സംവിധാനം എന്നിവയെല്ലാം ഉൾപ്പെടുത്തിയതാണ് വ്യത്യാസമെന്ന് ആർ.ടി.എ. ജലഗതാഗതവകുപ്പ് ഡയറക്ടർ മൊഹമ്മദ് അബൂബക്കർ അൽ ഹാഷിമി പറഞ്ഞു. ആഫ്രിക്കൻ തേക്കിൽ 35 അടി നീളത്തിലും 10.5 അടി വീതിയിലുമാണ് പുതിയ അബ്രയൊരുക്കിയിട്ടുള്ളത്. 20 പേരെ ഒരേസമയം വഹിക്കാനാവും. ജലഗതാഗത രംഗത്ത് സമഗ്ര പരിഷ്കാരങ്ങൾ ലഭ്യമിട്ടുകൊണ്ടുള്ള പഞ്ചവത്സര പദ്ധതിയാണ് ദുബായ് നടപ്പാക്കാനൊരുങ്ങുന്നത്.