ദുബായ് : നിലവിൽ ഗൾഫിലെവിടെയും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം അധികൃതർ. എന്നാൽ, ജാഗ്രതയോടെ മുന്നോട്ടുനീങ്ങണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒമാനിൽ ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടെന്ന തരത്തിൽ സാമൂഹികമാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്നും രാജ്യത്ത് കോവിഡ് പ്രതിരോധനടപടികളെല്ലാം ശക്തമാണെന്നും ഒമാൻ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു. ഗൾഫിലുടനീളം കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളാണ് തുടരുന്നത്. ഒമിക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ. ഉൾപ്പെടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അവിടേക്കുള്ള വിമാനസർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു മാസത്തോളമായി പ്രതിദിന കോവിഡ്ബാധിതരുടെ എണ്ണത്തിലും വലിയ കുറവാണ് ഗൾഫിലുടനീളം രേഖപ്പെടുത്തുന്നത്. കോവിഡ് മരണസംഖ്യയും കുറഞ്ഞു. ഒമാനിൽ അഞ്ചുദിവസത്തിനിടെ 35 പേരിൽ മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 54 പേർ രോഗമുക്തി നേടി. പുതിയ മരണങ്ങളില്ല. നാല് പേർ മാത്രമാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. യു.എ.ഇ.യിൽ ചൊവ്വാഴ്ച 65 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 77 പേർ രോഗമുക്തി നേടുകയും ചെയ്തു.