ദുബായ് : യു.എ.ഇ.യുടെ ദേശീയദിനാഘോഷങ്ങൾ നേരിട്ടുകാണാനും ആസ്വദിക്കാനും പറ്റിയ സ്ഥലങ്ങളാണ് ദുബായ് എക്സ്‌പോ-2020, ഹത്ത, ദുബായ് ബ്ലൂ വാട്ടേഴ്‌സ് ഐലൻഡ്, യാസ് ഐലൻഡ് അബുദാബി, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങൾ. എക്സ്‌പോ-2020 വേദികളിൽ വെടിക്കെട്ടും പ്രത്യേക പ്രകടനങ്ങളും പരേഡും നടക്കും. വിദ്യാർഥികൾക്കും കുഞ്ഞുങ്ങൾക്കും 60 വയസ്സിനുമുകളിലുള്ളവർക്കും നിശ്ചയദാർഢ്യമുള്ളവർക്കും പ്രവേശനം സൗജന്യമാണെങ്കിലും മറ്റുള്ളവർക്ക് ഡിസംബറിലെ സീസണൽ ഫെസ്റ്റീവ് പാസിന് 95 ദിർഹം ഈടാക്കും. അതേസമയം, വീട്ടുജോലിക്കാർക്കും ഡ്രൈവർമാർക്കും സീസൺ പാസുകൾ സൗജന്യമാണ്. എക്സ്‌പോ-2020 പ്രവേശനം ദേശീയദിന അവധിയിൽ രാവിലെ ഒമ്പതുമുതൽ പിറ്റേന്ന് പുലർച്ചെ രണ്ടുമണിവരെയാണ്. ഡിസംബർ ഒന്നുമുതൽ മൂന്നുവരെയാണ് ആഘോഷങ്ങൾ.

എക്സ്‌പോ-2020 ദുബായ്

എക്സ്‌പോ-2020 വേദികളിൽ രണ്ടിന് രാവിലെ 10.15 മുതൽ പരിപാടികൾ ആരംഭിക്കും. അൽ വാസൽ പ്ലാസയിലെ പതാക ഉയർത്തൽ ചടങ്ങുകളോടെയാണ് തുടക്കം. കുട്ടികളുടെ ഗായകസംഘം ദേശീയഗാനം ആലപിക്കും. തുടർന്ന്, പ്രഭാഷണങ്ങളും 60 ഇമറാത്തി കലാകാരൻമാർ പങ്കെടുക്കുന്ന പരമ്പരാഗത കലാപരിപാടികളും നടക്കും.

ഉച്ചയ്ക്ക് 12.45-ന് ദുബായ് പോലീസിന്റെയും യു.എ.ഇ. ആഭ്യന്തരമന്ത്രാലയത്തിന്റെയും പ്രത്യേകപരിപാടിയുണ്ടാകും. ഒരുമണിക്ക് അറബി കവി അവതരിപ്പിക്കുന്ന പ്രത്യേകപരിപാടി. തൊട്ടുപിന്നാലെ ദുബായ് പോലീസിന്റെ ഏരിയൽ ഷോ നടക്കും. യു.എ.ഇ. എയർഫോഴ്‌സ് എയ്‌റോബാറ്റിക്സ് ടീം അൽ ഫർസാൻ ഫ്ളൈ ഓവർ പ്രദർശനവും നടത്തും. 3.15-ന് ഇമറാത്തി ഗായിക ഫാത്തിമ സഹ്‌റത്ത് അലൈന്റെ സംഗീതപരിപാടി അൽ വാസൽ പ്ലാസയിലുണ്ടാകും. വൈകീട്ട് നാലുമുതൽ ആറുവരെ മില്ലേനിയം ആംഫി തിയേറ്ററിൽ ലൈവ് സ്റ്റേജ് ഷോ.

5.30-ന് ഹത്തയിൽനിന്നുള്ള യു.എ.ഇ.യുടെ ഔദ്യോഗിക ദേശീയദിനാഘോഷപരിപാടികൾ എക്സ്‌പോയിലെ ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും തത്സമയം കാണാനാവും. രാത്രി 7.30-നും 10.15-നും അൽ വാസൽ പ്ലാസയിൽ 200-ലേറെ ആളുകളുടെ 50 സ്റ്റേജ് ഷോകൾ അരങ്ങേറും. എട്ടുമണിക്ക് കരിമരുന്നുപ്രയോഗം കാണാം. ദേശീയദിന അവധിദിനങ്ങളിലെല്ലാം സന്ദർശകർക്ക് കരിമരുന്നുപ്രയോഗം കാണാനാവും. 8.30-ന് ഇമറാത്തി ഗായിക ഈദ അൽ മെൻഹാലിയുടെ പ്രകടനം ജൂബിലി സ്റ്റേജിൽ. കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും ലഭിച്ചവർക്കുമാത്രമാണ് എക്സ്‌പോ-2020 പ്രവേശനം. അല്ലെങ്കിൽ, 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് ഫലം കാണിക്കണം. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ടെസ്റ്റിങ് സംവിധാനം എക്സ്‌പോ 2020 വേദിക്ക് സമീപം ഒരുക്കിയിട്ടുണ്ട്.

ഹത്ത

യു.എ.ഇ.യുടെ ഔദ്യോഗിക ദേശീയദിനാഘോഷങ്ങൾ ഹത്തയിൽ നടക്കും. രണ്ടിന് വൈകീട്ട് 5.30-ന് ഇത് തത്സമയം സംപ്രേഷണം ചെയ്യും. പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനമില്ല. എന്നാൽ, യു.എ.ഇ.യുടെ ദേശീയദിന വെബ്‌സൈറ്റിലൂടെയും എല്ലാ പ്രാദേശിക ടി.വി. ചാനലിലും എക്സ്‌പോ-2020 ദുബായ് സ്‌ക്രീനുകളിലും തത്സമയം കാണാനാവും. ഈ മാസം നാലുമുതൽ 12 വരെ പൊതുജനങ്ങൾക്കായി പ്രത്യേക പരിപാടിയുണ്ടാകും. കോവിഡ് വാക്സിൻ രണ്ട് ഡോസും എടുത്തവർക്കോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് ഫലം കാണിക്കുന്നവർക്കോ മാത്രമാണ് ഇതിലേക്ക് പ്രവേശനം.

ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് ദുബായ്

ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നൂറുകണക്കിന് പരിപാടികളാണ് നടക്കുന്നത്. ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസിനടുത്തുള്ള ദി പോയിന്റ്, പാം ജുമൈറ എന്നിവിടങ്ങളിലുൾപ്പെടെ വെടിക്കെട്ടുണ്ടാകും. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിൽ ഈമാസം ഒന്നുമുതൽ മൂന്നുവരെ വൈകീട്ട് 6.30മുതൽ രാത്രി 10 മണിവരെ ലൈറ്റ് ഷോകളുണ്ടാകും. ഇവിടെ സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളിൽ ഹത്തയിലെ ഔദ്യോഗിക ആഘോഷങ്ങളുടെ സംപ്രേഷണം കാണാം. രണ്ടിന് രാത്രി 8.30-ന് മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വെടിക്കെട്ട് നടക്കും. ബ്ലൂവാട്ടേഴ്‌സ് ഐലൻഡിൽ വിപുലമായ ഭൂഗർഭപാർക്കിങ് സൗകര്യം ലഭ്യമാണ്. കൂടാതെ, ജെ.ബി.ആർ. ബീച്ചിൽനിന്ന് കാൽനടയായും ഇവിടെയെത്താം. സന്ദർശകർ വാക്സിനെടുത്തതിന്റെ രേഖയോ കോവിഡ് നെഗറ്റീവ് പരിശോധനാഫലമോ കരുതേണ്ടതില്ല.

യാസ് ഐലൻഡ് അബുദാബി

അബുദാബി കോർണിഷിൽ യാസ് ഐലൻഡ്, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ രാത്രി ഒമ്പതുമണിക്ക് വെടിക്കെട്ടുണ്ടാകും. അൽ മരിയ ദ്വീപ്, ബവാബത്ത് അൽ ഷർഖ് മാൾ എന്നിവിടങ്ങളും പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. യാസ് ദ്വീപിൽ വൈകീട്ട് അഞ്ചുമുതൽ രാത്രി 10 വരെ വിനോദപരിപാടികളുണ്ടാകും. കോവിഡ് സുരക്ഷാമാനദണ്ഡങ്ങളോടെയായിരിക്കും പരിപാടികൾ. അബുദാബിയിൽ 16 വയസ്സിനുമുകളിലുള്ളവർക്ക് യാസ് ഐലൻഡ് ഉൾപ്പെടെ മിക്ക ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പ്രധാനപരിപാടികളിലും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാണ്.

ഗ്ലോബൽ വില്ലേജ്

കുടുംബസൗഹൃദവേദിയായ ഗ്ലോബൽ വില്ലേജിൽ വിപുലമായ ദേശീയദിനപരിപാടികളാണ് അരങ്ങേറുക. വൈകീട്ട് അഞ്ചുമണിയോടെ പരിപാടികൾക്ക് തുടക്കമാവും. വ്യാഴാഴ്ച പ്രധാനവേദിയിൽ തത്സമയ സംഗീതപരിപാടി നടക്കും. ആറുമണിക്ക് ഇമറാത്തി താരങ്ങളായ ഹബീബ് ഗുലൂം ഫാത്മ എന്നിവരുടെ പ്രത്യേകപരിപാടി അരങ്ങേറും. തുടർന്ന്, 60 മിനിറ്റ് ദൈർഘ്യമുള്ള സംഗീതപരിപാടി നാഷണൽ യൂത്ത് ഓർക്കസ്ട്ര വകയായുണ്ടാകും. അവധിദിനങ്ങളിൽ വെടിക്കെട്ടുണ്ടായിരിക്കും. എല്ലാദിവസവും വൈകീട്ട് നാലുമുതൽ പുലർച്ചെ ഒരുമണിവരെ ഗ്ലോബൽ വില്ലേജ് തുറന്നിരിക്കും. കോവിഡ് മാനദണ്ഡങ്ങളോടെയാണ് പ്രവേശനം.