ദുബായ് : സൗജന്യ ഭക്ഷണം നൽകിയില്ലെങ്കിൽ ഹോട്ടൽ ആക്രമിക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയ പ്രവാസിയുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബറിലാണ് അൽ മുറാഖാബത്ത് പ്രദേശത്തെ ഹോട്ടലിലെത്തിയ മൊറോക്കോ സ്വദേശി ഭക്ഷണം സൗജന്യമായി കിട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. നേരത്തേ ഇതേ ഹോട്ടലിൽ നാശനഷ്ടമുണ്ടാക്കിയതിനാൽ ഇയാൾക്ക് ഭക്ഷണം നൽകാൻ ഹോട്ടൽ ഉടമ ജീവനക്കാർക്ക് അനുവാദം നൽകിയിരുന്നില്ല. സംഭവദിവസം മദ്യപിച്ചാണ് യുവാവ് റെസ്റ്റോറന്റിലെത്തിയത്. തുടർന്നായിരുന്നു ഭീഷണി. വിവരമറിഞ്ഞെത്തിയ ദുബായ് പോലീസ് പിന്നീട് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചു. ദുബായ് പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഡിസംബർ 13-ന് അടുത്തവാദം കേൾക്കും.