ഫുജൈറ : ഗൾഫ് പര്യടനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ബഹ്‌റൈൻ, യു.എ.ഇ. എന്നിവിടങ്ങളിലെ ഇന്ത്യൻ അസോസിയേഷനുകളുടെയും പ്രധാന പ്രവാസി സംഘടനകളുടെയും ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
ഓൺലൈൻ കൂടിക്കാഴ്ചയിലേക്ക് ക്ഷണിക്കപ്പെട്ട കെ.എം.സി.സി. യു.എ.ഇ.യിലെ ഗാർഹിക ജോലിക്കാരുടെ പ്രശ്നങ്ങൾ മന്ത്രിയുടെശ്രദ്ധയിൽ പ്പെടുത്തിയതായും നിയമസഹായം ആവശ്യമായ ഗാർഹിക ജോലിക്കാരികൾക്ക് സുരക്ഷാകേന്ദ്രം ഏർപ്പെടുത്തുന്ന കാര്യത്തിൽ അനുകൂലമായി പ്രതികരിച്ചതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ചസേവനം കാഴ്ചവെച്ച കെ.എം.സി.സിക്ക് ഇന്ത്യൻ എംബസിയും കോൺസുലേറ്റും നൽകിയ പിന്തുണയ്ക്കും പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ അനുവദിച്ചതിനും കെ.എം.സി.സി. നന്ദി പറഞ്ഞു.
നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് യു.എ.ഇ.യിൽ സെന്റർ അനുവദിക്കാനുള്ള അപേക്ഷ വീണ്ടും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഗാർഹിക ജോലിക്കാരായ സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാണ് കോൺസുലേറ്റ് നേരിട്ട് സേഫ് ഷെൽട്ടറുകൾ ആരംഭിക്കണമെന്ന അഭ്യർഥന കെ.എം.സി.സി. മുന്നോട്ടു വെച്ചത്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും പുത്തൂർ റഹ്മാൻ വിശദീകരിച്ചു.