ദുബായ് : ലോകത്തിലെ ആദ്യത്തെ കോൺടാക്ട്‌ലെസ് ഇൻസ്റ്റന്റ് ക്രെഡിറ്റ് ലൈഫ്‌സ്റ്റൈൽ പേമെന്റ് ഇക്കോ സിസ്റ്റമായ എംപേയ്ക്ക് ദുബായിൽ തുടക്കം. ദി എമിറേറ്റ്‌സ് പേമെന്റ് സർവീസസ് എൽ.എൽ.സി.യാണ് പ്രഖ്യാപനം നടത്തിയത്. യു.എ.ഇ.യുടെ സ്മാർട്ട് ഗവൺമെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് എംപേ വികസിപ്പിച്ചത്. സുരക്ഷിതമായ, കറൻസിരഹിത പണമിടപാടിനുള്ള ആപ്ലിക്കേഷനാണിത്.
യു.എ.ഇ.യുടെ നാനാതുറകളിലുമുള്ള താമസക്കാർക്കായി വികസിപ്പിച്ച എംപേ, റീജണിലെ ആദ്യ ദേശീയ കോൺടാക്ട്‌ലെസ് മൊബൈൽ പേമെന്റ് ആപ്പാണ്. ഉപയോക്താക്കളുടെ സൗകര്യത്തിനും ജീവിതരീതിയിലെ ആവശ്യങ്ങൾക്കുമനുസരിച്ചുമുള്ള മൾട്ടിപ്പിൾ പേമെന്റ് രീതികളാണ് എംപേ വാഗ്ദാനം ചെയ്യുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഒട്ടേറെ പേമെന്റ് സർവീസുകൾ എംപേയിലൂടെ സാധ്യമാകും.
ദുബായ് ഇക്കണോമിക് വിഭാഗം ലൈസൻസ് പുതുക്കൽ, എല്ലാതരത്തിലുമുള്ള ബിൽ പേമെന്റുകൾക്ക്, റെസ്റ്റോറന്റുകളിൽനിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ, പഠന സംബന്ധമായ ഫീസുകൾ അടയ്ക്കാൻ, അന്താരാഷ്ട്ര പണമിടപാട്, പിയർ ടു പിയർ മൈക്രോ പേമെന്റ് എന്നിവ ഉൾപ്പെടെ ഒട്ടേറെ പേമെന്റ് സർവീസുകൾ എംപേയിലൂടെ ലഭ്യമാകും. വൻവ്യവസായങ്ങളുമായി ബന്ധപ്പെട്ട ലൈസൻസ് പുതുക്കുന്നതുവരെ ഒറ്റ ആപ്പിലൂടെ സാധ്യമാകും.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ഐ.ഒ.എസ്. ആപ്പ് സ്റ്റോറിൽനിന്നോ യു.എ.ഇ. നിവാസികൾക്ക് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്യാൻ രണ്ടു മിനിറ്റ് മതി. മാസ്റ്റർകാർഡ് പവേർഡ് ഡിജിറ്റൽ കാർഡും ആപ്പിൽതന്നെ ലഭിക്കും. ഏറ്റവും സുഗമമായ രീതിയിൽ വേഗവും സുരക്ഷിതത്വവും ഉറപ്പാക്കി പണമിടപാടുകൾ നടത്താനും അതുവഴി ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകാനും കഴിയുന്നതാണിത്. ഡിജിറ്റൽ, കറൻസിരഹിത ഇക്കണോമി പ്രോത്സാഹിപ്പിക്കണമെന്ന യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനം മുൻനിർത്തിയാണ് എംപേയ്ക്ക് തുടക്കമിടുന്നതെന്ന് ദുബായ് ഇക്കണോമി ഡെപ്യൂട്ടി ജനറലും എംപേ മാനേജിങ് ഡയറക്ടറുമായ അലി ഇബ്രാഹിം പറഞ്ഞു.
പദ്ധതിയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ദി എമിറേറ്റ്‌സ് പേമെന്റ് സർവീസസ് എൽ.എൽ.സി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മുന അൽ ഖസബ് വ്യക്തമാക്കി. ഏറെ വികസിതമായ മൊബൈൽ ആപ്ലിക്കേഷനാണ് എംപേയെന്ന് ഡെപ്യൂട്ടി സി.ഇ.ഒ.യും ചീഫ് പ്രോഡക്ട് ഓഫീസറുമായ ജിജി ജോർജ് കോശി ചൂണ്ടിക്കാട്ടി.
ഫ്ലെക്സിബിളിറ്റി, സുരക്ഷിതത്വം, സൗകര്യം എന്നിവ സംയോജിപ്പിച്ചിട്ടുള്ള പുതിയ സംരംഭം ജീവിതം കൂടുതൽ എളുപ്പമാക്കുമെന്ന് യു.എ.ഇ, ഒമാൻ, മാസ്റ്റർകാർഡ് കൺട്രി മാനേജരായ ഗിരീഷ് നന്ദ പറഞ്ഞു.