കോഴിക്കോട് : മുസ്‌ലിം ലീഗിന് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പഠിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ നേതൃത്വത്തിൽ പത്തംഗസമിതി രൂപവത്കരിച്ചു. കോഴിക്കോട്ടുചേർന്ന സംസ്ഥാന ഭാരവാഹികളുടെയും എം.എൽ.എ.മാരുടെയും യോഗത്തിലാണ് തീരുമാനം. ഓരോ മണ്ഡലത്തിലെയും വിഷയങ്ങൾ സമിതി പരിശോധിക്കുമെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ്തങ്ങൾ പറഞ്ഞു.

കെ.എം. ഷാജി, പി.എം.സാദിഖലി, എം.എൽ.എ.മാരായ എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻതങ്ങൾ, കെ.പി.എ. മജീദ്, കുട്ടി അഹമ്മദ് കുട്ടി, അബ്ദുറഹിമാൻ രണ്ടത്താണി, സ.പി. ചെറിയമുഹമ്മദ്, പി.കെ. ഫിറോസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

സച്ചാർ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കെതിരേയുള്ള പ്രക്ഷോഭപരിപാടികൾ ആസൂത്രണംചെയ്യാൻ മൂന്നിന് സച്ചാർ സംരക്ഷണസമിതി യോഗംചേരുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

തിരഞ്ഞെടുപ്പ് തിരിച്ചടി പ്രവർത്തകസമിതിയോഗം വിളിച്ച് ചർച്ചചെയ്യാത്തതിനെതിരേ മുസ്‌ലിം ലീഗിനുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ യോഗം ചേരുന്നത്. പാർട്ടിഘടകങ്ങളിൽ ചർച്ചചെയ്യാതെ ചില നേതാക്കൾ ചേർന്ന് തീരുമാനങ്ങളെടുക്കുകയാണെന്ന് യോഗത്തിൽ വിമർശനമുയർന്നു. ശനിയാഴ്ച 11-ന് തുടങ്ങിയ യോഗം രാത്രി ഏഴരയോടെ അവസാനിച്ചു. നേതൃമാറ്റമുൾപ്പെടെയുള്ള പല കാര്യങ്ങളിലും ചർച്ചയുണ്ടായെന്ന് സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞെങ്കിലും നേതൃമാറ്റത്തിന് ആവശ്യമുയർന്നെന്ന പ്രചാരണം തെറ്റാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി തിരുത്തി. നേതൃത്വത്തിനെതിരേ പരസ്യവിമർശനമുന്നയിച്ച കെ.എം. ഷാജിയെ ഉപസമിതിയിൽ ഉൾപ്പെടുത്തിയത്‌ പ്രതിഷേധങ്ങൾ ശമിപ്പിക്കാനാണെന്നാണ്‌ സൂചന.നേതൃമാറ്റത്തിനും ആവശ്യമുയർന്നു