കുവൈത്ത് സിറ്റി : കുവൈത്തിൽ യാത്രയ്ക്ക് ബുക്ക്‌ ചെയ്ത യാത്രക്കാരുടെ റിസർവേഷൻ റദ്ദാക്കുന്ന വിമാന കമ്പനികൾക്കെതിരേ നിയമ നടപടിയുണ്ടാകും. വിമാന കമ്പനികൾ അമിത ബുക്കിങ് സ്വീകരിക്കുകയും പിന്നീട് ചില യാത്രക്കാരുടെ റിസർവ് ചെയ്ത ടിക്കറ്റ് റദ്ദാക്കുകയും ചെയ്താൽ കടുത്ത നടപടി ഉണ്ടാകുമെന്ന് എയർ ട്രാൻസ്പോർട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രാജി അറിയിച്ചു. യാത്രക്കാരുടെ ടിക്കറ്റ് റിസർവേഷൻ റദ്ദാക്കുന്നത് എയർ ട്രാൻസ്പോർട്ട് നിർദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരായ യാത്രക്കാർ യാത്രാടിക്കറ്റിന് പണമടച്ച രസീത്, പാസ്പോർട്ട്‌ തുടങ്ങിയ രേഖകൾ സഹിതം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിൽ പരാതി സമർപ്പിക്കണമെന്നും അന്വേഷണം നടത്തി കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.