ഷാർജ : അമിത വൈദ്യുതി ഉപയോഗത്തിലെ അശ്രദ്ധയും കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യാത്തതുമാണ് വീടുകളിലെ തീപ്പിടിത്തത്തിന് കാരണമാകുന്നതെന്ന്‌ ഷാർജ സിവിൽ ഡിഫൻസ് വിഭാഗം താമസക്കാരെ ഓർമിപ്പിച്ചു.

അമിത വൈദ്യുതി ഉപയോഗിക്കുമ്പോൾ ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് ദുരന്തം സംഭവിക്കാനുള്ള പ്രധാന കാരണമാണ്. ഈ ചൂടുകാലത്ത് ഉപയോഗം കൂടുതലുണ്ടാവുമ്പോഴും വീടുകളിലെ എയർ കണ്ടീഷനർ കൃത്യമായി സർവീസ് ചെയ്യാതിരിക്കുന്നതും അപകടമാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. എ.സി. അടക്കം വീടുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ സർവീസ് ചെയ്യുന്നത് ഈ മേഖലയിൽ വൈദഗ്ധ്യം ഉള്ളവരായിരിക്കണം. അല്ലെങ്കിൽ അപകടമായിരിക്കും പരിണതഫലമെന്നും സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സാമി അൽ നഖ്ബി മുന്നറിയിപ്പ് നൽകുന്നു.

താമസയിടങ്ങളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന എക്സ്‌ഹോസ്റ്റ് ഫാൻ ഗുണനിലവാരമുള്ളതായിരിക്കണം. അവ സദാസമയവും അടുക്കളയിലെ എണ്ണമയവും കഠിനമായ ചൂടും പുകയും ഒരേസമയം വഹിക്കേണ്ടിവരുന്നു. അതിനാൽ ഗുണമേന്മയുള്ള പ്ലാസ്റ്റിക് കൊണ്ടു നിർമിച്ച ഫാനുകളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. വിലക്കുറവ് കണ്ട് ഘടിപ്പിച്ച നിലവാരമില്ലാത്ത ഫാനുകളാണെങ്കിൽ തീപ്പിടിത്തത്തിന് സാധ്യത കൂടുതലാണെന്നോർമിക്കണം. പുകവലിച്ചതിനുശേഷം തീയണയ്ക്കാതെ സിഗററ്റുകുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ദുരന്തങ്ങളുടെ മറ്റൊരു പ്രധാന കാരണമെന്നും അധികൃതർ ഓർമിപ്പിക്കുന്നു. അടുക്കളയിലും കിടപ്പുമുറികളിലും ഇത്തരത്തിൽ സിഗററ്റ് കുറ്റികൾ തീകെടുത്താതെ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം കാരണം തീപ്പിടിത്തം സംഭവിക്കുന്നത് പതിവാണ്. അശ്രദ്ധയോടെ ചന്ദനത്തിരി കത്തിച്ചുവെക്കുന്നതും അപകടമാണെന്നോർക്കണം.

വീടുകളിൽ ഉപയോഗിക്കുന്ന ഏതൊരു ഉപകരണവും യു.എ.ഇ.യുടെ ‘ക്വാളിറ്റി മാർക്ക്’ അടയാളപ്പെടുത്തിയത് വാങ്ങാൻ ശ്രദ്ധിക്കണമെന്നും ഷാർജ സിവിൽ ഡിഫൻസ് വിഭാഗം ഓർമിപ്പിക്കുന്നു. അടുത്തിടെയായി എമിറേറ്റിൽ തീപ്പിടിത്തത്തിന് കുറവുണ്ടെങ്കിലും കൂടുതൽ ജാഗ്രത പാലിക്കാൻ മറക്കരുതെന്നും കേണൽ നഖ്ബി ഓർമിപ്പിക്കുന്നു. അതിനായി കൂടുതൽ ബോധവത്കരണം സംഘടിപ്പിക്കുകയാണ് അധികൃതർ.