ദുബായ് : കൊറോണ വൈറസ് സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനും ഉപദേശങ്ങൾ നൽകാനും രണ്ട് ആശുപത്രി ഗ്രൂപ്പുകൾ സൗജന്യ ടെലി-ഹെൽത്ത് കൺസൾട്ടേഷൻ ആരംഭിച്ചു. യു.എ.ഇ. ആസ്ഥാനമായുള്ള ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറും വി.പി.എസ്. ഹെൽത്ത് കെയറുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ മെഡ്‌കെയർ, ആസ്റ്റർ ഹോസ്പിറ്റൽ, ആസ്റ്റർ ക്ലിനിക് എന്നീ ശൃംഖലകളിലൂടെയാണ് സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചത്. പൊതുജനങ്ങളുടെ, ആരോഗ്യപരമായ എല്ലാ സംശയങ്ങൾക്കും മെഡിക്കൽ വിദഗ്ധരെ സമീപിക്കാൻ ഈ സൗകര്യത്തിലൂടെ സാധിക്കും. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച്, രോഗികൾക്ക് ഡോക്ടറുമായി, ഒരു വീഡിയോ കോൾ വഴി കൺസൾട്ടേഷനുള്ള അപ്പോയിൻമെന്റിന് ബുക്ക് ചെയ്യാം. ആസ്റ്റർ കോൾ സെന്റർ വഴി മെഡിക്കൽ പ്രൊഫഷണലിനെ ബന്ധപ്പെട്ടുകൊണ്ട് വൈറസ് ബാധയെക്കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങൾക്ക് മറുപടി തേടാം. കൊറോണ വ്യാപനം സമൂഹത്തിലെ എല്ലാവർക്കും ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കൊറോണ മാനസിക സമ്മർദം കൂട്ടുന്നുണ്ടെങ്കിൽ യു.എ.ഇ. നിവാസികൾക്ക് മനഃശാസ്ത്ര വിദഗ്ധരോട് സംസാരിച്ചു പരിഹാരം തേടാനുള്ള സംവിധാനവുമായാണ് വി.പി.എസ്‌. ഹെൽത്ത്‌കെയർ സൗജന്യ ഹെൽപ് ലൈൻ തുറന്നത്. മലയാളമടക്കമുള്ള ഭാഷകളിൽ സേവനം ലഭ്യമാണ്. ഇന്ത്യയിലെ പ്രമുഖ മാനസിക-സാമൂഹ്യ പുനരധിവാസ കേന്ദ്രമായ കഡബംസ് ഗ്രൂപ്പുമായി ചേർന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ സേവനം ലഭ്യമാക്കിക്കൊണ്ടുള്ള മൈൻഡ്‌ടോക്ക് സേവനം. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങി നിരവധി ഭാഷകളിൽ സേവനം ലഭ്യമാണ്. മൈൻഡ്‌ടോക്ക് ഹെൽപ്പ്‌ലൈനിലൂടെ കൊറോണയുമായി ബന്ധപ്പെട്ട ഏതു മാനസിക പ്രശ്നങ്ങൾക്കും ഡോക്ടർമാരുടെ സഹായം തേടാം. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈനിൽ ആദ്യഘട്ടത്തിൽ പത്തോളം സൈക്കോളജിസ്റ്റുകളുടെ സഹായം ലഭ്യമാണ്. 8005546 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാം. വെബ്‌സൈറ്റ് (www.vpshealth.com) സന്ദർശിച്ചും ഡോക്ടർമാരുടെ ഓൺലൈൻ അപ്പോയിന്റ്‌മെന്റ് ലഭ്യമാക്കാം. വീഡിയോ കോൺഫറൻസിലൂടെയായിരിക്കും ഡോക്ടർമാർ ആശയവിനിമയം നടത്തുന്നത്. ഉത്കണ്ഠ, ഡിപ്രഷൻ, അഡിക്ഷൻ, സമ്മർദം മറികടക്കൽ, വൈകാരിക പ്രശ്നങ്ങൾ, ഒറ്റപ്പെടൽ, ദുഃഖം, മഹാമാരിയെത്തുടർന്നുള്ള ഭയം എന്നിവ അനുഭവപ്പെടുന്നവർക്കെല്ലാം ഈ സംവിധാനം ഉപയോഗിക്കാം.