നീണ്ടകാലത്തെ കൂട്ടലുംകിഴിക്കലും നടത്തിക്കൊണ്ടാണ് ഓരോരാളും ആത്മഹത്യയിലേക്ക് നടന്നടുക്കുന്നത്. ജീവിതംകൊണ്ട് തനിക്കോ മറ്റുള്ളവര്‍ക്കോ ഒരു പ്രയോജനമില്ലെന്നും താനില്ലാതായാല്‍ മറ്റുള്ളവര്‍ക്കെങ്കിലും നന്നായി ജീവിക്കാന്‍ സാധിക്കുമെന്നുമുള്ള ധാരണ ആത്മഹത്യചെയ്യുന്ന ഒരാള്‍ക്കനുഭവപ്പെടുന്നു. മറ്റുള്ളവരെ അമിതമായി സ്‌നേഹിക്കുകയും അവരെക്കുറിച്ച് കരുതല്‍ ഉണ്ടാകുന്നവരുംകൂടിയാണ് ഇത്തരം കൃത്യങ്ങള്‍ക്ക് മുതിരുന്നത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഇല്ലാതാകാന്‍കൂടിയാണ് ഒരാള്‍ സ്വയം ഇല്ലാതാകുന്നത്. 

കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും ആത്മഹത്യാപ്രവണതകളാണ് ഇവിടെ വിശകലനംചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ ഈവര്‍ഷത്തെ കണക്കുപ്രകാരം ഒരുവര്‍ഷം എട്ടു  ലക്ഷത്തില്‍ കൂടുതലാളുകള്‍   ആത്മഹത്യചെയ്യുന്നു. ഇത്രയുമാളുകള്‍ പലപ്പോഴായി ആത്മഹത്യാ പ്രവണതകളും കാണിക്കുന്നു. 2012ലെ കണക്കനുസരിച്ച് 15നും 20നുമിടയില്‍ പ്രായമുള്ളവരുടെ മരണകാരണങ്ങളില്‍ രണ്ടാമത് പറയുന്നത് ആത്മഹത്യയാണ്. ഇത്തരം മരണങ്ങള്‍ പ്രധാനമായും നടക്കുന്നത് ദരിദ്രരാജ്യങ്ങളിലും മറ്റ് ഇടത്തരം രാജ്യങ്ങളിലുമാണ്. ഇന്ത്യയിലും ആത്മഹത്യ തിരഞ്ഞെടുക്കുന്നവരില്‍ 75 ശതമാനവും ചെറുപ്പക്കാരാണ്.

പലവിധ കാരണങ്ങള്‍കൊണ്ടും ഒരാള്‍ ആത്മഹത്യചെയ്യുന്നു. സാമ്പത്തികം, സാമൂഹികം, വ്യക്തിപരം, കുടുംബപരം എന്നിവ കൂടാതെ മറ്റുള്ളവരുടെ വേര്‍പാടുകളും ആത്മഹത്യയ്ക്ക് കാരണമാകുന്നു. വിഷാദരോഗവും ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലുകളും പലവിധ ആസക്തികള്‍ക്ക് അടിമപ്പെട്ടവരും പരാജയഭീതികള്‍, മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടല്‍, ലൈംഗിക അസംതൃപ്തി, അരാജകത്വം എന്നിവ അനുഭവിക്കുന്നവരും ഈ കൂട്ടത്തില്‍പ്പെടുന്നു. ഇത്തരത്തിലുള്ളവരെ ആഴത്തില്‍ വിശകലനംചെയ്യുമ്പോള്‍ അവര്‍ പലവിധ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണെന്ന് മനസ്സിലാകും.

കൗമാരക്കാരിലെ ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്ന് അവരിലെ വിഷാദരോഗമാണ്. ആവശ്യമുള്ള പിന്തുണ ലഭിക്കാതിരിക്കല്‍, മറ്റുള്ളവരുമായി സ്വജീവിതം താരതമ്യംചെയ്യല്‍, മറ്റുള്ളവരാല്‍ കുറ്റപ്പെടുത്തലിന് വിധേയരാവുക, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതിരിക്കുക, അകാരണമായി ശാസിക്കപ്പെടുക, സ്വയം വിശ്വാസംനഷ്ടപ്പെടുക തുടങ്ങിയവയെല്ലാം കൗമാര ആത്മഹത്യയുടെ പ്രധാന കാരണങ്ങളാണ്. അമിതമായി സോഷ്യല്‍ മീഡിയകളില്‍ ആസക്തരാവുന്നതും മറ്റുള്ളവരില്‍ പ്രതീക്ഷയില്ലാതാവുന്നതും കുടുംബ അസ്ഥിരത അനുഭവപ്പെടുന്നതും കൗമാരമനസ്സുകളില്‍ താളപ്പിഴകള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ വേദനയുണ്ടാകാവുന്ന പലതരത്തിലുള്ള ഭീഷണികള്‍, അത് അധ്യാപകരില്‍നിന്നോ മാതാപിതാക്കളില്‍നിന്നോ കുട്ടികള്‍ തമ്മിലായോ സംഭവിക്കാവുന്നതാണ്. ചില കുട്ടികള്‍ അമിതമായി അനുസരണം കാണിക്കുമ്പോള്‍ അവര്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനായി സ്വയം വേദനയനുഭവിക്കുന്നവരും ആയിരിക്കും.

എനിക്കുണ്ടായ ഒരനുഭവം ഇവിടെ ഓര്‍മിക്കുകയാണ്. ആത്മഹത്യചെയ്ത ഒരു കുട്ടിയുടെ ജീവിതം വിശകലനം ചെയ്യാന്‍ സാഹചര്യമുണ്ടായി. ഈ കുട്ടി നന്നായി പഠിക്കുകയും ക്ലാസ്സില്‍ മികച്ച പഠനനിലവാരം നിലനിര്‍ത്തുകയും ചെയ്തിരുന്നു. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും സ്‌നേഹം പിടിച്ചുപറ്റുകയും ചെയ്തിരുന്നു. അനുസരണശീലവും സൗമ്യതയും കൈമുതലായുള്ള ഈ കുട്ടി ആത്മഹത്യചെയ്യാനായി പ്രത്യക്ഷത്തില്‍ ഒരു കാരണവും ലഭിച്ചില്ല. എന്നാല്‍ മരണത്തിനുമുമ്പ് ആ കുട്ടി പറഞ്ഞ വാക്കുകള്‍ വല്ലാതെ അലട്ടുകയാണ്, 'എനിക്ക് ഞാന്‍ ആരാന്നെന്നോ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ എന്താണെന്നോ അറിയില്ല. ഞാന്‍ ആരൊക്കെയാകണമെന്ന് മറ്റ് പലരും തീരുമാനിക്കുന്നു. ഞാനവരെ സ്‌നേഹിക്കുന്നതിനാല്‍ എതിര്‍ത്തുപറയാന്‍ സാധിക്കാതെ വരുന്നു, അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിക്കുമോയെന്ന് ഞാന്‍ വേവലാതിപ്പെടുന്നു.' ഇത്തരം അനുഭവങ്ങള്‍ കൂടാതെ രക്ഷിതാക്കളുടെ പല വാക്കുകളും കുട്ടികളില്‍ വേദനയുണ്ടാക്കുന്നു. വല്ലാത്ത രീതിയിലുള്ള മാതാപിതാക്കളുടെ കുറ്റപ്പെടുത്തലുകള്‍, അവര്‍ക്ക് ശല്യമാണെന്ന് കേള്‍ക്കേണ്ടിവരിക, അവരുടെ സമ്പാദ്യത്തില്‍ കണ്ണുവേണ്ടെന്ന് പരിഹസിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം കുട്ടികളെ മാനസികമായി തളര്‍ത്തും.

ഇത്തരം സാഹചര്യങ്ങളില്‍ ജീവന്‍ വെടിയാനുള്ള ആസക്തി വര്‍ധിക്കുന്നു. പിന്നീട് ഇതേ മാതാപിതാക്കള്‍ സ്‌നേഹം കാണിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുന്നു. ലൈംഗിക ഇരയാകേണ്ടിവരുന്നതും മറ്റ് തരത്തില്‍ ശാരീരികവും മാനസികവുമായ മുറിവുകള്‍ ഉണ്ടാവുന്നതും കുട്ടികളില്‍ പ്രശ്‌നം സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ നാണക്കേടുവിചാരിച്ച് ആരോടും പറയാതിരിക്കുമ്പോള്‍ ഒടുവില്‍ എത്തിപ്പെടുന്നത് ആത്മഹത്യയിലേക്കുതന്നെയാണ്. 'ചാറ്റിങ്ങിടെ ചീറ്റ്' ചെയ്യപ്പെടുന്നതും കുട്ടികളുടെ മനസ്സിന് ആഘാതമുണ്ടാക്കുന്നു. മാതാപിതാക്കള്‍ക്ക് തങ്ങളുടെ ജോലികളില്‍ മുഴുകുമ്പോഴും മറ്റു തിരക്കുകള്‍ക്കിടയിലും മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെ വരുന്നു. കുട്ടികളുടെ ആഗ്രഹങ്ങളും പ്രശ്‌നങ്ങളും ഇത്തരം സാഹചര്യങ്ങളില്‍ മനസ്സിലാക്കാന്‍ സാധിക്കാതെവരുന്നു. കുട്ടികളിലെ ആത്മഹത്യകള്‍ വര്‍ധിക്കാന്‍ ഇത്തരം സാഹചര്യങ്ങളും കാരണങ്ങളാകുന്നു. കുട്ടികളുടെ ജിവിതത്തില്‍ സംഭവിക്കുന്ന തെറ്റായ അനുകരണങ്ങള്‍ പലപ്പോഴും അവരുടെ ജീവിത പരാജയങ്ങളായിതീരുന്നു. ജീവിതത്തിന് ലക്ഷ്യങ്ങള്‍ ഇല്ലാതാവുകയും മടി, അലസത, ഏകാന്തത എന്നിവ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ മറ്റൊരു ദുരന്തത്തില്‍ കലാശിക്കുന്നു.

പ്രവാസ ജീവിതപ്രശ്‌നങ്ങള്‍

വളരെ കഠിനമായ പ്രവാസജീവിതം നയിക്കുമ്പോള്‍ മാനസികസംഘര്‍ഷം സ്വാഭാവികമാകുന്നു. ഇത്തരം ആത്മസംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. പ്രവാസികളുടെ ആത്മഹത്യാനിരക്ക് മറ്റു രാജ്യങ്ങളില്‍നിന്നും വിത്യസ്തമായി യു.എ.ഇ.യില്‍ വര്‍ധിച്ചുവരുന്ന സാഹചര്യംകൂടിയാണിത്. ഇത്തരം ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്ന ചില വസ്തുതകള്‍ ഇവയാണ്:

1 ഉറ്റവരില്‍നിന്നും ഏറെ അകലെയാണെന്ന തോന്നല്‍
2 അന്യതാബോധവും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളും ജീവിതസുരക്ഷിതത്വം ഇല്ലെന്ന തോന്നലും.
3  ആര്‍ക്കും ശല്യമാവരുതെന്നതോന്നലും ക്ഷമയും മറ്റുള്ളവരില്‍ വിശ്വാസമില്ലായ്മയും
4  തൊഴില്‍സമ്മര്‍ദം, വിരല്‍ത്തുമ്പില്‍ അന്വേഷിക്കുന്നത് ലഭിക്കുന്ന സൈബര്‍ലോകം, ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ 

ഇത്തരം നിരവധി കാരണങ്ങള്‍ ഒരു പ്രവാസിയെ എന്നും അലട്ടിക്കൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ജീവിതം ഒരു ഭാരമായി അനുഭവപ്പെടുകയും ആത്മഹത്യ ഒരു 'പരിഹാര'മായി അനുഭവപ്പെടുകയും ചെയ്യുന്നു.

മനസ്സിന്റെ ആരോഗ്യമാണ് സര്‍വപ്രധാനം. മാനസികാരോഗ്യമുള്ള ഒരാള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. സ്‌നേഹവും കരുതലും നിലനിര്‍ത്താന്‍ സാധിക്കും. നമ്മുടെ വികാരങ്ങളെ മനസ്സിലാക്കാനും അത് നന്നായി പ്രതിഫലിപ്പിക്കാനും സാധിക്കും. ചുറ്റുപാടുകള്‍ക്കനുസരിച്ച് മാറാനും ചങ്കുറപ്പോടെ പ്രശ്‌നങ്ങളെ നേരിടാനും സാധിക്കും. അങ്ങനെ ഭാവിയെക്കുറിച്ച് നല്ലസ്വപ്നങ്ങള്‍ കാണാന്‍ പുതിയതലമുറയെ പഠിപ്പിക്കണം. നല്ലൊരു ജീവിതവും ആരോഗ്യമുള്ള മനസ്സും നമുക്ക് അവരില്‍ സൃഷ്ടിക്കാനാവും. അങ്ങനെ അവര്‍ ജീവിതത്തെ സ്‌നേഹിക്കട്ടെ.


ആത്മഹത്യ: ചില രാഷ്ട്രീയവിചാരങ്ങള്‍

ഇ.കെ. ദിനേശന്‍

suicide

മനുഷ്യന്റെ മരണത്തിന് മുന്‍കൂട്ടി നിശ്ചിതമായ കാലദേശ നിര്‍വചനങ്ങള്‍ ഇല്ല. അത് കാലത്തെയും ദേശത്തെയും പിന്‍തള്ളി പലപ്പോഴും പിറന്ന മണ്ണിനോട് നീതിപുലര്‍ത്താതെ ഏതൊക്കെയോ ദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. മരണം ജീവന്റെ അന്ത്യപ്രമാണമായതുകൊണ്ട് അതിനെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതൊക്കെ സ്വഭാവികമായ മരണപശ്ചാത്തല വായനയാണ്.

എന്നാല്‍, സ്വഭാവികമല്ലാത്ത മരണത്തിന് ഒട്ടനവധി വായനയുണ്ട്, പ്രത്യേകിച്ചും ആത്മഹത്യകള്‍ക്ക്. ഓരോ ആത്മഹത്യക്ക് പിന്നിലും വ്യക്തമായ സാമൂഹ്യകാരണങ്ങള്‍ ഉണ്ടായിരിക്കും. ഇത് രൂപപ്പെട്ടുവരുന്നത് ജീവിക്കുന്ന ചുറ്റുപാടുകളുമായി ബന്ധപ്പെട്ടായിരിക്കും. ആ അര്‍ഥത്തില്‍ പ്രവാസികളിലെ ആത്മഹത്യ ജനിച്ചമണ്ണില്‍നിന്ന് മാറിജീവിക്കേണ്ടി വന്നതിനുശേഷം സംഭവിക്കുന്നതാണ്. അതായത് ഒരുതരം പലായന ജീവിതാന്ത്യം. ഇതിനു പ്രവാസികളായവരുടെ വ്യക്തി ജീവിതാനുഭവങ്ങളുമായി സൂഷ്മാര്‍ഥത്തിലുള്ള വൈകാരികബന്ധം ഉണ്ട്. വൈകാരികത എന്നത് വ്യക്തിപരമാണെങ്കിലും അതിനെ സ്വാധീനിക്കുന്നതാണ് സാമൂഹിക ജീവിതപശ്ചാത്തലം. ഇത് പ്രവാസികളെക്കാള്‍ കൂടുതല്‍ ബോധ്യപ്പെടേണ്ടത് അവരുടെ മാതൃരാജ്യത്തിനാണ്. കാരണം പ്രവാസി ആത്മഹത്യക്ക് പ്രേരണയാകുന്നതിന് കാരണമാകുന്ന ചില ഘടകങ്ങളെ നിയന്ത്രിക്കാന്‍ സ്വന്തം ദേശമണ്ണിന് കഴിയേണ്ടതാണ്. നമ്മുടെ രാഷ്ട്രീയസംവിധാനം ഇന്നുവരെ അന്യരാജ്യത്ത് നടക്കുന്ന സ്വന്തം പൗരന്റെ ആത്മഹത്യകളെക്കുറിച്ച് ആശങ്കപ്പെട്ടതായി കണ്ടിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവാസികളിലെ ആത്മഹത്യകളെപ്പറ്റി ഉയര്‍ന്ന ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി വി.കെ. സിങ്ങിന് രേഖാപരമായ ഉത്തരം നല്‍കേണ്ടിവന്നിരിക്കുന്നു. അത്തരമൊരു വാര്‍ത്തയാണ് ഈ കുറിപ്പിന് ആധാരം.

പ്രവാസലോകത്ത് പലവട്ടം ചര്‍ച്ചചെയ്തതും ഇന്നും ചര്‍ച്ചചെയ്തുവരുന്നതുമായ വിഷയമാണ് പ്രവാസികളിലെ ആത്മഹത്യ. എന്നാല്‍, ഇത് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമ്പോള്‍ മരണം ഒരു രാഷ്ട്രീയവിഷയമായിമാറുന്നു. മരണത്തിന്റെ രാഷ്ട്രീയം എന്നതിന് മരണത്തിലേക്ക് (ആത്മഹത്യയിലേക്ക്) നയിക്കുന്ന സാമൂഹ്യചുറ്റുപാട് എന്നാണ് അര്‍ഥം. ആ ചുറ്റുപാട് പ്രവാസികളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടായിത്തീരുന്നതാണെങ്കിലും ആ വ്യക്തിജീവിതം സ്വന്തം ജന്മദേശവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രവാസി ആത്മഹത്യകളുടെ കണക്ക് ചില ബോധ്യപ്പെടല്‍കൂടി നിര്‍വഹിക്കുന്നുണ്ട്. 

പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യം, വിദേശത്ത് രാജ്യത്ത് ഇന്ത്യക്കാരുടെ ആത്മഹത്യ കൂടുന്നുണ്ടോ എന്നതായിരുന്നു. അതിനുള്ള ഉത്തരമായി മന്ത്രി നല്‍കിയ കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്ക് ഇപ്രകാരമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ 1212 പേരാണ് ആത്മഹത്യചെയ്തത്. 2013ല്‍ 497, 2014ല്‍ 451, 2015ല്‍ 436. കൂടാതെ മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ അത് 1298 എന്നതാണ് മറ്റൊരു കണക്ക്. ഇതില്‍തന്നെ യു.എ.ഇ. 541, സൗദി അറേബ്യ 337, ഒമാന്‍ 123, കുവൈത്ത് 114, ബഹ്‌റൈന്‍ 48, മലേഷ്യ 77, സിംഗപ്പൂര്‍ 58. ഈ കണക്കുപ്രകാരം പ്രവാസികള്‍ കൂടുതലുള്ള രാജ്യത്ത് കൂടുതല്‍ ആത്മഹത്യനടക്കുന്നു. എന്നാല്‍, പ്രവാസികളിലെ ആത്മഹത്യയെ സ്വാധീനിക്കുന്നത് അവരുടെ ജീവിതചുറ്റുപാട് തന്നെയാണ്. അതിന്റെ തെളിവാണ് യൂറോപ്പിലെ ഇന്ത്യക്കാരുടെ മരണനിരക്ക് ലക്ഷത്തിന് 26 ആണെങ്കില്‍ ഗള്‍ഫില്‍ അത് 69 എന്നത്. ഇത് യൂറോപ്യന്‍ പ്രവാസവും ഗള്‍ഫ് പ്രവാസവും തമ്മിലുള്ള സാമൂഹികവും തൊഴില്‍പരമായി ബന്ധപ്പെട്ട ഘടകങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നതാണ്. യൂറോപ്പില്‍ നടക്കുന്ന ആത്മഹത്യകളില്‍ വലിയശതമാനം കുടുംബ ജീവിതപ്രശ്‌നമായി സംഭവിക്കുന്നതാണെങ്കില്‍ ഗള്‍ഫില്‍ അതിന്റെ ശതമാനത്തെ നിയന്ത്രിക്കുന്നത് നേരിട്ടുള്ള ജീവിതപ്രശ്‌നങ്ങള്‍ തന്നെയാണ്. ഈ ജീവിതപ്രശ്‌നം എന്നത് ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് വളരെ ചെറിയ വരുമാനം ഉള്ളവര്‍ മുതല്‍ ഉയര്‍ന്ന വരുമാനം ഉള്ളവര്‍ വരെ ധാരാളമുള്ള ഗള്‍ഫില്‍.

ഇന്ത്യയില്‍ മലയാളികള്‍ തന്നെയാണ് ആത്മഹത്യയില്‍ ഒന്നാംസ്ഥാനത്ത് കുതിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ജീവിതചുറ്റുപാടും ഗ്രാമീണജീവിതത്തില്‍ നഗരവത്കരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗസംസ്‌കാരവും ഇതിന്റെ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. അതിനുമപ്പുറത്ത് വ്യക്തി എന്നനിലയില്‍ ഒരാള്‍ക്ക് ഉണ്ടാകേണ്ട സാമൂഹികാവബോധം, സ്വന്തം ചുറ്റുപാടിനെ അറിഞ്ഞുകൊണ്ടുള്ള ജീവിതചിട്ട, ഇതൊക്കെ പൊതുജീവിതമണ്ഡലത്തില്‍നിന്നും ഇന്ന് അന്യംനിന്നുകൊണ്ടിരിക്കുകയാണ്. നവമാധ്യമങ്ങളിലെ അശ്ലീലജീവിതവര്‍ണനയുണ്ടാക്കുന്ന അപകടകരമായ ചതിക്കുഴികള്‍, അതില്‍ വീണുപോകുന്ന നിഷ്‌കളകമായ കൗമാരമനസ്സ്... ഇതൊക്കെ നാട്ടിലെ ആത്മഹത്യകളെ നിര്‍ണയിക്കുന്ന വ്യത്യസ്തമായ സാമൂഹ്യഘടകങ്ങളാണ്. എന്നാല്‍, ഇതില്‍നിന്ന് ഏറെ വ്യത്യസ്തപ്പെട്ടുകിടക്കുന്നുണ്ട് പ്രവാസലോകത്തെ ആത്മഹത്യകളുടെ സാമൂഹ്യസാഹചര്യങ്ങള്‍. അതിനെ നിര്‍ണയിക്കുന്നത് ഉയര്‍ന്ന മാനസികസമ്മര്‍ദവും നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒറ്റപ്പെടലുമാണ്. ഈ സാഹചര്യങ്ങള്‍ ഒരിക്കലും ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രത്യക്ഷകാരണമായി കണ്ടുകൂടാ. അതേസമയം ഇത്തരം അവസ്ഥയിലേക്ക് ഒരാളെ നയിക്കുന്ന സാമൂഹ്യചുറ്റുപാട് പരിശോധിക്കപ്പെടേണ്ടതായിട്ടുണ്ട്. അവിടെയാണ് പ്രവാസികളുടെ ജീവിതദേശവും ആ ദേശത്തെ ജീവിതസാഹചര്യവും പ്രധാനകാരണമായിത്തീരുന്നത്.

യൂറോപ്പിലെ ആത്മഹത്യകളെക്കാള്‍ രണ്ടിരട്ടിയാണ് ഗള്‍ഫിലെ ആത്മഹത്യ. ഇതിനുകാരണം യൂറോപ്പിലെ പ്രവാസികള്‍ നേരത്തേ സൂചിപ്പിച്ചതുപോലുള്ള ഉയര്‍ന്ന ജീവിതനിലവാരമുള്ളവരാണ്. അതായത് ഒരുതരം സവര്‍ണ പ്രവാസികള്‍. എന്നാല്‍, ഗള്‍ഫിലെ 60 ശതമാനം പ്രവാസികളും ജീവിതചുറ്റുപാടുകൊണ്ട് അവര്‍ണ പ്രവാസികള്‍ ആണ്. അവരുടെ ജീവിതം നിരന്തരം പലവിധത്തിലുള്ള സാമൂഹ്യസമ്മര്‍ദങ്ങള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്. ഈ വീര്‍പ്പുമുട്ടലിനെ ലഘൂകരിക്കുന്ന സ്വാഭാവികപ്രക്രിയ എന്നത് അതിവിശാലമായ അര്‍ഥത്തിലുള്ള സാമൂഹ്യ ഇടപെടലാണ്. എന്നാല്‍, അവര്‍ണപ്രവാസത്തില്‍ അസാധ്യമായിരിക്കുന്നു അത്. അതിന്റെ വിശദീകരണം എന്നത് ഗള്‍ഫ് ജീവിതത്തിന്റെ സമകാലീന സാമൂഹ്യപരവും രാഷ്ട്രീയപരവുമായ ഒട്ടനവധി ഘകടങ്ങളെ ആശ്രയിച്ച് നില്‍ക്കുന്നതാണ്. ഒന്നാമതായി വരുമാനത്തെ പരിഗണിക്കാതെയുള്ള ജീവിതരീതി. സ്വന്തം ജീവിതചുറ്റുപാടിനെ ഭാര്യയില്‍നിന്നുപോലും മറച്ചുപിടിച്ച് ഗള്‍ഫുകാരന്‍ കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ബിംബവത്കരണത്തെ ഇന്നും തകര്‍ക്കാന്‍കഴിയാത്ത തികച്ചും പരിതാപകരമായ അവസ്ഥ. ഇതിനെല്ലാം ഉപരി പെട്ടെന്ന് സമ്പന്നനായിമാറാന്‍വേണ്ടിയെടുക്കുന്ന വിവേചനപരമല്ലാത്ത തീരുമാനങ്ങള്‍. ഇത്തരം കാരണങ്ങള്‍ ഒരുഭാഗത്ത് കുന്നുകൂടിക്കിടക്കുമ്പോള്‍ മറ്റൊരുഭാഗത്ത് ഒറ്റപ്പെടല്‍ സൃഷ്ടിക്കുന്ന കാരണങ്ങള്‍ വേറെയാണ്. അത് കുടുംബജീവിതവുമായി ബന്ധപ്പെട്ടതായിരിക്കും. ഇതൊക്കെ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്നനിലയില്‍ പ്രവാസി ജീവിക്കുന്നിടത്ത് ഇതിനു പരിഹാരവുമായിട്ടുള്ള സാമൂഹ്യസമ്പര്‍ക്കം ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ ദീര്‍ഘകാലമായുള്ള സമര്‍ദം ഒരാളിലെ എല്ലാ പച്ചപ്പിനെയും കത്തിച്ചുകളഞ്ഞ് അയാളുടെ മനസ്സിനെ മരുഭൂമിയായിമാറ്റുന്നു. ഈ മരുഭൂമിയിലെ മരണത്തിന്റെ കണക്കാണ് ജനസഭയില്‍ അവതരിക്കപ്പെട്ടത്. നല്ലത്. എന്നാല്‍, അതുകൊണ്ട് പ്രവാസികള്‍ക്ക് എന്തുകാര്യം? മരിച്ചവന്റെ ശരീരത്തെ തൂക്കംനോക്കി വിലയീടാക്കുന്ന സ്വന്തം ദേശീയ വിമാനക്കമ്പനിക്കുപോലും മരിച്ചവനെ സൗജന്യമായി ആറടിമണ്ണില്‍ എത്തിക്കാന്‍ ഇന്നുവരെ തോന്നിയിട്ടില്ല. പിന്നെ എന്തിനാണാവോ പാര്‍ലമെന്റില്‍ ഈ കണക്ക് അവതരിപ്പിച്ചത്? ഇടയ്ക്കിടെ ചോദിക്കപ്പെടുന്നത്?

മരണത്തിന് രാഷ്ട്രീയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. ഓരോ മരണത്തിനും ഓരോ രാഷ്ട്രീയമുണ്ട്. അതുകൊണ്ടാണ് ചില മരണങ്ങള്‍ ആഘോഷിക്കപ്പെടുന്നത്. തോക്ക് ആകാശത്തേക്ക് ഉയരുന്നത് മരണഭക്തികൊണ്ടാണ്. മരിച്ചവന്റെ തൂക്കത്തിന് വിലവാങ്ങുന്നതും രാഷ്ട്രീയബോധത്തിന്റെ ഭാഗമാണ്. എന്നാല്‍, ആത്മഹത്യ വ്യക്തമായ കാരണത്താല്‍ സംഭവിക്കുന്ന ദാരുണമായ മരണമാണ് അത് എവിടെ സംഭവിച്ചാലും. എന്നാല്‍, പ്രവാസികള്‍ക്ക് അത് സംഭവിക്കുമ്പോള്‍ അതിന്റെ കാരണം ഒന്നുകൂടി വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. വിദേശ ഇന്ത്യക്കാരുടെ പ്രത്യേകിച്ചും അവര്‍ണപ്രവാസികളുടെ സാമൂഹ്യസാഹചര്യങ്ങളെ സര്‍ക്കാര്‍ പഠിക്കണം. എന്തുകൊണ്ട് പ്രവാസികള്‍ ആത്മഹത്യക്ക് പ്രേരിപ്പിക്കപ്പെടുന്നു എന്ന് വിശദമായിത്തന്നെ സര്‍ക്കാര്‍ പഠിക്കണം അവര്‍ കാണാത്ത ഒരു ഉണങ്ങിയ ജീവിതം ഗള്‍ഫിലെ പ്രവാസികള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സത്യം വിളിച്ചുപറയാന്‍ നമ്മുടെ എംബസികള്‍ക്കെങ്കിലും കഴിയണം. അതിനുകഴിയുന്നില്ലെങ്കില്‍ മരണത്തിന്റെ തൂക്കുവില അവസാനിപ്പിക്കാനെങ്കിലും ആത്മഹത്യാക്കണക്ക് ചര്‍ച്ചചെയ്ത പാര്‍ലമെന്റിന് കഴിയേണ്ടിയിരുന്നു. 

അടിക്കുറിപ്പ്
വാര്‍ഡ് കമ്മിറ്റി മുതല്‍ അഖിലേന്ത്യാ കമ്മിറ്റിവരെ പിരിവിന് ഓടിവരുമ്പോള്‍, അവരെ സ്വീകരിച്ച് അവര്‍ക്കുവേണ്ടതെല്ലാം നല്‍കി നാം തിരിച്ചയയ്ക്കുന്നു. അപ്പോഴൊക്കെ എന്താണാവോ ഇത്തരം കാര്യങ്ങള്‍ നേതാവിനോട് പറയാന്‍ നാം (പ്രവാസികള്‍) മറന്നുപോകുന്നത്?