1975 ലെ ഒരര്‍ധരാത്രിയിലാണ് ഇറാഖി എയര്‍വെയ്‌സിന്റെ ജാംബോ ജെറ്റ് വിമാനത്തില്‍ ദുബായില്‍ എത്തിച്ചേര്‍ന്നത്. അന്ന് ദുബായ് വളരെ ചെറിയൊരു വിമാനത്താവളമായിരുന്നു. കേരളത്തിലെ ഇന്നത്തെ പ്രൈമറി സ്‌കൂളിനോളം മാത്രം വലിപ്പമുള്ള കെട്ടിടങ്ങള്‍ മാത്രമുള്ള ഒന്ന്. അര്‍ധരാത്രിയില്‍ എയര്‍പോര്‍ട്ടിന്റെ പുറത്ത് തനിച്ചുനില്ക്കുന്ന എന്നെക്കണ്ടപ്പോള്‍ അപരിചിതനായ ഒരാള്‍ വന്ന് എന്നോടു ചോദിച്ചു:
'നീ ആരെയാണ് കാത്തുനില്ക്കുന്നത്?'  
മലയാളം കേട്ട് ഞാന്‍ കോരിത്തരിച്ചുനിന്നു. അപ്രതീക്ഷിതമായ ആ ചോദ്യം എന്നെ സന്തോഷിപ്പിച്ചെങ്കിലും അതിനെനിക്ക് പെട്ടെന്നൊരുത്തരം പറയാന്‍ കഴിഞ്ഞില്ല.  
യഥാര്‍ഥത്തില്‍ ഞാന്‍ ആരെയും കാത്തുനില്ക്കുകയായിരുന്നില്ല. ബോംബെയില്‍വെച്ച് പല തവണ വിമാനത്താവളത്തില്‍ വരികയും സീറ്റില്ലാത്തതിനാല്‍ മടങ്ങിപ്പോവേണ്ടി വരികയും ചെയ്തിരുന്നു. ഗ്രൂപ്പ് വിസക്കാര്‍ക്ക് വിമാനത്തില്‍ സീറ്റ് ഒഴിവുള്ളതനുസരിച്ചേ അന്ന് യാത്രചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഏതു ദിവസത്തെ വിമാനത്തിനാണു വരുന്നത് എന്ന്  അതുകൊണ്ടുതന്നെ ഇവിടെയുള്ള ആളുകള്‍ക്ക് അറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നെ കാത്ത് ആരുമവിടെ നില്ക്കുന്നുണ്ടായിരുന്നില്ല. 
 
ഞാന്‍ പറഞ്ഞു: 
'ഈ രാത്രിയില്‍ എങ്ങോട്ടു പോകണമെന്ന് എനിക്കറിയില്ല. നേരം വെളുക്കാന്‍ കാത്തിരിക്കുകയാണ്.'
അതു കേട്ട് അയാള്‍ എന്നോട് അനുതാപത്തോടെ ചോദിച്ചു: 
'നിനക്ക് എവിടെയാണ് പോകേണ്ടത്?'
ഞാന്‍ കടലാസില്‍ കുറിച്ച് പോക്കറ്റില്‍ സൂക്ഷിച്ച അഡ്രസ് വായിച്ചു കേള്‍പ്പിച്ചു. 
'ദുബായ് നൈഫ് റോഡ്, നിയര്‍ ബ്രിഡ്ജ് മുറാര്‍.'
അയാള്‍ പറഞ്ഞു: 
'ഈ സമയത്ത് നിന്നെ അവിടെ വിട്ടിട്ട് കാര്യമില്ല. താമസസ്ഥലം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടും.' 
അദ്ദേഹം പറഞ്ഞതു ശരിയായിരുന്നു. എട്ടുംപൊട്ടുമറിയാതെ ഈ രാത്രിയില്‍ എങ്ങോട്ടു ചെന്നു കേറും? 
അതുകൊണ്ടു ഞാന്‍ അവിടത്തന്നെ നിന്നു. 
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു വണ്ടിയുമായി അയാള്‍ എന്റെ മുന്നില്‍ നിര്‍ത്തി. 
എന്നോട് നിര്‍ബന്ധപൂര്‍വം പറഞ്ഞു:
'വണ്ടിയില്‍ കേറിക്കോ, ഇന്നെന്റെ മുറിയില്‍ താമസിക്കാം.' 
ഞാന്‍ മനസ്സില്ലാമനസ്സോടെ അതില്‍ കയറി. അദ്ദേഹം  സ്വയം പരിചയപ്പെടുത്തി:
'ഞാന്‍ ജോസഫ്. പത്തനംതിട്ടയിലാണ് വീട്.' 
അയാള്‍ ദുബായില്‍ വന്നിട്ട് കുറച്ചു വര്‍ഷങ്ങളായിരുന്നു. കാഴ്ചയിലും പെരുമാറ്റത്തിലും അയാളൊരു നല്ല മനുഷ്യനാണെന്ന് എനിക്കു തോന്നി. 
 
അപരിചിതമായ ഒരന്യരാജ്യത്ത് അര്‍ധരാത്രിയില്‍ ആദ്യമായി കണ്ടുമുട്ടുന്ന ഒരാളോടൊപ്പം എങ്ങോട്ടെന്നറിയാതെ സഞ്ചരിക്കുന്നു. കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ 'യുക്തിവാദി' എന്ന ലേഖനം എന്നില്‍ ആവേശിച്ച നാള്‍ മുതല്‍ ഞാന്‍ ഇതേവരെയും ദൈവത്തെ വിളിച്ചിട്ടില്ലായിരുന്നു. ദൈവവിശ്വാസി അല്ലാത്ത ഒരാള്‍ ഇത്തരം ഘട്ടങ്ങളില്‍ ആരെ വിളിച്ചാണ് ഒന്ന് സമാധാനിക്കുക. 
ഞാന്‍ എന്റെ ഉമ്മയെ മനസ്സിലോര്‍ത്തു. ഉമ്മയെക്കാള്‍ വലിയ ദൈവവും സത്യവും വേറെയില്ലല്ലോ. 
ഉമ്മാ. ആ സ്‌നേഹവും കരുതലും കൂടെയുണ്ടാവണേ. 
മരുഭൂമിയില്‍ അപ്രത്യക്ഷനായ എന്റെ ജ്യേഷ്ഠനെ ഞാന്‍ ഓര്‍ത്തു. 
കൂടെപ്പിറപ്പേ നീ മറഞ്ഞുപോയ വഴിയില്‍ ഞാനെത്തിയിരിക്കുന്നു. വഴി കാട്ടിത്തരണേ. 
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി പറഞ്ഞു, നിന്റെ ഇത്തിരിവെട്ടം എനിക്കായി കാട്ടണേ.
ജോസഫ് ചേട്ടന്‍ വണ്ടിയോടിക്കുകയാണ്. റോഡില്‍ വാഹനങ്ങള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. തെരുവുവിളക്കുകളുടെ വെളിച്ചം വണ്ടിക്കകത്തേക്കു കടന്നുവരുമ്പോഴൊക്കെയും സംശയദൃഷ്ടിയോടെ ഞാന്‍ വീണ്ടും വീണ്ടും അയാളുടെ മുഖത്തേക്കു നോക്കി. 
 
അയാള്‍ എങ്ങനെയുള്ള ആളായിരിക്കും? എന്നെയുംകൊണ്ട് അയാള്‍ ദുബായ് എന്നു പേരുകേട്ട നഗരത്തിലൂടെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. ചെറിയ വൈദ്യുതിവിളക്കുകളുടെ വെട്ടത്തില്‍ അര്‍ധരാത്രിയില്‍ ആദ്യമായി ഞാന്‍ ഈ നഗരവഴികള്‍ കണ്ടു. ബോംബെയുടെ നൂറിലൊരംശംപോലുമില്ലാത്ത ഗള്‍ഫിലെ ഏറ്റവും പേരുകേട്ട ഒരു നഗരം കണ്ണുകള്‍ക്കു മുന്നിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. 
യാത്രയ്ക്കിടയില്‍ അദ്ദേഹം എന്നോടു പലതും ചോദിച്ചു. നാടും വീടും വിശേഷങ്ങളുമൊക്കെ. 
 ചെറിയ വില്ലകള്‍ നിരന്നുനില്ക്കുന്ന ഒരിടത്തു ചെന്ന് വണ്ടി നിര്‍ത്തി.
ജോസഫ് ചേട്ടന്‍ അതിലൊരു വില്ലയിലേക്കു കയറി. മുറിയില്‍ ഒരാള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു.
ജോസഫ് ചേട്ടന്‍ ഒരു ദാക്ഷിണ്യവുമില്ലാതെ അയാളെ തട്ടിവിളിച്ചിട്ട് പറഞ്ഞു: 
'ടാ സഹദേവാ, ഇവനെ അറിയുമോ നിനക്ക്?'
അയാള്‍ ഉറക്കച്ചടവില്‍നിന്ന് കണ്ണുമിഴിച്ചുകൊണ്ട് എന്നെ നോക്കി. അയാള്‍ക്ക് എന്നെയോ എനിക്ക് അയാളെയോ അറിയില്ല എന്ന് എനിക്കുറപ്പായിരുന്നു. അയാള്‍ എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയില്‍ ജോസഫ് ചേട്ടന്‍ പറഞ്ഞു: 
'നിന്റെ നാട്ടുകാരനെ നിനക്കറിയില്ലേ?' 
അയാള്‍ അടുത്തു വന്ന് എന്നോടു ചോദിച്ചു: 
'ബഷീറിന്റെ അനിയനാണോ?' 
എനിക്ക് അയാളെ മനസ്സിലായില്ല. അയാള്‍ക്ക് എന്നെ അറിയാമായിരുന്നു. എനിക്ക് വലുതായ സന്തോഷം തോന്നി. ഒരന്യരാജ്യത്ത് പതിനായിക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ഒരിടത്തു വെച്ച് അവിചാരിതമായി എനിക്കറിയാത്ത ഒരാള്‍ എന്നെ തിരിച്ചറിയുന്നു.  
 
ഞാന്‍ അദ്ഭുതത്തോടെ ചോദിച്ചു:
'എങ്ങനെ എന്നെ അറിയാം?' അയാള്‍ കട്ടിലിലൊരിടത്തിരുന്നു പറഞ്ഞു. 
കഴിഞ്ഞ ദിവസം ബഷീറിനെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു. 
ഞാനെത്തിച്ചേര്‍ന്ന സ്ഥലം നൈഫാണെന്നും ജ്യേഷ്ഠന്‍ ബഷീര്‍ താമസിക്കുന്നത് അതിന് അടുത്താണെന്നും സഹദേവന്‍ പറഞ്ഞു. പറഞ്ഞുവന്നപ്പോള്‍ അദ്ദേഹത്തെ എനിക്കു മനസ്സിലായി. ചെറുപ്പകാലത്തു കണ്ടതായതുകൊണ്ട് പെട്ടെന്നു തിരിച്ചറിയാന്‍ പറ്റിയില്ല. 
അന്നു രാത്രി എനിക്ക് ഉറക്കം വന്നതേയില്ല. ആരാണ് എന്നെ ഇങ്ങോട്ടേക്കു വഴികാട്ടിയതെന്ന് എനിക്കറിയില്ല. എങ്ങനെയൊക്കെയോ ഞാനിവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു. അദ്ഭുതവും ആകാംക്ഷയുമൊന്നും എന്നെ വിട്ടുപോകുന്നുണ്ടായിരുന്നില്ല.  
 
പിറ്റേന്ന് രാവിലെ സഹദേവനൊടൊപ്പം ഞാന്‍ പുറത്തേക്കിറങ്ങി. പൂഴിമണല്‍ത്തരികള്‍ പരന്നുകിടക്കുന്ന വഴികളിലൂടെ നൈഫില്‍നിന്ന് ബ്രിഡ്ജ് മുറാറിലേക്കു നടന്നു. നടക്കുന്ന വഴിയില്‍ മലയാളംപാട്ട് ഒഴുകിവരുന്നതു കേട്ട് ഞാന്‍ നിന്നു. ഞാന്‍ ചോദിച്ചു: 
ഇവിടെയും മലയാളം റേഡിയോ ഉണ്ടോ?
സഹദേവന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: 
'അത് ടേപ്പ് റെക്കോര്‍ഡറില്‍നിന്നുള്ള പാട്ടാണ്.' 
സഹദേവന്‍ എന്നെയും കൂട്ടി കടയിലേക്കു നടന്നു. ആദ്യമായി ഞാന്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കണ്ടു. മലയാളികളുടെയും ഗുജറാത്തികളുടെയും പഠാണികളുടെയും കടകള്‍ക്കിടയിലൂടെ സഹദേവന്‍ എന്നെയുംകൊണ്ട് ജ്യേഷ്ഠന്‍ താമസിക്കുന്ന വില്ലയിലേക്കു നടന്നുചെന്നു. 
 
അന്നൊക്കെ നാട്ടില്‍നിന്ന് ഒരാളെത്തിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഒരു ജോലി കണ്ടെത്തിക്കൊടുക്കുക എന്നതു കൂടെ താമസിക്കുന്നവരുടെ ഉത്തരവാദിത്വമായിരുന്നു. ഓരോരുത്തരും എവിടെനിന്നെങ്കിലും കിട്ടുന്ന ജോലി വിവരങ്ങള്‍ എല്ലാവരോടുമായി പങ്കുവെക്കും. ഇങ്ങനെ ജോലിവിവരങ്ങള്‍ പങ്കുവെക്കുന്നതിനെ 'ലുങ്കി ടൈംസ്' എന്നാണ് അന്നു പറഞ്ഞിരുന്നത്. ലുങ്കിയുടുക്കുന്ന മലയാളികള്‍ വാമൊഴിയായി വാര്‍ത്തകള്‍ പങ്കുവെക്കുന്നതുകൊണ്ടാണ് അങ്ങനെയൊരു പേര് സാധാരണയായി ഉപയോഗിച്ചുവന്നിരുന്നത്.  
 
വലിയ കമ്പനികളോ ഓഫീസുകളോ അന്ന് ദുബായില്‍ ഉണ്ടായിരുന്നില്ല. ഒന്നുകില്‍ ഏതെങ്കിലും ചെറിയ ഷോപ്പുകളും അതുപോലുള്ള ഓഫീസുകള്‍ അല്ലെങ്കില്‍ കെട്ടിടനിര്‍മാണപ്രവര്‍ത്തങ്ങള്‍, അല്ലറച്ചില്ലറ പണികള്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ.  
ജോലി തേടിയിറങ്ങിയ ആദ്യദിവസങ്ങളിലൊക്കെ മുറിയിലുള്ള ആരെങ്കിലുമൊക്കെ കൂടെ വന്നിരുന്നു. രണ്ടുമൂന്നു ദിവസത്തിനു ശേഷം ഞാന്‍ തനിച്ചുതന്നെ പോകാന്‍ തുടങ്ങി. ആദ്യമായി എനിക്കു കിട്ടിയ ജോലി ഇന്‍ഡോ അറബ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു ഇലക്ട്രിക്കല്‍ ഹെല്‍പ്പറായിട്ടായിരുന്നു. ദുബായ് ഖിസൈസ് മുന്‍സിപ്പാലിറ്റി ഹൗസിങ് കോംപ്ലക്‌സിന്റെ പണി നടക്കുന്ന കാലമായിരുന്നു അത്. ഇന്ന് മലയാളികളടക്കം നിരവധി കുടുംബങ്ങള്‍ അവിടെ താമസിക്കുന്നു. ഓരോ മുറിയിലും വയറിങ്ങിന്റെ ഭാഗമായി പൈപ്പിടുന്ന പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. 
അതിന്റെ മേസ്തിരി എന്നോടു പറഞ്ഞു: 
'നീ ഈ പൈപ്പിടാന്‍ പാകത്തില്‍ ചുമരു തുരന്നാല്‍ മതി.' ഒരു ചോക്കുകൊണ്ട് ചുമരു കീറാനുള്ള മാര്‍ക്കിട്ടു തന്നു. ഒരു ചുറ്റികയും ഇരുമ്പുളിയും കൈയില്‍ തന്നിട്ടു പറഞ്ഞു: 
'പടച്ചോനെ മനസ്സില്‍ വിചാരിച്ചു തുടങ്ങിക്കോ.' 
ഞാന്‍ ഉമ്മയെ മനസ്സിലോര്‍ത്തു. 
 
രാവിലെമുതല്‍ വൈകുന്നേരംവരെ ചുറ്റിക ഇരുമ്പുളിയില്‍ ഇടിച്ചിടിച്ച് എന്റെ കൈവെള്ളയാകെ കുമിള വന്നു പൊട്ടി.  നീറ്റലും കടച്ചിലും സഹിക്കാനാവാതെ ഞാന്‍ ഞെരിപൊരി കൊണ്ടു.  
എന്റെ കൈകളിലേക്കു നോക്കി മേസ്തിരി പറഞ്ഞു: 
'ആദ്യമായി ചെയ്യുന്ന എല്ലാവര്‍ക്കും ഇങ്ങനെത്തന്നെയാണ് കുറച്ചുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയായിക്കൊള്ളും.' അതു പറഞ്ഞശേഷം അയാളുടെ കൈവെള്ള എനിക്കു കാണിച്ചുതന്നു. 
തഴമ്പുവന്ന കട്ടിപിടിച്ച ഒരു ഉള്ളംകൈ.  
ജ്യേഷ്ഠന്‍ പറഞ്ഞു: 'ഇനി നീ ഈ പണിക്ക് പോകണ്ട.' പക്ഷേ, പിന്നീടുള്ള ദിവസങ്ങളിലും ഞാന്‍ അതേ പണിക്കുതന്നെ പോയി. തോലുപൊളിഞ്ഞ ഭാഗത്ത് തഴമ്പുവന്നുകൊണ്ടിരുന്നു. മേസ്തിരിയുടെ കൈവെള്ളപോലെ എന്റെ കൈയില്‍ തഴമ്പു വന്നുപടരുന്നത് ഓരോ ദിവസവും ഞാന്‍ നോക്കിനിന്നു,
ജ്യേഷ്ഠന്‍ ഇതിനിടയ്‌ക്കൊക്കെ എന്നെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിനിടയിലൊരു ദിവസം കൂടെത്താമസിക്കുന്ന നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു: 
 
'ദുബായിലെ അമേരിക്കന്‍ ഓയില്‍ക്കമ്പനിയില്‍ ഒരാളെ ആവശ്യമുണ്ടെന്നു കേള്‍ക്കുന്നു. നീ അവിടേക്കു ചെല്ലണം.'  
ഞാന്‍ അവധിയെടുത്ത് പിറ്റേ ദിവസം അവിടേക്കു ചെന്നു. നല്ല സൗകര്യങ്ങളും കുറെ സ്റ്റാഫുമൊക്കെ അടങ്ങുന്ന വലിയൊരു ഓഫീസായിരുന്നു അത്. 
കമ്പനി മാനേജറുടെ ഒരു സ്റ്റാഫിന്റെ അടുത്തേക്ക് എന്നെ പറഞ്ഞു വിട്ടു. അദ്ദേഹം എന്നോടു പറഞ്ഞു: 
'ജോലി താത്കാലികമാണ്. ഇവിടെ ഉണ്ടായിരുന്ന ആള്‍ 
മെഡിക്കല്‍ ലീവ് കഴിഞ്ഞ് തിരിച്ചുവരുന്നതുവരെ ഇവിടെ 
തുടരാം.'പിറ്റേ ദിവസം ഞാന്‍ അവിടെ ജോലി ചെയ്തുതുടങ്ങി.  അവിടെയുണ്ടായിരുന്ന ഒരു സഹപ്രവര്‍ത്തകനോട് ഒരുദിവസം ഞാന്‍ സ്വകാര്യമായി ചോദിച്ചു:
'മെഡിക്കല്‍ ലീവില്‍ പോയ ആള്‍ എപ്പോഴാണ് തിരിച്ചു 
വരിക?'
അയാള്‍ കൈമലര്‍ത്തി. 
എപ്പോഴാണെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു. 
 
പിന്നെയുള്ള ദിവസങ്ങളിലാണ് അവധിയില്‍ പോയ ആള്‍ ഇവിടത്തെ ഒരാശുപത്രിയില്‍ ചികിത്സയിലാണെന്നുള്ള വിവരം അറിഞ്ഞത്. ആശുപത്രിയിലുള്ള ആള്‍ മലപ്പുറം സ്വദേശിയാണെന്നും അയാളുടെ പേര് അബൂബക്കര്‍ എന്നാണെന്നും പിന്നീട് അറിഞ്ഞു. അയാള്‍ സുഖം പ്രാപിച്ചുവരുമെന്ന് ഓഫീസിലെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഒരു ദിവസം ഓഫീസില്‍ ചെന്നപ്പോള്‍ പലരും ആശുപത്രിയിലേക്കു പോകാന്‍ പുറപ്പെട്ടുനില്ക്കുകയായിരുന്നു. 
കാര്യമറിയാതെ ഞാന്‍ പകച്ചുനില്ക്കുന്നതിനിടയില്‍ ഒരാള്‍ എന്റെ അടുത്തു വന്നു പറഞ്ഞു: 
'അബൂബക്കര്‍ മരിച്ചു. ഞങ്ങള്‍ അങ്ങോട്ടു പോവുകയാണ്. 
നീ വരുന്നോ?' 
എന്തുപറയണം എന്നെനിക്ക് അറിയില്ലായിരുന്നു. പകരക്കാരനായി അവിടെ ചെന്നിട്ട് ഒരാഴ്ച ആയതേയുള്ളൂ.
അസുഖം മൂര്‍ച്ഛിച്ച് അയാള്‍ മരിച്ചു. 
അയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയില്ല. ആശുപത്രിയില്‍ ചെന്ന് മരിച്ചയാളുടെ ശരീരം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും കണ്ടു. വെള്ളയില്‍ പൊതിഞ്ഞുവെച്ചിരുന്ന ശരീരത്തില്‍നിന്ന് ആദ്യമായും അവസാനമായും ഞാനദ്ദേഹത്തിന്റെ മുഖം കണ്ടു. അവിടത്തെ ഖബര്‍സ്ഥാനില്‍ അദ്ദേഹത്തെ അടക്കംചെയ്യുന്നതുവരെ ഞാനും അവരുടെ കൂടെ നിന്നു.  
ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മാനേജര്‍ എന്നെ അദ്ദേഹത്തിന്റെ കാബിനിലേക്കു വിളിപ്പിച്ചു. സന്തോഷത്തോടെ സ്ഥിരനിയമത്തിനുള്ള ഓര്‍ഡര്‍ എന്റെ കൈയില്‍ തന്നു. അതും പിടിച്ച് ഞാന്‍ വിറയ്ക്കുന്ന കൈകളോടെ നിന്നു. സന്തോഷം തോന്നേണ്ട ഒരു മുഹൂര്‍ത്തത്തില്‍ ആകുലതയുടെ ഒരു കടല്‍ മനസ്സില്‍ പെരുകിവരുന്നത് എന്തിനെന്ന് ഞാന്‍ എന്നോടുതന്നെ ചോദിച്ചുനോക്കി. 
 
ഞാന്‍ അറിഞ്ഞോ അറിയാതെ അയാള്‍ തിരിച്ചുവരാതിരിക്കാന്‍ ആഗ്രഹിച്ചിരുന്നോ? 
ഇല്ലെന്ന് എന്റെ മനഃസാക്ഷിക്കറിയാം. പക്ഷേ, ഇവിടെ ജോലി ചെയ്യുന്ന മറ്റുള്ളവര്‍ക്കൊന്നും അതറിയില്ലല്ലോ. നിയമന ഉത്തരവുമായി എനിക്കുള്ള ഇരിപ്പിടത്തിനരികിലേക്കു ഞാന്‍ നടന്നു. പക്ഷേ, അവിടെ ഇരിക്കാന്‍ എനിക്ക് ഇരിപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല. സ്ഥിരനിയമനവാര്‍ത്തയറിഞ്ഞ് സഹപ്രവര്‍ത്തകര്‍ എന്റെ അടുത്തുവന്ന് ആശംസകളറിയിച്ചു. ഞാനവരുടെ മുന്നില്‍ ചിരിച്ചുനിന്നു. പക്ഷേ, അതെന്റെ ചിരിയായിരുന്നില്ല. അകാരണമായ ഒരു കുറ്റബോധം മനസ്സില്‍ നിറയുകയും അതിന്റെ സംഘര്‍ഷത്തില്‍ മനസ്സു വല്ലാതെ വേദനിക്കുകയും ചെയ്തുകൊണ്ടിരുന്നു. 
 
ഒരു മാസം പിന്നിട്ടപ്പോള്‍ കമ്പനി എനിക്ക് മൂവായിരം ദിര്‍ഹം ശമ്പളം തന്നു. അത് അന്നത്തെ വലിയൊരു തുകതന്നെയായിരുന്നു. ആദ്യത്തെ ശമ്പളം കൈപ്പറ്റിയപ്പോള്‍ വലിയ സന്തോഷമാണുണ്ടായത്. പക്ഷേ, അത് പോക്കറ്റില്‍ വെച്ചശേഷം എന്തോ ഒരസ്വസ്ഥത. ശമ്പളം കിട്ടിയ വിവരം ഞാന്‍ ആരെയും അറിയിച്ചില്ല. ഒരു ദിവസം ഒരൊഴിവു സമയം വന്നപ്പോള്‍ ഞാന്‍ നേരെ പോയത് ബാങ്കിലേക്കായിരുന്നു. മരിച്ചുപോയ മലപ്പുറം സ്വദേശിയായ  അബൂബക്കറിന്റെ അഡ്രസ്സില്‍ അയാളുടെ  ജീവിച്ചിരിക്കുന്ന ഭാര്യയുടെ അക്കൗണ്ട് നമ്പറില്‍ ആ തുകയത്രയും അയച്ചു. പോക്കറ്റിന്റെ ഭാരവും മനസ്സിന്റെ ഭാരവും ഒരേസമയം ഇല്ലാതായ സന്തോഷത്തോടെ, സമാധാനത്തോടെ ഞാന്‍ മുറിയിലേക്കു തിരിച്ചുവന്നു. കുറച്ചു ദിവസത്തിനുശേഷം അന്നു രാത്രി ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങി.
 
ഡോ. ദീപേഷ് കരിമ്പുങ്കര രചിച്ച മരുഭൂമിയിലെ മറുജീവിതങ്ങള്‍ - അമ്മാനുള്ളയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകത്തില്‍ നിന്നും
 
 
Content Highlights: Marubhumiyile Marujeevithangal Mathrubhumi Books