പ്രവാസ ജീവിതത്തില്‍ ഓരോ അവധിക്കാലത്തേയും ആവേശത്തോടെ നെഞ്ചിലേറ്റുമ്പോള്‍ നാം അനുഭവിക്കുന്ന സുഖം അളവറ്റത്താണ്. കാരണം നമ്മുടെ മനസ്സ് സര്‍വ്വ സ്വതന്ത്ര്യമായ ഒരു അനുഭവ കാലത്തെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. പ്രവാസികളെ സംബന്ധിച്ച് അത് ജന്മദേശത്തോട് ഒട്ടിചേരാനുള്ള അവസരം കൂടിയാണ്. അതുകൊണ്ട് തന്നെ മനസ്സും ശരീരവും ഏറെ ആഘോഷത്തോടെയാണ് ഓരോ അവധികാലത്തേയും വരവേല്‍ക്കുന്നത്. എന്നാല്‍ ഇങ്ങിനെ കിട്ടുന്ന അവസരങ്ങളെ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന ചിന്ത കൂടി പ്രസക്തമാണ്. സത്യത്തില്‍  ചോലതേടി പോകുന്ന പ്രവാസമാണ് ഓരോ അവധിക്കാലവും. 

ആ കാലത്തെ നാം എങ്ങിനെ ഉപയോഗിക്കുന്നു, പ്രയോജനപ്പെടുത്തുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഒറ്റക്കുള്ള പ്രവാസത്തില്‍ അത് ഒരാളിനെ സംബന്ധിക്കുന്ന കുടുംബ സമാഗമത്തിന്റെ അവസരമാണ്. അയാള്‍ പ്രവാസത്തില്‍ അനുഭവിച്ച് തീര്‍ത്ത തീഷ്ണമായ ജീവിതമുഹൂര്‍ത്തങ്ങളില്‍ നിന്നുള്ള മനസ്സറിഞ്ഞ മോചനം. അത് ശരീരികവും മാനസികവുമായ തലങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്നതാണ്. അത്തരമൊരു ചുറ്റുപാടില്‍ അയാള്‍ അനുഭവിക്കുന്ന മാനസീകാഹ്ളാദത്തിന്റെ സുഖം അയാളെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു. അന്നേ വരെ മനസ്സില്‍ കുടുങ്ങി നിന്ന ഒരു പാട് സമ്മര്‍ദ്ദങ്ങളെ ലഘൂകരിക്കാന്‍ ഇത്തരം സമാഗമത്തിന് കഴിയുന്നു. ഒറ്റപ്പെട്ട ജീവിതം നല്‍കിയ ഒരു പാട്പിരിമുറക്കം അനായാസത്തില്‍ ലഘൂകരിക്കാന്‍ നാം കണ്ടെത്തുന്ന ഒരു വഴി സ്വന്തക്കാരോട് മനസ് തുറന്ന് സംസാരിക്കുക എന്നതാണ്. അത്തരമൊരു തുറന്നിടമാണ് ഓരോ അവധിക്കാലവും പ്രവാസികള്‍ക്ക് നല്‍കുന്നത്. ഇത്തരമൊരു ചിന്തയ്ക്ക് ശക്തി പകരുന്ന ഘടകമാണ് പ്രവാസത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന വ്യത്യസ്തമായ അനുഭവങ്ങള്‍.

മലയാളിയുടെ നിത്യജീവിതത്തിന്റെ ഒരു ഭാഗമായി തീര്‍ന്നിരിക്കുകയാണ് ഗള്‍ഫ് ജീവിതത്തിലെ ഓരോ അനുഭവങ്ങളും. അത്രയധികം വൈകാരികമായ ഒരു ആത്മബന്ധം ഗള്‍ഫ് ജീവിതവുമായി മലയാളി വെച്ച് പുലര്‍ത്തുന്നുണ്ട്. അതിനു കാരണം നിത്യജീവിതത്തിന്റെ ഏതൊക്കെയോ തലങ്ങളില്‍ ഗള്‍ഫിന്റെ സ്വാധീനം അറിഞ്ഞോ അറിയാതെയോ സ്വാധീനിക്കുന്നു എന്നത് തന്നെയാണ്. എന്നാല്‍ പുതിയകാല പ്രവാസം ഈ രീതിയെ പല വഴികളിലൂടെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ നവസാമൂഹ്യ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ ചെറുതായി കണ്ടുകൂട. 

അതായത് പുതിയകാല പ്രവാസം ജന്മദേശവുമായി ഇടതടവില്ലാത്ത ബന്ധം കാത്ത് സുക്ഷിക്കുന്നു. അത്തരമൊരിടത്താണ് പഴയ കാല പ്രവാസവും പുതിയകാല പവാസവും തമ്മിലുള്ള വ്യത്യാസത്തിന്റെ ആഴം നമുക്ക് അറിയാന്‍ കഴിയുന്നത്. പുതിയ കാലത്ത് മലയാളിയുടെ ഗള്‍ഫ് പ്രവാസം എന്നത് തികച്ചും അപ്രധാനമായ ഒരു കാര്യമാണ്. അതിന്റെ ഒരു കാരണം ഒരു വിഭാഗം പ്രവാസിക്ക് എളുപ്പത്തില്‍ ഇന്ന് നാട്ടില്‍ എത്താന്‍ കഴിയുന്നു എന്നതാണ്. എന്നാല്‍ അങ്ങിനെ എളുപ്പത്തില്‍ കര പിടിക്കാന്‍ കഴിയാത്ത ഒരു വിഭാഗം പ്രവാസികള്‍ ഇന്നും നമ്മുടെ ഇടയില്‍ ഉണ്ട്. താഴ്ന്ന വരുമാനത്തില്‍ ജോലി ചെയ്യുന്ന ഈ വിഭാഗത്തിന്റെ ജീവിതം ഇന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരക്കാരെ കുറിച്ചുള്ള ഏതൊരു അന്വേഷണത്തിലും പ്രവാസത്തിന്റെ കറുത്ത കണ്ണീരിന്റെ അടയാളങ്ങള്‍  കാണാം. താഴ്ന്ന വരുമാനമുള്ള പ്രവാസികളുടെ ജീവിതം എങ്ങിനെയാണ് ഇന്ന് മുന്നോട് പോകുന്നത്? ആ മുന്നോട്ട് പോങ്കില്‍ അയാള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്തൊക്കെ എന്നത് സ്വന്തം കുടുംബം പോലും ആലോചിക്കാറില്ല.

പ്രവാസത്തിന്റെ വര്‍ത്തമാനം പഴയതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തിക മേഖലയില്‍ മാത്രമായി ഇന്ന് ചുരുങ്ങി പോവുകയാണ്. പഴയ കാലത്ത് രണ്ടോ മുന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥയില്‍ നിന്നും വലിയ രീതിയിലുള്ള മാറ്റം ഇന്നത്തെ കൂടി ചേരലിലില്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വീട്ടിലെത്താന്‍ പലര്‍ക്കും ഇന്ന് കഴിയുന്നു. എന്നാല്‍ വിട്ടിലേക്കുള്ള ഓരോ മടക്കയാത്രയും അയാളെ സംബന്ധിച്ച് രണ്ട് രീതിയിലുള്ള വേദനകളാണ്. ഒന്ന് കൂടി ചേരലിന്റെയും വേര്‍പിരിയലിന്റേതുമാണെങ്കില്‍ മറ്റൊന്ന് അയാള്‍ മാത്രം അറിയുന്ന സാമ്പത്തിക ബാധ്യതയുടെതാണ്. മലയാളിയുടെ ഗള്‍ഫ് പ്രവാസം തുടങ്ങിയത് മുതല്‍ ഇന്നുവരെ എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്നത് താഴ്ന്ന വരുമാനത്തില്‍ തന്നെയാണ്. 

അതുകൊണ്ട് തന്നെയാണ് അവരുടെ പ്രവാസം ഇങ്ങനെ അന്തമില്ലാതെ നീണ്ട് പോകുന്നത്. അത്തരമൊരു പ്രവാസ പരിസരത്ത് ജീവിക്കുന്നവര്‍ ഇന്നും അനുഭവിക്കുന്നത് ഒരേ രീതിയിലുള്ള പ്രയാസങ്ങള്‍ തന്നെയാണ്. എന്നാല്‍ ഏറ്റവും പുതിയ തലമുറ. പ്രവാസത്തിലെ മൂന്നാം തലമുറ ഇത്തരമൊരു ചുറ്റുവട്ടത്തെ അതീജീവിക്കുന്നതാണ് നാം ഇന്ന് കാണുന്നത്. ഇന്ന് ഗള്‍ഫിലേ കഫ്റ്റേ രീയ, ഗ്രോസറി, ക്ലിനിങ്ങ് കമ്പനി തുടങ്ങിയ മേഖലകളില്‍ മലയാളികളെ ജോലിക്ക് കിട്ടുക പ്രയാസകരമാണ്. എന്നാല്‍ ചിലര്‍ക്ക് ഇപ്പോഴും ഇത്തരം മേഖലകളെ തിരഞ്ഞെടുക്കേണ്ടി വരുന്നത് വിദ്യാഭ്യാസപരമായും താഴ്ന്ന നിലവാരവും കുടുംബ ജീവിതാവസ്ഥയുടെയും ഫലമായിട്ടാണ്. ഇത്തരമൊരു വിഭാഗത്തിന്റെ വീട്ടിലേക്കുള്ള ഓരോ തിരിച്ച് പോക്കും ഇന്നും ഓരോ ബാധ്യത തന്നെയായി നില നില്‍ക്കുകയാണ്. അവിടെയാണ് മാറി എന്ന് നാം ആശ്വസിക്കുമ്പോഴും മാറാതെ നില്‍ക്കുന്ന പ്രവാസത്തെ കുറിച്ച് നമുക്ക് ചിന്തിക്കേണ്ടി വരുന്നത്.

ഒരു സാധാരണ പ്രവാസിയുടെ വരുമാനം ഇന്ന് കേരളത്തിലെ തൊഴില്‍ കൂലിയുമായി ബന്ധിപ്പിച്ച് നോക്കുമ്പോള്‍ നല്ല രീതിയിലുള്ള കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരു പ്രവാസി നാട്ടില്‍ എത്തുമ്പോള്‍ അയാള്‍ അവിടെ മറ്റൊരാളായി മാറുന്നത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. താന്‍ ജോലി ചെയ്യുന്നിടത്ത് തനിക്ക് കിട്ടുന്ന കൂലി ഇത്രയാണെന്ന് സ്വന്തം കുടുംബത്തിലൊ നാട്ടിലോ പറയാന്‍ ഒരു പ്രവാസിയും തയ്യാറാക്കുന്നില്ല. അതിന്റെ കാരണം വളരെ കാലമായി ഗള്‍ഫുകാരന്‍ എന്ന രീതിയില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ഒരു പൊങ്ങച്ചത്തെ തകര്‍ക്കാന്‍ ഇന്നും ഒരു പ്രവാസിയും തയ്യാറല്ല എന്നതാണ്. അതുകൊണ്ട് തന്നെ അയാള്‍ക്ക് സ്വന്തം നാട്ടിലും കുടുംബത്തിലും ഒരു അവധിക്കാലം മുഴുവന്‍ അഭിനയിച്ച് തന്നെ നില്‍ക്കേണ്ടി വരുന്നു. ഇത്തരം അഭിനയകാലത്ത് തന്റെ പ്രവാസ ജീവിതാവസ്ഥകളെകുറിച്ച് സ്വന്തം ഭാര്യയോട് പോലും പറയാന്‍ അയാള്‍ തയ്യാറല്ല. അതിന്റെ കാരണങ്ങളില്‍ ഒന്ന് തന്നെ കുറിച്ചുള്ള നിലവിലെ ധാരണ തെറ്റിപ്പോകരുത് എന്നതാണ്. ഇതാകട്ടെ അയാളില്‍ കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുന്നു എന്നയാള്‍ മറക്കുന്നു.

തന്റെ പ്രവാസ ജീവിതാവസ്ഥകളെകുറിച്ചുള്ള ശരിയായ വിവരണം മൂടിവയ്ക്കുന്ന ഓരോ നിമിഷവും താന്‍ അകപ്പെട്ട് പോകുന്ന ബാധ്യതയെ കുറിച്ച് ഒരു പ്രവാസിയും ബോധവാനല്ല. എല്ലാം തുറന്ന പറയാന്‍ കഴിയുന്ന ഭാര്യയോടും പോലും അയാള്‍ പറയേണ്ട കാര്യങ്ങള്‍ മറച്ച് പിടിക്കുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ ഇത് സ്വാഭാവികമായി കുടുംബത്തിന്റെ അനാവശ്യ ചിലവിലേക്ക് വഴി തുറക്കുന്നു. നാട്ടില്‍ നിന്നുള്ള ഓരോ ആവശ്യങ്ങളും അതേപടി അംഗീകരികുന്ന ഗൃഹനാഥന്‍ ഒരു തരത്തില്‍ കുടുംബ വ്യവസ്ഥയുടെ തെറ്റായ കീഴ്വഴക്കത്തിന് കൂട്ട് നില്‍ക്കുകയാണ്. ഇതാകട്ടെ തങ്ങളുടെ മക്കളുടെ ജീവിത ശീലത്തെ കൂടി ബാധിക്കും എന്നയാള്‍ മനസ്സിലാക്കുന്നില്ല. ഒടുവില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന സാമ്പത്തിക ബാധ്യത പ്രവാസത്തില്‍ നിന്നുള്ള മോചനത്തിന് തടസ്റ്റമാകുന്ന. ഒന്നിച്ച് ജീവിക്കാനുള്ള തങ്ങളുടെ ആഗ്രഹം വൈകി വൈകി പോകുന്നതിന് കാരണം താന്‍ കൂടിയാണെന്ന് അപ്പോഴും അയാളുടെ ഭാര്യ അറിയുന്നില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ എത്തുന്ന ഓരോ പ്രവാസിയും ആദ്യം ചെയ്യേണ്ടത് തന്റെ പ്രവാസ ജിവിതാനുഭവങ്ങള്‍ കുടുംബത്തോട് പങ്ക് വെയ്ക്കുക എന്നതാണ്.

വീട്ടിലേക്കുള്ള ഓരോ യാത്രയും വിണ്ടും യാത്ര പറയാനാണ് എന്നൊരു ബോധം പ്രവാസിയെ നിരന്തരം വേദനിപ്പിക്കുന്നതാണ്. കുടുംബത്തോടെ ജീവിക്കുന്ന പ്രവാസികള്‍ക്ക് അവധികാലത്തെ യാത്ര സ്വന്തം മക്കള്‍ക്ക് നാട്ടറിവ് പകര്‍ന്നു നല്‍ക്കാനുള്ള അവസരം കൂടിയാണ്. അച്ഛനും അമ്മയും വളര്‍ന്നു വന്ന നാട്ടുചോലകള്‍ മക്കള്‍ക്ക് കാണിച്ച് കൊടുക്കാന്‍ കിട്ടുന്ന അവസരം. അതാകട്ടെ ഗുഹൃതുര സ്മരണയുടെ വേലിയേറ്റമാക്കാതെ എങ്ങിനെയാണ് തന്റെ കുഞ്ഞുനാളില്‍ നാട്ടറിവിലുടെ നന്മയിലേക്ക് വളര്‍ന്നത് എന്ന് കാണിച്ച് കൊടുക്കുന്നതായിരിക്കണം. അടിമുടി നാഗരിക ജീവിതത്തിന്റെ ചൂടില്‍ വളരാന്‍ വിധിക്കപ്പെട്ട പ്രവാസി മക്കള്‍ക്ക് ഓരോ അവധിക്കാലവും നാട്ടുചോലകള്‍ നല്‍കുന്ന അറിവ് വിലപ്പെട്ടതാണ്. കാരണം അവരുടെ ചുറ്റുവട്ടം യാന്ത്രികമായ ജീവിതത്തിന്റെ ആവര്‍ത്തനമാകുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന ഏതൊരു ഒഴിവ് കാലവും അവരെ മാനസികമായി നവീകരിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ കുടുംബത്തോടെയുള്ള അവധികാലം മക്കള്‍ക്ക് സ്വന്തം നാടിന്റെ നന്മയെ കുറിച്ച് അറിയാനും ആ അറിവ് വരുംകാല ജീവിതത്തില്‍ പകര്‍ത്താനും ഉപകരിക്കപ്പെടേണ്ടതാണ്.

ഇങ്ങിനെ പ്രവാസം ഒരു അവധിയില്ലാതെ തുടരുകയാണ്. ആവശ്യങ്ങളും ആഗ്രഹങ്ങളും ഇതിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കാലം വരെ നമുടെ ഗള്‍ഫ് പ്രവാസം തുടരുക തന്നെ ചെയ്യും. അത്തരമൊരിടത്ത് വീണ് കിട്ടുന്ന ഓരോ അവധിക്കാലവും നമ്മുടെ നാട്ട് ചോലയിലേക്ക് പ്രവാസത്തെ പറിച്ച് നടാന്‍ നമുക്ക് സാധ്യമാക്കേണ്ടതുണ്ട്.

Content Highlights: Kerala Gulf diaspora