ശ്രീരംഗപട്ടണം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ
വാള്‍ത്തലപ്പില്‍ വിറപ്പിച്ചു നിര്‍ത്തിയ ടിപ്പു സുല്‍ത്താന്റെ തലസ്ഥാന നഗരി.
കോട്ടവാതില്‍ കടന്നു പോകുമ്പോള്‍ കാറ്റില്‍ പോലും
പ്രാചീന ഗന്ധങ്ങള്‍ വന്നു നിറയുന്നു.
കാവേരിയിലൂടെ വട്ടക്കൊട്ടയില്‍ തുഴഞ്ഞു നീങ്ങുമ്പോള്‍ മുഖത്ത് ഇളംകാറ്റിന്റെ ചുംബനം....
ചരിത്രമുറങ്ങുന്ന കാവേരിക്കരയിലൂടെ മമ്മുട്ടിയുടെ യാത്ര

വര്‍ഷങ്ങളെത്ര പോയ് മറഞ്ഞാലും മങ്ങിപ്പോവാത്ത ഒരു കലണ്ടര്‍ ചിത്രം പോലെയാണത്. ചിട്ടയൊപ്പിച്ച ചുവടുകള്‍ വെച്ച് കടും നിറമണിഞ്ഞ പടയാളികള്‍, വാദ്യഘോഷങ്ങള്‍, പൊന്നണിഞ്ഞ ആനയും അമ്പാരിയും, പാറിക്കളിക്കുന്ന കൊടിക്കൂറകള്‍ക്ക് പിന്നില്‍ രാജാവിന്റെ സവാരി. ഭൂതകാലത്തു നിന്നെന്നപോലെ നഷ്ടപ്രതാപത്തിന്റെ ഒരു മഹാഘോഷയാത്ര. മൈസൂര്‍ ദസറ. കടലുകള്‍ താണ്ടി സഞ്ചാരികള്‍ അതു കാണാനെത്തുന്നു.

3

പഴമക്കാരുടെ സംസാരത്തില്‍ പോലും ദേശത്തിന്റെ അതിരുകള്‍ ഉയര്‍ന്നു നില്‍ക്കും. വേര്‍തിരിവുകള്‍, വിഭജനങ്ങള്‍. കുട്ടിക്കാലത്ത് അത് ഞാന്‍ ഏറെ കേട്ടിട്ടുണ്ട്, പലയിടത്തും. പറഞ്ഞു വന്നാല്‍ ഞങ്ങള്‍ പഴയ കൊച്ചിരാജ്യക്കാരാണ്. പക്ഷേ ഏറനാടിന്റെയും കടത്തനാടിന്റെയും വള്ളുവനാടിന്റെയുമൊക്കെ സ്‌നേഹസ്പര്‍ശം ഞാനറിഞ്ഞു. എല്ലാം മതിലുകള്‍ തകര്‍ക്കുന്ന സിനിമയുടെ ഇന്ദ്രജാലം.

6

ഈ മൈസൂര്‍ കൊട്ടാരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത് ചുരമിറങ്ങിയെത്തുന്ന ബസ്സിലെ കുട്ടികളുടെ ആര്‍പ്പുവിളികളാണ്. സ്‌കൂള്‍കാലത്തെ എന്റെ ആദ്യത്തെ ദീര്‍ഘയാത്ര. അന്ന് കഴിച്ച മൈസൂര്‍പാക്കിന്റെ സ്വാദ് ഇപ്പോഴും നാവിലലിഞ്ഞു തീര്‍ന്നിട്ടില്ല. ഈ കൊട്ടാരക്കെട്ടുകളിലെ അടുക്കളയിലാണത്രെ പേരുകേട്ട ഒരു പാചകവിദഗ്ദ്ധന്‍ ആദ്യത്തെ മൈസൂര്‍പാക്കുണ്ടാക്കിയത്.
പലതിനും പുകള്‍പെറ്റ മൈസൂര്‍. ചന്ദനം, സില്‍ക്ക്, ഉദ്യാനങ്ങള്‍... മധുരവും മധുഗന്ധങ്ങളുമായി മൈസൂര്‍ വന്നു പുണരുന്നു.

7

ഇവിടെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഒരു പരസ്യചിത്രത്തിനായി വേഷമിടുമ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തു പോയത് യാദൃശ്ചികതകളെക്കുറിച്ചാണ്. ഈ ചിത്രവും ഒരു യാത്രയെപ്പറ്റിയാണ്. പല ഭാഷകളും വേഷങ്ങളും ആചാരങ്ങളും നിറഞ്ഞ ഇന്ത്യയെന്ന മഹാവിസ്മയമറിഞ്ഞ് ഒരാളുടെ സഞ്ചാരം. സംവിധായകന്‍ ശരത് തന്റെ സംഘത്തിനൊപ്പം ഒരുക്കങ്ങളുടെ തിരക്കിലാണ്.

8

നഗരം പതിയെ തണുപ്പിന്റെ പുതപ്പിനടിയില്‍ നിന്ന് ഉണര്‍ന്നു വരുന്നതേയുള്ളു. കാണെക്കാണെ പെരുകിവരുന്ന വാഹനങ്ങള്‍, നിറയുന്ന ശബ്ദഘോഷങ്ങള്‍. എല്ലാത്തിനും നടുവില്‍ മൈസൂര്‍ കൊട്ടാരം. പതിറ്റാണ്ടുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ മഹാസൗധം. ആംഗലവും ഹൈന്ദവവും ഇസ്ലാമികവുമായ വാസ്തുശൈലികളുടെ മനോഹരമായ സംഗമം. നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ലോകമെങ്ങും നിന്ന് കൊണ്ടുവന്നിരിക്കുന്ന മേല്‍ത്തരം വസ്തുക്കള്‍. സ്വപ്നതുല്യമായ കല്ല്യാണമണ്ഡപം, വിശാലമായ ദര്‍ബാര്‍. പ്രകാശം പാളിവീഴുന്ന ചില്ലുമകുടങ്ങളുളള മേല്‍ക്കൂരകള്‍ക്ക് താഴെ വിശാലമായ അകത്തളങ്ങള്‍. രാജാക്കന്‍മാര്‍ക്ക് കാലകാലങ്ങളായി ലഭിച്ച അപൂര്‍വ്വ സമ്മാനങ്ങള്‍, പെയിന്റിംഗുകള്‍ എല്ലാമുണ്ടിവിടെ. പക്ഷേ, ക്യാമറയ്ക്ക് കര്‍ശനമായ വിലക്കുണ്ട്. 

10

പുലര്‍വേളയില്‍ നഗരവീഥികളിലെ ഈ അലസസഞ്ചാരം പോലും എത്ര രസമാണ്. ബൈക്കിന്റെ ഓരോ കുതിപ്പിലും മുഖത്ത് ഇളം കുളിരിന്റെ ചുംബനങ്ങള്‍. 

12

പൊടിയടങ്ങാത്ത ഒരു സംഘട്ടനരംഗമാണ് മനസ്സിന്റെ ഫ്രെയിമില്‍. ചിത്രം ദളപതി. കലിതുള്ളുന്ന പോലീസിന്റെ താണ്ഡവം. തിക്കിലും തിരക്കിലും പെട്ട് പിടഞ്ഞുവീഴുന്ന ശെല്‍വിയെന്ന ഗീത. മനസില്‍ ഓമനിച്ച കുഞ്ഞ് പിറക്കും മുന്നേ കണ്‍മുന്നില്‍ കലങ്ങിച്ചുവക്കുന്നത് കണ്ട് നടുങ്ങി ദേവരാജന്‍ എന്ന ഞാന്‍. മണിരത്‌നത്തിന്റെ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ഞാന്‍ ഇവിടെ വന്നത്. വര്‍ഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും സംഗമത്തിന് ഒരു മാറ്റവും ഇല്ല.

പ്രണയം പോലെ സുന്ദരമായ പ്രകൃതി. കല്‍പ്പടവുകളില്‍ ചിലര്‍ മണ്‍മറഞ്ഞ പ്രിയപ്പെട്ടവര്‍ക്ക് തര്‍പ്പണം നടത്തുന്നു, ഇടിഞ്ഞുപൊളിഞ്ഞ പ്രാചീനമായ കല്‍ക്കെട്ടുകളില്‍ കുട്ടികളുടെ കളിചിരികള്‍. പിക്‌നിക് ഗ്രൂപ്പുകളുടെ ഫോട്ടോ ഷൂട്ട്. അരികില്‍ ഇളവെയിലില്‍ തിളങ്ങിയൊഴുകുകയാണ് കാവേരി.

13

കടവിലെ കുട്ടവഞ്ചിയില്‍ പതിയെ തുഴഞ്ഞു നീങ്ങുമ്പോള്‍ കാലം പിന്നിലേക്ക് പറക്കുംപോലെ. ഓളങ്ങള്‍ക്കുമേല്‍ ഉലഞ്ഞും ചെരിഞ്ഞും വഞ്ചി കറങ്ങിതിരിഞ്ഞു. ഞാന്‍ അഥര്‍വ്വം ഓര്‍ത്തു. 'പുഴയോരത്ത് പൂത്തോണി...'

14

വഞ്ചിയില്‍ നിന്ന് ഇറങ്ങി നടക്കുമ്പോഴാണ് ആ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്. 'ഇവിടെ നീന്തുന്നത് അപകടകരമാണ്. കുറച്ചു മാസം മുമ്പ് അഞ്ചു പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഏതു നേരവും വെള്ളവും ഒഴുക്കും കൂടാം.' തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ ചിരിച്ചു മറിഞ്ഞൊഴുകുന്ന പുഴ. 

16

അപൂര്‍വ്വമാണ് എനിക്കിതുപോലുള്ള ദിനങ്ങള്‍. തിരക്കുകള്‍ക്കു എതിരെ തുഴയാന്‍ തുനിഞ്ഞ് തോല്‍ക്കുന്നവനാണ് ഞാനെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. സമയത്തോട് പൊരുതി വീഴുന്ന പാവം പടയാളി. 

17


ഈ ശ്രീരംഗപട്ടണവും യുദ്ധഭൂമിയാണ്. യഥാര്‍ഥ പോര്‍നിലം. കരളുറപ്പുള്ള യോദ്ധാക്കളുടെ ചോര വീണ മണ്ണ്. സൂര്യനസ്തമിക്കാത്ത സാനമ്രാജ്യത്തെ വാള്‍ത്തലപ്പില്‍ വിറപ്പിച്ചു നിര്‍ത്തിയ ടിപ്പു സുല്‍ത്താന്റെ തലസ്ഥാന നഗരി. കോട്ടവാതില്‍ കടന്നു പോകുമ്പോള്‍ കാറ്റില്‍ പോലും പ്രാചീന ഗന്ധങ്ങള്‍ വന്നു നിറയുന്നു, ഇന്റര്‍നെറ്റില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ മനസ്സിലുടക്കിയ ഒരു ട്രാവല്‍ബ്ലോഗിലെ വാക്കുകളാണ് ഓര്‍മ വന്നത്. ''കാഴ്ചകള്‍ കൊണ്ട് ശ്രീരംഗപട്ടണം നിങ്ങളെ വിസ്മയിപ്പിച്ചെന്നു വരില്ല. പക്ഷേ, ചെവിയോര്‍ത്താല്‍, കാലത്തിന്റെ മുഴക്കങ്ങള്‍ കേള്‍ക്കാം.''

YATHRA
യാത്ര വാങ്ങാം

 ചെന്നൈയില്‍ പഴശ്ശിരാജയുടെ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഇവിടേയ്ക്ക് തിരിക്കുമ്പോള്‍ മനസ്സില്‍ ടിപ്പുവും പഴശ്ശിയും നിറഞ്ഞുനിന്നു. സാനമ്രാജ്യത്വത്തിനെതിരെ സ്വന്തം യുദ്ധമുഖങ്ങള്‍ തുറന്ന് അന്ത്യം വരെ പൊരുതിയ ധീരജന്മങ്ങള്‍.

ഏതാനും കാതമകലെയാണ് ആ സ്ഥലം. ടിപ്പു സുല്‍ത്താന്‍ അവസാന മൈസൂര്‍ യുദ്ധത്തില്‍ മരിച്ചു വീണ ഇടം. ചരിത്രം അദ്ദേഹത്തിന്റെ വാക്കുകളെ ഇങ്ങിനെ രേഖപ്പെടുത്തുന്നു. ''സ്വന്തം പടയാളികളെ മരണത്തിന്റെ വായില്‍ എറിഞ്ഞ് കൊടുത്ത് രാജാവ് രക്ഷപ്പെടണമെന്നോ? ഒരു കുറുക്കനായി ജീവിതം കഴിച്ചുകൂട്ടുന്നതിനേക്കാള്‍ എനിക്കിഷ്ടം കടുവയായി മരിക്കാനാണ്.''

1

ഭയമായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്. ഏതുനിമിഷവും തങ്ങള്‍ക്കുമേല്‍ ചാടിവീഴാന്‍ തക്കംപാര്‍ത്തിരിക്കുന്ന ഒരു കടുവയെപ്പോലെ സുല്‍ത്താനെ ബ്രിട്ടീഷുകാര്‍ കണ്ടു. സുല്‍ത്താന് കടുവയെ ഇഷ്ടമായിരുന്നു. ചീറിനില്‍ക്കുന്ന ആ ശൗര്യം ഒരര്‍ഥത്തില്‍ സുല്‍ത്താന്റെ തന്നെ ആത്മബിംബമായിരുന്നു. കുതിച്ചുചാടുന്ന കടുവയുടെ ചെറുരൂപങ്ങള്‍ അലങ്കരിച്ച അകത്തളങ്ങള്‍ ഏറെയുണ്ട് ശ്രീരംഗപട്ടണത്ത്.

അന്തിമ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ കോട്ട വളഞ്ഞ് ആക്രമിച്ചപ്പോള്‍ ടിപ്പു തന്ത്രപരമായി പിന്‍വാങ്ങി. പക്ഷേ കാവേരിയിലേക്ക് തുറക്കുന്ന പിന്നിലെ രക്ഷാമാര്‍ഗം തഴുതിട്ട് പൂട്ടിയിരുന്നു. കൂടെ നിന്നവരുടെ കൊടുംചതി. പൊന്നും പണവും പദവിയും കണ്ട് കണ്ണു മഞ്ഞളിച്ചവരുടെ ഒറ്റ്. പിടഞ്ഞു വീഴുമ്പോള്‍ മരണത്തേക്കാള്‍ ടിപ്പുവിന്റെ നെഞ്ചു പിളര്‍ന്നത് ഈ കൊടിയ വഞ്ചനയാവണം.

'സുല്‍ത്താന്‍ വീണു' എന്ന് ഒരാള്‍ വന്ന് പഴശ്ശിരാജയെ അറിയിക്കുന്ന ഒരു രംഗം 'പഴശ്ശിരാജ'യിലുള്ളത് ഞാന്‍ ഓര്‍ത്തു. ആ മരണം സ്വാതന്ത്ര്യത്തിനായുള്ള യുദ്ധങ്ങളെ വല്ലാതെ ഉലച്ചുകളഞ്ഞു.

ടിപ്പുവിന്റെ അന്ത്യവിശ്രമം ഗുംബസിലാണ്. പിതാവ് ഹൈദരാലിക്കായി ടിപ്പു തന്നെ പണി കഴിപ്പിച്ച മനോഹരമായ ശവകുടീരം. വിശ്വസ്തരായ പടയാളികള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സുല്‍ത്താന്റെ അന്ത്യനിദ്ര.

ടിപ്പുവിന്റെ വേനല്‍ക്കാല വസതി, ബ്രിട്ടീഷുകാരെ പാര്‍പ്പിച്ച തടവറ, മസ്ജിദ്, പിന്നെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍.. എല്ലാം ഈ ദ്വീപില്‍ കിലോമീറ്ററുകള്‍ മാത്രം ചുറ്റളവിനുള്ളിലാണ്.

യാത്ര അവസാനിക്കുകയാണ്. പൊടിപറക്കുന്ന നാട്ടുവഴികളിലൂടെ ബൈക്കു പായുമ്പോള്‍ എങ്ങും സ്വച്ഛമായ ഗ്രാമഭംഗികള്‍, ചേറണിഞ്ഞ് പാടത്തു നിന്ന് കയറി വരുന്ന കര്‍ഷകര്‍, പുല്‍ക്കെട്ടുകള്‍ തലയിലേന്തി സ്ത്രീകള്‍. കൗതുകം കണ്ണുകളില്‍ നിറച്ച് കുട്ടികള്‍. മലമുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോവുന്ന വഴിയില്‍ ഒരിടത്ത് പൊടുന്നനെ ഞാന്‍ വണ്ടി നിര്‍ത്തി. പെയ്യാന്‍ വെമ്പുന്ന ഇരുള്‍മേഘങ്ങള്‍ക്കിടയില്‍ ഏഴഴകുള്ള ഒരു മഴവില്ല്. മൊബൈലില്‍ അതു പകര്‍ത്തുമ്പോഴേക്കും ചുറ്റും ഇരുട്ട് വന്ന് പൊതിഞ്ഞു.

കോഴിക്കോട്ടേക്കുള്ള മടക്കയാത്രയില്‍ പിന്നിലേക്ക് പായുന്ന നഗരവെളിച്ചങ്ങളില്‍ മിഴിനട്ടിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു. എന്നായിരിക്കും ഇനി ഇതുപോലൊരു യാത്ര ?

20

ഗുണ്ടല്‍പേട്ടിലെയോ മാണ്ഡ്യയിലെയോ നാട്ടുവഴികളിലൂടെയുള്ള ഷൂട്ടിങ് യാത്രകള്‍ക്കിടെ സംശയം തോന്നിയാല്‍ വഴിപോക്കരോട് ചോദിക്കുന്നതാണ് മനസ്സില്‍ വന്നത്... എഷ്ടു ദൂരാ ഹോഗ ബേക്കു? (തനി മലയാളത്തില്‍ പറഞ്ഞാല്‍ ഇനിയുമെത്ര ദൂരം...)21
എപ്പോഴാണ് ആ യാത്ര? കഥാപാത്രങ്ങളുടെ അദൃശ്യമായ ഉടലുകള്‍ വെടിഞ്ഞ് ചെകിടടപ്പിക്കുന്ന മൊബൈലിന്റെ അലോസരങ്ങളില്ലാതെ മനസു മോഹിക്കുന്ന വഴികളിലൂടെ....

(2009 സെപ്റ്റംബര്‍-ഒക്ടോബര്‍ ലക്കം മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത് )