പ്രവാസികള്‍ക്ക് എന്നും മധുരമായ ഓര്‍മ്മകള്‍ നല്‍കുന്നതാണ് നാട്ടിലെ അവധിക്കാലം, പ്രവാസിയായ ഒറ്റക്കാരണത്താല്‍ നാട്ടിലെ പല ചടങ്ങുകളും പ്രവാസികള്‍ക്ക് നഷ്ടപ്പെടാറുണ്ട്, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണങ്ങളടക്കം. എന്നാല്‍ പ്രവാസിയായതു കൊണ്ട് മാത്രം ലഭിക്കുന്ന ഒത്തിരി നേട്ടങ്ങള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന ചെറിയ സന്തോഷങ്ങള്‍ക്കു വേണ്ടി വിലപിച്ചിട്ടെന്തു കാര്യം, പ്രവാസം ഭൂരിഭാഗവും സ്വയം തിരഞ്ഞെടുക്കുന്നതാണ്.
ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ നിയമം അനുസരിച്ചു വളരെ അത്യാവശ്യത്തിനു ഒഴിച്ച് മറ്റെന്തെങ്കിലും ആവശ്യത്തിന് ഒരു ദിവസത്തില്‍ കൂടുതല്‍ അവധി വേണമെങ്കില്‍ കുറഞ്ഞത് രണ്ട് ആഴ്ച മുന്‍പെങ്കിലും അനുവാദം വാങ്ങണം.
അത് കൊണ്ട് എന്റെ മിക്ക അവധികളും ഗുഡായിപ്പ് സിക് ലീവുകള്‍ ആയിരിക്കും. ആയിടക്ക് ഇവിടുത്തെ അടുത്ത സുഹൃത്തിന്റെ കല്യാണം വന്നു, ചെറുക്കന്റെയും പെണ്ണിന്റെയും പ്രത്യേക ക്ഷണം ഉണ്ടെങ്കില്‍ എന്ത് കാരണവശ്യാലും ചടങ്ങില്‍ പങ്കെടുക്കണം എന്നാണ് അതിന്റെ ഒരു ഇത്.. ആ സമയത്തു തന്നെയാണ് ബാങ്കോക്ക് ക്രിക്കറ്റ് ലീഗില്‍ ഞങ്ങളുടെ ടീം സെമി ഫൈനലില്‍ എത്തിയത്.
സെമി ഫൈനലും കല്യാണവും ഏകദേശം അടുത്ത ദിവസങ്ങളില്‍ ആയതു കൊണ്ട്, കല്യാണം കൂടേണ്ട എന്ന് വച്ചിരിക്കെ, ബുധനാഴ്ച രാവിലെ , സെമി ഫൈനല്‍ മാറ്റി വച്ചു എന്ന് അറിയിപ്പ് ലഭിച്ചു.
നേരത്തെ അറിഞ്ഞിരുന്നേല് കല്യാണത്തിനെങ്കിലും പോകാമായിരുന്നു, വീട്ടുകാരെയും കാണാമായിരുന്നു എന്നോര്ത്തിരിക്കുന്നതിനിടയില് പെട്ടെന്നൊരു ആശയം തോന്നി, നേരെ ബോസ്സിന്റെ അടുത്ത് ചെന്ന് കാര്യം അവതരിപ്പു. സാര്‍ എനിക്ക് കുറച്ചു ദിവസങ്ങളായി കുറെ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഒരു പൂര്‍ണ്ണ മെഡിക്കല്‍ ചെക്കപ്പ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്, ഇവിടുത്തെ ഹോസ്പിറ്റലില്‍ ചെയ്താല്‍ ഏകദേശം 70000 രൂപയോളം ആകും, നാട്ടില്‍ ടിക്കറ്റ് എടുത്തു പോയി ചെയ്താലും എല്ലാ ചിലവും കൂടി അതിന്റെ പകുതി പോലും ആകില്ല. ഒരു 3 ദിവസത്തെ അവധി കിട്ടിയാല്‍ , നാട്ടില്‍ പോയി ചെക്കപ്പും നടത്തി വീട്ടുകാരെയും കണ്ടിട്ട് വരാം, ഈ സ്ട്രെസ് കാരണം ജോലിയില്‍ ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല എന്നു കൂടി തട്ടി വിട്ടു.
ബോസ് സഹതാപം ആണോ പുച്ഛം ആണോ എന്നറിയാത്ത ഒരു ഭാവത്തോടെ എന്നെ നോക്കിക്കൊണ്ടു ചോദിച്ചു എപ്പോഴാണ് പോകേണ്ടത്, ഇന്ന് ടിക്കറ്റ് കിട്ടിയാല്‍ ഇന്ന് രാത്രി എന്ന് ഞാന്‍, അപ്പോള്‍ നിന്റെ സെമി ഫൈനലോ ?
വേറൊരു കാര്യം എന്തെന്ന് വച്ചാല്‍ ഞങ്ങള്‍ക്ക് എതിരെ കളിക്കേണ്ട ടീമിലെ അംഗമാണ് എന്റെ ബോസ് ''കളി മാറ്റി വച്ചു സാറേ,അടുത്ത ആഴച് ആണെന്നാ കേട്ടത് , ഓഹോ അതാണല്ലേ, ശരി, ശരി ഇപ്പോള്‍ അധികം തിരക്കൊന്നും ഇല്ലാത്ത സമയം ആയതു കൊണ്ട് ഓക്കേ പോയി സ്ട്രെസ് ഒക്കെ മാറ്റിയിട്ടു വാ, ക്യാഷ് വല്ലോം വേണമെങ്കില്‍ ഞാന്‍ ഒപ്പിട്ടു തരാം. അപ്പോഴേക്കും സമയം ഒരു രണ്ട് മണി ആയിട്ടുണ്ടാകും.
10 മണിക്കാണ് ഫ്ളൈറ്റ്, യുദ്ധകാല അടിസ്ഥാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തു, എയര്‍ ഏഷ്യ ഇപ്പോള്‍ നമ്മുടെ മുത്താണ് , നാളെ ആണ് കല്യാണം, പെട്ടെന്ന് ജോലിയൊക്കെ തീര്‍ത്തു വീട്ടിലെത്തി , ഒരു ഹാന്‍ഡ് ബാഗില്‍ കൊള്ളുന്ന കുറച്ചു ഡ്രസ്സ് എടുത്തു നേരെ എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു.
എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ നാട്ടിലെ സുഹൃത്തുക്കളുടെ പ്രമുഖ വാചകം ഓര്മ വന്നു .. നീ എപ്പോള്‍ വരുന്നു എത്ര തവണ വരുന്നു എന്നൊന്നും ഞങ്ങള്‍ക്കറിയേണ്ട പക്ഷെ സീസറിനുള്ളത് കൊണ്ട് വരണം, വീട്ടില്‍ പോകുന്ന കാര്യം ഇവിടെ ഉള്ളവരും അറിഞ്ഞിട്ടില്ല, അത് പോലെ വീട്ടില്‍ ഉള്ള ആരും അറിഞ്ഞിട്ടില്ല, നാട്ടിലുള്ള അടുത്ത കൂട്ടുകാരനെ വിളിച്ചു പറഞ്ഞു ' എടാ ഇന്ന് വൈകിട്ട് ഞാന്‍ എത്തും നീ നാളെ ഫുള്‍ ഫ്രീ ആയിരിക്കും, നമുക്ക് മണിമല വരെ പോകണം ഒരു കല്യാണം കൂടണം..
എമിഗ്രേഷന്‍ ഒക്കെ കഴിഞ്ഞു വാട്സ് ആപ്പ് നോക്കിയപ്പോഴാണ് ആ മെസ്സേജ് കണ്ടത്. സെമി ഫൈനല്‍ മാറ്റി വച്ചിട്ടില്ല ഞായറാഴ്ച തന്നെ ഉണ്ടാകും, എന്ന ക്യാപ്റ്റന്റെ മെസ്സേജ് കണ്ടത്, സര്‍പ്രൈസ് ആയിട്ട് നാട്ടില്‍ പോകുന്നത് കാരണം, ഗ്രൂപ്പില്‍ മെസ്സേജ് ഒന്നും അയച്ചിട്ടില്ലായിരുന്നു.. ബോസിനെ പറ്റിച്ചു രണ്ടു ദിവസം കൂടി ലീവ് എടുക്കാന്‍ ഉദ്ദേശം ഉള്ളത് കൊണ്ട് റിട്ടേണ്‍ ടിക്കറ്റ് എടുത്തില്ലായിരുന്നു, അതായിരുന്നു ഏക ആശ്വാസം.
കൊച്ചിയില്‍ എത്തി നേരെ ഒരു ടാക്സി പിടിച്ചു വീട്ടിലേക്കു, അതൊരു വല്ലാത്ത ഫീലിംഗ് ആയിരുന്നു വീട്ടുകാരെ അറിയിക്കാതെ വിദേശത്തു നിന്നും പെട്ടെന്ന് വീട്ടില്‍ എത്തുക,പെട്ടെന്ന് നമ്മളെ കാണുമ്പോള്‍ ഉള്ള അവരുടെ ആശ്ചര്യവും സന്തോഷവും നേരിട്ട് കാണുക, അത് അനുഭവിച്ചവര്‍ക്കേ മനസിലാകൂ, പല യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും യാത്ര ഒരു അത്ഭുതമായി തോന്നിയത് അന്നായിരുന്നു ..
അതിനേക്കാള്‍ വലിയ ആശ്ചര്യം ആയിരുന്നു നാട്ടിലെ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും..... ക്രിക്കറ്റ് കളിക്കണം എന്ന് പറഞ്ഞു നാലു ദിവസത്തെ അവധി മൂന്ന് ദിവസമായി ചുരുക്കി തിരിച്ചു പോയത്, കൂടാതെ എന്നെ ഗ്രൗണ്ടില്‍ വച്ച കണ്ട ബോസിനും..കളി എന്തായാലും ഞങ്ങള്‍ ജയിച്ചു. ഫൈനലിലും ജയിച്ച് കപ്പും സ്വന്തമാക്കി ..