മണല്‍ദേശങ്ങള്‍, മരുയാത്രകള്‍ മരുക്കാറ്റിനോടും ചൂടിനോടും പതീറ്റാണ്ടുകളോളം പൊരുതി നിന്നതുകൊണ്ടായിരിക്കണം ഈ ഗാഫ് മരങ്ങള്‍ ഇങ്ങനെ കുരുടിച്ച് കുറ്റിയായിപ്പോയത്. മരങ്ങളുടെ തൊലിപ്പുറത്തെ കാലത്തിന്റെ കൈവേലകളും അതിന്റെ തടിവണ്ണവും അവയുടെ പ്രായം വെളിപ്പെടുത്തുന്നുണ്ട്. 

മുന്‍പില്‍ മര്‍ഗം മരൂഭൂമി പരന്ന് കിടക്കുന്നു. ശൈത്യകാലം കഴിഞ്ഞതേ ഉള്ളൂ. അതുകൊണ്ടു തന്നെയാകണം ഗാഫടക്കമുള്ള ചെറുമരങ്ങളുടേയും കുറ്റിച്ചെടികളുടെയും പച്ചപ്പ് മണലിനിടയില്‍ ചിലയിടത്തൊക്കെ തെളിഞ്ഞ് കാണുന്നത്. മുന്‍പില്‍ മരൂഭൂമിക്കുമപ്പുറം ചക്രവാളത്തില്‍ സൂര്യന്‍ അസ്തമയത്തിലേക്ക് നടന്നിറങ്ങാനുള്ള തയ്യാറെടുപ്പുകളിലാണ്.

ഞങ്ങളിരിക്കുന്നതിന്റെ സമീപത്തായി വൃക്ഷ ശാഖകളെ വലം വെച്ച് കൊണ്ട് ധാരാളം ചെറുകിളികള്‍ പറക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ മരംകൊത്തി പൊത്തുകള്‍ പോലെ മരങ്ങളില്‍ ദ്വാരങ്ങളും കാണാനുണ്ട്. ഒരു ചെറുകാറ്റ് മണല്‍ത്തരികളെ പറത്തിക്കൊണ്ട് കടന്നുപോയി. അകലെ മരുഭുമിയിലൂടെ രണ്ടു പേര്‍ നടന്നുപോകുന്നു. 

പട്ടാണികളാകണം, പൈജാമയും കുര്‍ത്തയും. മരുഭൂമിയുടെ മടക്കുകള്‍ക്കിടയാലായി ചിലയിടത്തൊക്കെ ഫാമുകളുണ്ട്. ആടിനെയും ഒട്ടകത്തെയുമൊക്കെ വളര്‍ത്തുന്ന, ജലലഭ്യതയുള്ള സ്ഥലങ്ങളില്‍ പച്ചക്കറികള്‍ കൃഷിചെയ്യുന്ന ഫാമുകള്‍. അത്തരം കൃഷിയിടങ്ങില്‍ പണിയെടുക്കുന്നവരിലധികം പട്ടാണികളും ബംഗാളികളുമൊക്കെയാണ്. സര്‍ക്കാരില്‍ നിന്നും ഭൂഉടമകളായ അറബികളില്‍ നിന്നും ബധുക്കളില്‍ നിന്നുമൊക്കെ ഭൂമി പാട്ടത്തിനെടുത്ത് സ്വന്തമായി കൃഷി ചെയ്യുന്ന പട്ടാണികളും അവര്‍ക്കിടയിലുണ്ട്.

അന്നത്തെ ജോലികള്‍ തീര്‍ത്ത് അടുത്ത ഫാമിലെ സുഹൃത്തുക്കളെ കാണാനോ, ദൂരെ ഹൈവേ പിടിച്ച് അവിടെ നിന്ന് ഏതെങ്കിലും വാഹനത്തില്‍ കയറി നഗരത്തിലേക്ക് ആവശ്യസാധനങ്ങള്‍ വാങ്ങാനോ പോകുന്നവരായിരിക്കണം അവര്‍. ഏതായാലും മരുമണലിലെ യാത്ര പരിചിതമാണ് ആ കാലടികള്‍ക്കെന്ന് നടപ്പിന്റെ രീതിയും വേഗതയും തെളിയിക്കുന്നു. ഒരു കാറ്റുകൂടി വീശി. മുടിയിഴകള്‍ക്കിടയിലും കണ്ണിലും കാതിലും മണലു കോരിയിട്ടുകൊണ്ട് അത്ര ചെറുതല്ലാത്ത ഒരു മണല്‍ക്കാറ്റ്. 

margham
മണല്‍ക്കുന്നുകള്‍ക്കപ്പുറത്ത് സൂര്യന്‍ ചക്രവാളത്തിലേക്ക് താഴ്ന്നിറങ്ങിക്കഴിഞ്ഞു. ചക്രവളം മേഘാവൃതമായതിനാലാകണം, പ്രതീക്ഷിച്ചത്ര സുന്ദരമായില്ല ആ കാഴ്ച്ച. ചന്ദ്രനുദിച്ചിട്ടില്ല പക്ഷെ സൂര്യന്‍ മറഞ്ഞുക്കഴിഞ്ഞിട്ടും വിട്ടുപോകാന്‍കൂട്ടാക്കാതെ പകല്‍വെളിച്ചം ചുറ്റുപാടുകളിലൊക്കെ ഒളിച്ചുകളിക്കുന്നുണ്ട്. പുറകില്‍ മണല്‍ കുന്നുകള്‍ക്ക് താഴെ ചെറുചെടികള്‍ക്കൊണ്ടും ഇരുമ്പുവലകൊണ്ടും അതിരിട്ട കൃഷിയിടങ്ങളില്‍ പാക്കിസ്താനികള്‍ അപ്പോഴും ജോലിതുടര്‍ന്നുകൊണ്ടിരുന്നു. 

പാലക്കും പുതിനയും ചീരയുമടക്കമുള്ള നിരവധി ഇലത്തരങ്ങളാണ് ആ കൃഷിയിടത്തിലെ ഇപ്പോഴത്തെ വിളകള്‍. അറബി ഭക്ഷണത്തിലെ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ് ഈ ഇലകള്‍. കാരറ്റും കോവയ്ക്കയും ചെറുനാരങ്ങാപൂളും ഒട്ടേറെ തരം ഇലകളും ചേര്‍ന്ന ഈ പച്ചയിലക്കൂട്ടം ഭക്ഷണത്തോടൊപ്പം ഏറെ അകത്താക്കുന്നവരാണ് അറബികള്‍. 

Margam
മാംസഭക്ഷണത്തിന്റെ അമിതോപയോഗത്തിനിടയിലും ദഹനത്തിനും മറ്റുമായി അവരെ സഹായിക്കുന്നത് ഈ ഭക്ഷണരീതി തന്നെയാകും. അത്തരം ഇലത്തരങ്ങളാണ് ഫാമിലെ ഇപ്പോഴത്തെ പ്രാധാന കൃഷി. കിളികള്‍ മരച്ചില്ലകളില്‍ കൂടണഞ്ഞുകഴിഞ്ഞു. മരുഭൂമി കടന്നുപോയവര്‍ എവിടെയോ അപ്രത്യക്ഷരായി. വെളിച്ചം പതുക്കെ പിന്‍വാങ്ങിത്തുടങ്ങി. ദൂരെ എവിടെ നിന്നോ വൈദ്യുതവിളക്കുകളുടെ ഒരു നിര ദൃശ്യമാകുന്നുണ്ട്. ഒരു പക്ഷേ, മര്‍ഗം - അല്‍എൈന്‍ റോഡിന്റെ വിദൂര ദൃശ്യമാകണം ഈ രാക്കാഴ്ച്ചയില്‍ വെളിപ്പെടുന്നത്. 

പകല്‍ വെളിച്ചത്തില്‍ മണല്‍ക്കടലല്ലാതെ മറ്റൊന്നും ദൃശ്യമായിരുന്നില്ല അവിടെയൊന്നും. ഷാജി എന്തോ ആലോചനകളില്‍ മുഴുകിയിരിക്കുകയാണ്. അന്‍വര്‍ കണ്ണുകളടച്ച് കൈകള്‍ പുറകിലേക്ക് കെട്ടി മണലില്‍ ചാരിക്കിടന്നു. ഉച്ചക്ക് മുന്‍പേ ഇറങ്ങിയതാണ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരു ആര്‍ട്ട് എക്സിബിഷന്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രകാരന്‍മാരും അവരുടെ ചിത്രങ്ങളും. അന്‍വര്‍ ഒരു ചിത്രകാരന്‍ കൂടിയാണ്. ഔപചാരികമായി പഠിച്ചിട്ടില്ലെങ്കിലും നന്നായി വരക്കുന്ന വരാക്കാനിഷ്ടപ്പെടുന്ന മടിയനായ ഒരു ചിത്രകാരന്‍. 

വര്‍ഷത്തിലൊരിക്കല്‍ ജോലി ചെയ്യുന്ന കമ്പനികൊണ്ടുപോകുന്ന പുറംരാജ്യങ്ങളിലേക്കുള്ള ഉല്ലാസയാത്രയില്‍ നിന്ന് കൂട്ടം തെറ്റി മുങ്ങി അവിടത്തെ ആര്‍ട്ട് മ്യൂസിയങ്ങളിലും സ്റ്റുഡിയോകളിലും ചുറ്റിത്തിരിയുന്ന ഒരാള്‍. ഷാജിയുടെയും ഇഷ്ടവിഷയങ്ങളിലൊന്നാണ് ചിത്രകല. കാണാന്‍ ഇഷടമാണ് എന്നതൊഴിച്ചാല്‍ ചിത്രകലയുമായി ഒരു ബന്ധവുമില്ലത്ത ഞാനും അവരുടെ കൂടെ വെറുതെ അവിടെയാക്കെ കറങ്ങിത്തിരിഞ്ഞു. 

ചിത്രപ്രദര്‍ശന ഹാളില്‍ നിന്ന് പുറത്ത് കടന്നപ്പോള്‍ ട്രേഡ്സെന്റര്‍ അങ്കണത്തില്‍ തന്നെ താല്‍ക്കാലിക കൂടാരത്തില്‍ സൗജന്യ സിനിമാ പ്രദര്‍ശനം. ശീതികരിച്ച ഒരു ചെറു മള്‍ട്ടിപ്ലക്സ് തീയേറ്റര്‍. ചാരിക്കിടന്ന് സിനിമ കാണാനായി കനത്ത റെക്സിന്‍ ബെഡുകള്‍. കുറച്ച് നേരം അവിടെ കിടന്നുമയയങ്ങി. 

ഇപ്പോഴിതാ ഈ മണലില്‍. വെറുതെ ആ രണ്ടു കിടപ്പുകള്‍ താരമതമ്യം ചെയ്തു നോക്കി. ഓഷോയെ വായിക്കുന്ന സൂഫിസത്തിലും സെന്‍ബുദ്ധിസത്തിലും താല്‍പ്പര്യമുള്ള മതരഹിതമായ ഒരു ജീവിതം നയിക്കുന്ന ഷാജി യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടിയാണ്. യു. എ. ഇ യിലെയും ഒമാനിലെയും പല വഴികളിലൂടെയും കടന്നു പോയ ഷാജിയാണ് ഹൈവേയില്‍ നിന്ന് ഏറെ അകലെയല്ലാത്ത കൃഷിത്തോട്ടങ്ങള്‍ക്ക് പുറകിലായി മരുഭൂമിയുടെ തുടക്കത്തിലുള്ള മനോഹരമായ ഈ സ്ഥലത്തെക്കുറിച്ച് പറഞ്ഞതും ഇന്നത്തെ യാത്ര ഇങ്ങോട്ടാകാമെന്ന് നിര്‍ദ്ദേശിച്ചതും.

ദുബായില്‍ നിന്ന് ഹത്തയിലേക്കുള്ള റോഡ് വഴി ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ മര്‍ഗം കവലയിലെത്താം. അവിടെ നിന്ന് വലത്തോട്ട് തിരിച്ചാല്‍ അല്‍-എൈന്‍ റോഡായി. അവിടന്നങ്ങോട്ട് തുടങ്ങുകയായി മര്‍ഗത്തിന്റെ മരുക്കാഴ്ച്ചകള്‍.

യാത്ര വെറുതെയായില്ല. വെയില്‍ താഴുന്നതിന് മുന്‍പാണ് വഴിയരികില്‍ വണ്ടിയുപേക്ഷിച്ച്. ഒരു ബദു കുടുംബത്തിന്റെ ആടു വളര്‍ത്തല്‍ കേന്ദ്രവും അതിന് പുറകിലെ വിശാലമായ പച്ചക്കറിത്തോട്ടവും പിന്നിട്ട് കാല്‍നടയായി മര്‍ഗം മരുഭൂമിയിലെ ഗാഫ് മരങ്ങള്‍ നിറഞ്ഞ ഈയൊരു മണല്‍ക്കുന്നിന്റെ ചെരുവിലേക്കെത്തുന്നത്. ദൂരെ നോക്കെത്താ ദൂരത്തോളം മണല്‍ പരപ്പ്. മനോഹരമായ ഒരു ജലഛായാചിത്രത്തിന്റെ ചാരുതയുണ്ട് ആ മണല്‍ക്കാഴ്ച്ചയ്ക്ക്. വെളിച്ചവും നിഴലും ഒളിച്ചുകളിക്കുന്നു മണല്‍ക്കൂനകളുടെ നിന്മോന്നതങ്ങള്‍ക്കിടയില്‍. ചിത്രം ഇടക്കിടെ മാറ്റി വരച്ച് മരുക്കാറ്റ് ചുറ്റിത്തിരിയുന്നുണ്ട് അവിടെയൊക്കെ. േ

വനലിന്റെ ആരംഭമായെങ്കിലും സഹിക്കാവുന്ന പരിധി കടന്നിട്ടില്ല ഈ മരുഭൂമിയിലും ചൂട്. യു.എ.ഇ യുടെ ഔദ്യോദിക വൃക്ഷം കൂടിയാണ് ഗാഫ്. നമ്മുടെ രാജസ്ഥാന്റെയും ഔദ്യോദിക മരം ഇതു തന്നെ. മുപ്പത് മീറ്ററോളം ആഴത്തിലേക്കും ചുറ്റുപാടുകളിലേക്കും സഞ്ചരിക്കാന്‍ ഇതിന്റെ വേരുകള്‍ക്കാകുമത്രെ. കടുത്ത വേനലില്‍ - വരള്‍ച്ചയില്‍ ഇലകളൊക്കെ കൊഴിച്ച് ഈ മരങ്ങള്‍ കൂനിക്കൂടി അങ്ങിനെ നില്‍ക്കും. രാത്രി മഞ്ഞിനൊപ്പം എത്തുന്ന ജല കണങ്ങള്‍ മതി ഇതിന്റെ പച്ചപ്പിനെ പുറത്തെടുക്കാനെന്നത് മുസഫിര്‍ അഹമ്മദിന്റെ മരുക്കുറിപ്പുകളില്‍ എഴുതിയത് ഓര്‍മ്മവന്നു. 

മരുഭൂമിയുമായുള്ള ജീവന്റെ സംഘര്‍ഷത്തിന്റെയും അതിജീവനത്തെയും കുറിച്ചു പറയുമ്പോള്‍ ഗാഫ് മരത്തോളം പോന്ന മറ്റൊന്നുണ്ടാകില്ല ഉദാഹരിക്കാന്‍. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെയൊക്കെ വരണ്ട മരുപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഈ മരം മരുജീവിതത്തിന്റെ ഒരു പ്രധാനഘടകം കൂടിയാണ്. 

ഇതിന്റെ ഇല ഒട്ടങ്ങളുടെ പ്രധാനഭക്ഷണമാണ്. മരുയാത്രികര്‍ക്കും ഒട്ടകങ്ങള്‍ക്കും ബദുക്കള്‍ക്കും കത്തുന്ന അകാശത്തിനുതാഴെ വിശ്രമിക്കാന്‍ തണലു നല്‍കിയിരുന്ന ഈ മരം ബദുക്കളുടെ ജീവിതമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മരുനിവാസികളായ അവര്‍ ഇതിന്റെ തടി വിറകിനും മരപ്പണികള്‍ക്കുമായി ഉപയോഗിച്ചുപോന്നു. ഇതിന്റെ തളിരിലയും വിത്തും ഭക്ഷണത്തിനായി ഉപയോഗിച്ചു. ഇലച്ചാറ് നേത്രരോഗങ്ങള്‍ക്കും കായുടെ(വിത്തിന്റെ) തൊണ്ട് കര്‍ണ്ണരോഗങ്ങള്‍ക്കും ഇലത്തണ്ടുകള്‍ പല്ല് വേദനക്കുള്ള മരുന്നായും അവര്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ തോല് കത്തിച്ചെടുത്ത കരിയും വെള്ളവും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതമാണ് ഒടിഞ്ഞ എല്ലുകള്‍ യോജിപ്പിക്കാനായി വെച്ച് കെട്ടുമ്പോള്‍ ഉപയോഗിക്കുന്ന നാട്ടുമരുന്നുകളിലൊന്ന്. 

margham
സന്ധി വാതത്തിനും തേള്‍ വിഷത്തിനുമുള്ള ഔഷധമായി മരുനിവാസികള്‍ ഇതിന്റെ തോല്‍ ഉപയോഗിച്ച് പോന്നിരുന്നു. ഗാഫ് പോലെതന്നെ മരുപ്രദേശത്ത് മാത്രം വളരുന്ന മരങ്ങളും ചെറുസസ്യങ്ങളും പുല്ലുവര്‍ഗ്ഗങ്ങളും പൂക്കളുമുണ്ട്. അതൊക്കയുമായി ബന്ധപ്പെട്ട് ഒട്ടേറേ നാട്ടറിവുകളും. പുറമേക്കുള്ള വന്യഭാവത്തിനുള്ളില്‍ ഒട്ടേറെ അത്ഭുതങ്ങളും വൈവിധ്യങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്നു ഈ മണല്‍ക്കൂനകള്‍ ഇരുട്ട് കനത്ത് തുടങ്ങി. 'ഇനിമടങ്ങാം' ഷാജി പറഞ്ഞു. 

മണലിറക്കത്തിനിടയില്‍ ഓരോ ഗാഫ് വൃക്ഷച്ചുവട്ടിലെത്തുമ്പോഴും കിളികള്‍ ശബ്ദമുയര്‍ത്തി മരം വിട്ട് പറന്നകന്നു. അവരുടെ സ്വസ്ഥതയിലേക്ക് കടന്നുകയറി വന്നവരാണ് നമ്മളെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു ഷാജി. മരുഭൂമിയോട് അതിരിട്ട് നില്‍ക്കുന്ന കൃഷിയിടത്തിലെ തകര്‍ന്ന വേലിക്കുള്ളിലൂടെ നൂണ്ട് ഞങ്ങള്‍ ഉള്ളിലേക്ക് കടന്നു. ജോലി ചെയ്തിരുന്നവര്‍ പോയിക്കഴിഞ്ഞിരിക്കുന്നു. കുറച്ച് ഇലത്തരങ്ങള്‍ക്കുള്ള പൈസ അവര്‍ക്ക് കൊടുത്തേല്‍പ്പിച്ചാണ് ഞങ്ങള്‍ പോന്നിരുന്നത്.

നടവരമ്പില്‍ കൊടുത്തപൈസയേക്കാള്‍ എത്രയോ ഏറെ മൂല്യം വരുന്ന പച്ചയില കെട്ടുകള്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പണം കൊടുത്തില്ലെങ്കിലും വെറും കൈയ്യോടെ അവരാരെയും തിരിച്ചയക്കാറില്ലത്രെ. തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഒരു വിഹിതവും ഒട്ടകത്തിന്റെയും ആടിന്റെയുമൊക്കെ പാലും നല്‍കി വല്ലപ്പോഴും ഈ വഴി കടന്നു വരുന്ന യാത്രകരെ സല്‍ക്കരിക്കാന്‍ ഉത്സുകരാണ് അവര്‍. മണല്‍ദേശങ്ങളിലെ വെറും കാഴ്ച്ചാകൗതുകങ്ങള്‍ മാത്രമല്ല അവിടങ്ങളിലൊക്കെ സഹജീവനവും സ്നേഹവും കൂടി വെളിപ്പെടുത്തിത്തരുന്നുണ്ട് ഇവിടങ്ങളിലെ മരുയാത്രകള്‍...