രുഭൂമിയിലെ അദ്ഭുതങ്ങള്‍ തേടിയുള്ള സഞ്ചാരത്തിലാണ് മോഹന്‍ലാല്‍. ലോകത്തെ എട്ടാമത്തെ ഏറ്റവും വലിയ പള്ളിയായ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്ക് എന്ന വിസ്മയിപ്പിക്കുന്ന പുണ്യഗേഹത്തിലേക്ക് ലാലിന്റെ യാത്ര

കഴുത്ത് മുതല്‍ കാല്‍മടമ്പു വരെ അയഞ്ഞ് നീണ്ടു കിടക്കുന്ന 'കന്ദൂറ' എന്ന അറബി വേഷം ഞാന്‍ ആദ്യമായി ധരിക്കുന്നത് 'നാടോടിക്കാറ്റ്' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ഉരുവില്‍ നിന്നും ഗഫൂര്‍ക്ക ചൂണ്ടിക്കാണിച്ചു തന്ന തീരം ദുബായ് ആണെന്ന് വിശ്വസിച്ച് മദിരാശിയില്‍ എത്തിയ ദാസനും വിജയനും നഗരത്തിലൂടെ അലയുന്ന രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ഈ അലച്ചിലിനിടയില്‍ കുറേ റിക്ഷക്കാര്‍ എന്നെയും ശ്രീനിവാസനേയും വളയുന്നുണ്ട്. mohanlal

വുഡ്ലാന്റ്സ് ഹോട്ടലിനു മുന്നിലെ റോഡില്‍ വെച്ചായിരുന്നു അത് ചിത്രീകരിച്ചത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സൈക്കിള്‍റിക്ഷക്കാരാക്കി ആദ്യം ആ രംഗം ചിത്രീകരിച്ചെങ്കിലും സത്യേട്ടന് (സത്യന്‍ അന്തിക്കാട്) തൃപ്തിയായില്ല. ഒടുവില്‍ യഥാര്‍ഥത്തിലുള്ള റിക്ഷക്കാരെ വച്ചാണ് അദ്ദേഹം അത് ചിത്രീകരിച്ചത്. ആ സമയത്താണ് അറബിവസ്ത്രമണിഞ്ഞ് ഓടാനും വേഗത്തില്‍ നടക്കാനുമെല്ലാം എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കു മനസിലായത്. പക്ഷെ, മദിരാശിയിലെ കൊല്ലുന്ന കത്തിരിച്ചൂടിന്റെ ആ സമയത്ത് ആ വസ്ത്രം വലിയ ആശ്വാസമായിരുന്നു. ഇപ്പോള്‍, അബുദാബിയുടെ ആകാശത്തിനു കീഴെ, ഒട്ടകങ്ങള്‍ ചരിക്കുന്ന മണലില്‍, കന്ദൂറയുമിട്ട്, തലയില്‍ തുണിവെച്ച് കറുത്ത വട്ടക്കെട്ടും കെട്ടി നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ ആ കാലം ഓര്‍ത്തുപോകുന്നു. ആ ഓര്‍മ്മയുടെ തണുപ്പില്‍, ചൂടു കൂടിയ യു.എ.ഇ മണ്ണിലൂടെയുള്ള യാത്ര തുടങ്ങുന്നതിന് ഒരു പ്രത്യേക സുഖമുണ്ട്.mohanlal

ഗള്‍ഫില്‍ പോകുന്ന ആളുകളെയൊന്നും കണ്ടുവളരാത്ത ഒരു ബാല്യമായിരുന്നു എന്റേത്. അക്കാലത്ത് ഗള്‍ഫ് ഇങ്ങിനെയൊന്നുമായിരുന്നില്ല എന്നത് ഒന്നാമത്തെ കാര്യം. പിന്നെ, മലബാറിലേതുപോലെ ഗള്‍ഫ് കുടിയേറ്റം തിരുവിതാംകൂറില്‍ അത്ര സജീവമല്ലായിരുന്നു. അതുകൊണ്ട് തന്നെ ഗള്‍ഫ് യാത്ര എന്റെ സ്വപ്നങ്ങളിലേ ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് ഇവിടെയൊരു വീടുണ്ട്, ഒരുപാട് സുഹൃത്തുക്കളുണ്ട്, വീണ്ടും വീണ്ടും കാണാന്‍ ഇഷ്ടപ്പെടുന്ന കാഴ്ചകളുമുണ്ട്.
യു.എ.ഇ യാത്ര തുടങ്ങേണ്ടത് അബുദാബിയില്‍ വെച്ചാണ് എന്ന് ഞാന്‍ പറയും. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ആസ്ഥാനം ഇവിടെയായതുകൊണ്ടല്ല ഞാന്‍ ഇങ്ങനെ പറയുന്നത്. ഈ നാടിന്റെ വളര്‍ച്ചയുടെ ചരിത്രം ഇവിടെയാണ് കിടക്കുന്നത്. വെറുമൊരു മരുപ്പരപ്പായിരുന്ന ഈ ദേശത്തിനെ സ്വര്‍ഗതുല്യമാക്കിയെടുത്ത ഷെയ്ഖ്സായദ് എന്ന സായദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്‍ ജീവിച്ചതും ദീര്‍ഘവീക്ഷണത്തോടെയും ജനസ്നേഹത്തോടെയും പ്രവര്‍ത്തിച്ചതും ഇവിടെവെച്ചാണ്. സ്മരണകളില്‍പോലും ഊര്‍ജം പകര്‍ന്നുകൊണ്ട് അദ്ദേഹം ഉറങ്ങുന്നതും ഇവിടെ തന്നെ.

കടലും മരുഭൂമിയും വന്ന് മുട്ടുന്ന ഈ മണ്ണില്‍ മുത്തുവാരിയും മീന്‍പിടിച്ചും മരുഭൂമിയില്‍ ഒട്ടകങ്ങളെ മേച്ചുമാണ് മനുഷ്യര്‍ ജീവിച്ചിരുന്നത്. വാസ്‌കോഡഗാമയും ഇംഗ്ലീഷുകാരുമെല്ലാം ഇവരെ ഭരിച്ചു. ബദുക്കള്‍ എന്ന മരുഭൂഗോത്രക്കാര്‍ ഈന്തപ്പനപ്പട്ട ചീന്തിയെടുത്ത് വീടുണ്ടാക്കി, അതില്‍ വസിച്ചു. 1960 കളില്‍ എണ്ണയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് മരുഭൂമിയുടെ മുഖം മാറാന്‍ തുടങ്ങിയത്.

yathra
യാത്ര വാങ്ങാം

 പണം മാത്രം മതിയായിരുന്നില്ല ഇത്തരം ഒരു മാറ്റത്തിന്, ദൃഡനിശ്ചയവും ദീര്‍ഘവീക്ഷണവുമുള്ള ഒരു ഭരണാധികാരി കൂടി വേണ്ടിയിരുന്നു. ആ സ്ഥാനത്തേക്കാണ് ഷേയ്ഖ്സായദ് ഉയര്‍ന്നു വന്നത്.

ഇസ്ലാമിന്റെ പ്രാഥമികപാഠങ്ങള്‍ മാത്രം പഠിച്ച അദ്ദേഹത്തിന് ബദുക്കളുടെ ഇടയിലുള്ള ആദ്യകാലജീവിതമാണ് സാധാരണ മനുഷ്യന്റെ ലോകം കാണിച്ചുകൊടുത്തത്. അതുകൊണ്ടു തന്നെ മരിക്കുന്നതുവരെ ഏറ്റവും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ക്കു പോലും അദ്ദേഹം ചെവികൊടുത്തിരുന്നു. യു. എ. ഇയില്‍ പാര്‍ലമെന്ററി ജനാധിപത്യം കൊണ്ടുവരുന്നതിനെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് ചോദിച്ചപ്പോള്‍ ഷെയ്ഖ് സായദ് പറഞ്ഞ ഉത്തരം പ്രസിദ്ധമാണ്:

Mohanlal

'നിലവിലുള്ള സംവിധാനത്തില്‍ ജനങ്ങള്‍ തൃപ്തരായിരിക്കുമ്പോള്‍ എന്തിനാണ് പുതിയൊരു സംവിധാനം കൊണ്ടുവരുന്നത്? ഞങ്ങളുടേത് മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവിധാനമാണ്, ജനങ്ങള്‍ക്ക് അതാണ് വേണ്ടതും. അവര്‍ക്ക് ഒരു മാറ്റം ആവശ്യമാണെങ്കില്‍ ഞങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. ജനങ്ങള്‍ അവരുടെ ആവശ്യം തുറന്നുപറയണമെന്ന് ഞങ്ങള്‍ എപ്പോഴും പറയാറുണ്ട്. ഞങ്ങളെല്ലാം ഒരേ വഞ്ചിയിലാണ്, ജനങ്ങള്‍ ഒരേ സമയം വഞ്ചിക്കാരനും യാത്രക്കാരനുമാണ്. എല്ലാ അഭിപ്രായങ്ങള്‍ക്കു മുന്നിലും ഞങ്ങളുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നു....'

Mohanlal

ഈ തുറന്ന സമീപനവും ജനക്ഷേമ താത്പര്യവും അബുദാബിയുടെ ഓരോ അണുവിലും കാണാം. അമ്പരപ്പിക്കുന്ന വേഗത്തിലാണ് ഇവിടെ സൗകര്യങ്ങളും ജീവിതവും വികസിക്കുന്നത്. വൃത്തിയുള്ളതും വെട്ടിത്തിളങ്ങുന്നതുമായ റോഡുകളില്‍ മുതല്‍ മനുഷ്യനിര്‍മ്മിതമായ ദ്വീപുകളില്‍ വരെ നിശ്ചയദാര്‍ഢ്യവും കാഴ്ചപ്പാടും തൊട്ടറിയാം. മനുഷ്യന്‍ നിര്‍മ്മിച്ച 'യാസ് ഐലന്റി'ലാണ് ഞാന്‍ ഇത്തവണ താമസിച്ചത്. കടലിനടിയിലൂടെ വരാന്‍ പോകുന്ന സ്ഫടിക ഇടനാഴിയെ കുറിച്ച് കേട്ടു. മീനുകളെയും മുത്തുച്ചിപ്പികളെയും കണ്ടുകൊണ്ടുള്ള ആ യാത്ര ഒരു നിമിഷം ഞാന്‍ സ്വപ്നം കണ്ടു.

Mohanlal

അബുദാബിയില്‍ വരുന്നവര്‍ ആദ്യം ചെന്നു കാണേണ്ട സ്ഥലങ്ങളിലൊന്നാണ് ഷെയ്ഖ് സായദ് ഗ്രാന്‍ഡ് മോസ്‌ക്. യു.എ.ഇയിലെ ഏറ്റവും വലിയപള്ളിയാണ് ഇത്. ലോകത്തിലെ എട്ടാമത്തെ ഏറ്റവും വലിയ പള്ളിയും.

Mohanlal

അതിരാവിലെയാണ് ഞാന്‍ ശില്‍പസുന്ദരമായ ആ പ്രാര്‍ഥനാലയം കണ്ടത്. അതും ഒരു വെള്ളിയാഴ്ച. പ്രഭാതവെയിലില്‍ ആ പള്ളി ഒരു രത്നം പോലെ തിളങ്ങി. മുഖ്യമായും ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് മുഗള്‍-മൂറിഷ് പള്ളികളുടെ വാസ്തുവിദ്യാശൈലികള്‍ കലര്‍ത്തി നിര്‍മ്മിച്ചതാണ്. ലാഹോറിലെ ബാദ്ഷാഹി പള്ളിയുടെയും കസാബല്‍ങ്കയിലെ ഹസ്സന്‍-കക പള്ളിയുടെയും നേരിട്ടുള്ള സ്വാധീനവും ഇതില്‍ കാണാം.

Mohanlal

ഒരേ സമയം 40000 പേര്‍ക്ക് ഈ പള്ളിയില്‍ പ്രാര്‍ഥിക്കാം. പ്രധാന പ്രാര്‍ഥനാ ഹാളില്‍ 9000 പേര്‍ക്ക് നിസ്‌കരിക്കാം. 377 അടി ഉയരമുള്ള നാല് മിനാരങ്ങള്‍ നാല് വശത്തും ഉയര്‍ന്നു നില്‍ക്കുന്നു. പലയിടങ്ങളിലായി 57 മിനാരങ്ങള്‍ വേറെയും.

Mohanlal

ലോകത്തിലെ ഏറ്റവും വിശാലമായ പരവതാനി ഈ പള്ളിക്കകത്താണ്. ഇറാനിയന്‍ കലാകാരനായ അലി ഖലീകി നിര്‍മ്മിച്ച പരവതാനിയുടെ വലുപ്പം 60570 സ്‌ക്വയര്‍ഫീറ്റ്. 47 ടണ്‍ ഭാരമുള്ള പരവതാനി നിര്‍മ്മിക്കാന്‍ 1200 നെയ്ത്തുകാരും 20 സാങ്കേതിക വിദഗ്ധരും 30 മറ്റുപണിക്കാരും വേണ്ടി വന്നു.

Mohanlal

ലോകത്തിലെ ഏറ്റവും വലിയ സ്ഫടിക ബഹുശാഖ അലംകൃതവിളക്കും (Chandelier) ഇവിടെയാണ്. ജര്‍മ്മനിയില്‍ നിര്‍മ്മിച്ച ഇതിന് 49 അടി ഉയരവും 33 അടി വ്യാസവുമുണ്ട്. പള്ളിയുടെ മറ്റൊരു പ്രത്യേകത നിര്‍മാണത്തിന്റെ പ്രൊജക്റ്റ് ഡയറക്ടര്‍ ഒരു വനിതയാണ് എന്നതാണ്. ഖൊവ്ല സുലൈമാന്‍ അല്‍ സുലൈമാനി എന്ന എഞ്ചിനിയര്‍.

Mohanlal

പുരാതനകാലത്തെ ശില്‍പഭംഗികള്‍ അവസരം കിട്ടുമ്പോഴെല്ലാം തേടിനടന്നു കാണുന്ന എനിക്ക് ആധുനിക കാലത്തെ ഈ അത്ഭുതം മനുഷ്യന് ഇപ്പോഴും ഇങ്ങിനെയൊക്കെ സാധ്യമാണ് എന്ന് വെളിവാക്കി തന്നു. നിറഞ്ഞ സന്ധ്യയ്ക്ക് ഗ്രാന്‍ഡ് മോസ്‌കിന്റെ കാഴ്ച അവര്‍ണനീയമാണ്. അസ്തമനസൂര്യന്റെ ചുവന്ന രശ്മികള്‍ വെളുത്ത മാര്‍ബിള്‍ പ്രതലത്തില്‍ വന്നു വീഴുമ്പോള്‍, ദൃശ്യം വിഷാദ പൂര്‍ണമാകുന്നു. ആ കാഴ്ചയ്ക്ക് വൈകാരിക സ്പര്‍ശം നല്‍കുന്ന ഒരു കാര്യം കൂടിയുണ്ട് ഈ പള്ളിയില്‍: ഇതിനോട് ചേര്‍ന്നാണ് ഷെയ്ഖ് സായദിന്റെ ഖബര്‍. ഉന്നതനായ ഭരണാധികാരിക്ക് ഉത്തമമായ നിദ്രാസ്ഥലം..

Mohanlal

Mohanlal

 (ജൂണ്‍ 2011 ലക്കം മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)