തിരകളും ചെങ്കല്‍ക്കോട്ടയും പഞ്ചാരമണലും തീര്‍ക്കുന്ന വ്യത്യസ്തമായൊരു വര്‍ണസങ്കലനം. പ്രകൃതിരമണീയമായ കടല്‍ത്തീരവും ആര്‍ത്തിരമ്പുന്ന തിരമാലകളും തിരകളെ തഴുകിയെത്തുന്ന കാറ്റും കോട്ടമതിലില്‍ തട്ടിച്ചിതറുന്ന തിരമാലകള്‍ തീര്‍ക്കുന്ന വെണ്‍മുത്തുകളും. സായംസാന്ധ്യയില്‍ കോട്ട കാല്പനിക ഭാവമണിയും. ഒരുപക്ഷേ, ഇതിന്റെ സൗന്ദര്യം ആദ്യമായി ഫ്രെയിമിലൊതുക്കി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ഇന്ത്യന്‍ സിനിമയുടെ മാസ്റ്റര്‍ സംവിധായകരില്‍ ഒരാളായ മണിരത്‌നമാണ്. 'ഉയിരേ, ഉയിരേ...' എന്ന ഗാനം ഒഴുകിയെത്തുമ്പോള്‍ മനസ്സിലുണരുന്നത് ബേക്കലിന്റെ ചിത്രമാണല്ലോ. 

പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായിക്ക് നിര്‍മിച്ചതാണ് ബേക്കല്‍ കോട്ട. കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ക്കോട്ടയാണിത്. നാല്പതേക്കറില്‍, ഏകദേശം വൃത്താകൃതിയില്‍ കിടക്കുന്ന കോട്ടയുടെ മൂന്ന് വശവും കടലാണ്. കോട്ടയുടെ പ്രവേശന കവാടത്തിനടുത്ത് 'ആഞ്ജനേയ' ക്ഷേത്രമുണ്ട്. തെക്കു ഭാഗത്തുള്ള കടല്‍ത്തീരത്തോട് ചേര്‍ന്ന് പൂന്തോട്ടവും. രാവിലെ എട്ടര മുതല്‍ അഞ്ചരവരെയാണ് പ്രവേശന സമയം. പതിനഞ്ച് രൂപയാണ് ടിക്കറ്റ് ചാര്‍ജ്. കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട.

Bekal Fort

സമുദ്രനിരപ്പില്‍ നിന്ന് 130 അടിയാണ് ഉയരം. കോട്ടയോട് ചേര്‍ന്ന് വെടിമരുന്ന് സൂക്ഷിക്കുന്ന അറകളുണ്ട്. കോട്ടയുടെ വലതുഭാഗത്തായുള്ള പള്ളി ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണെന്ന് കരുതുന്നു. കോട്ടഗോപുരത്തിന് 30 അടി ഉയരവും 80 അടി ചുറ്റളവുമാണ്. പ്രവേശനകവാടം കടന്ന് വളഞ്ഞു കിടക്കുന്ന വഴിയെ വേണം കോട്ടയ്ക്കുള്ളിലെത്താന്‍. കോട്ടയുടെ മധ്യത്തിലായി 80 അടി ഉയരത്തിലാണ് നിരീക്ഷണ ഗോപുരം. ആറടി വീതിയില്‍ ഇവിടത്തേക്ക് ചെങ്കല്‍ പാകിയ ഒരു ചെരിഞ്ഞ നടപ്പാതയും ഉണ്ട്. എല്ലാ ഭാഗത്തും കൊത്തളങ്ങളുണ്ട്. 

പടിഞ്ഞാറു ഭാഗത്തുള്ള ചെറിയ പ്രവേശനദ്വാരം കടന്ന് പടവുകളിറങ്ങിയാല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ, ചെറുതെങ്കിലും മനോഹരമായ ബീച്ച്. വലതു വശത്ത് കടലിലേക്ക് കൈനീട്ടി നില്‍ക്കുന്ന കൊത്തളം.
മഴക്കാലത്ത് കലിയിളകുന്ന കടലും മഴയും കോട്ടയും ചേരുമ്പോള്‍ മറ്റൊരു ഭാവമായിരിക്കും. ശരിക്കും ബേക്കല്‍ കാണാന്‍ പറ്റിയ സമയം മണ്‍സൂണ്‍ കാലമാണ്. മണ്‍സൂണ്‍ കാലമായാല്‍ കോട്ട പച്ചയണിയും. അപ്പോള്‍ ബേക്കല്‍ കൂടുതല്‍ സുന്ദരിയാവും. കടലില്‍ ഇറങ്ങാതെ ശ്രദ്ധിക്കണമെന്നു മാത്രം.

Bekal Fort

ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ഇപ്പോള്‍ ഇവിടത്തെ വിനോദസഞ്ചാരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ ചുമതല. കോട്ടയുടെ നിയന്ത്രണം പൂര്‍ണമായും പുരാവസ്തു വകുപ്പിനാണ്. ചരിത്രപ്രധാന്യമുള്ള കേന്ദ്രമായതിനാല്‍ കോട്ടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്. ബേക്കല്‍ കോട്ട കേന്ദ്രീകരിച്ച് വലിയപറമ്പ് കായല്‍ യാത്ര, റാണിപുരം, കോട്ടഞ്ചേരി, പൊസാഡിഗുംപെ  ട്രക്കിങ് യാത്രകള്‍, മധൂര്‍, അനന്തപുരം ക്ഷേത്രങ്ങള്‍, മാലിക്ദിനാര്‍ പള്ളി എന്നിവിടങ്ങളിലേക്കുള്ള ആത്മീയ യാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തവും ആകര്‍ഷകവുമായ ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ട്. 

ബേക്കലും പരിസരങ്ങളിലുമായി ധാരാളം നക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും സമീപത്തുള്ള വലിയപറമ്പ് ബാക് വാട്ടറില്‍ ഹൗസ്‌ബോട്ടുകളും സഞ്ചാരികളെ വരവേല്‍ക്കാന്‍ സജ്ജമാണ്. അതിന് കാശൊത്തിരിയാവും. കാശു കുറഞ്ഞ താമസത്തിന് നീലേശ്വരത്തെയോ കാഞ്ഞങ്ങാട്ടെയോ കാസര്‍കോട്ടെയോ ചെറുകിട ഹോട്ടലുകളെ ആശ്രയിക്കാം.  കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലും നിത്യാനന്ദാശ്രമത്തിലും താമസ സൗകര്യമുണ്ട്. ആശ്രമത്തിലെ ചിട്ടവട്ടങ്ങള്‍ക്കൊപ്പം താത്പര്യമുള്ളവര്‍ക്ക് ഇതും തിരഞ്ഞെടുക്കാം.

വഴി പറയാം

കോഴിക്കോടു നിന്ന് നേരെ ദേശീയപാതയിലൂടെ തന്നെ പിടിച്ചാല്‍ മതി. 171 കിലോമീറ്റര്‍ വടകര, തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് നീലേശ്വരം, കാഞ്ഞങ്ങാട് കഴിഞ്ഞ് പള്ളിക്കരയില്‍ നിന്ന് മുന്നോട്ട് പോവുമ്പോള്‍ ഇടതുവശത്തെ എല്‍. പി. സ്‌കൂളിനടുത്തു കൂടി ഇടത്തോട്ട് തിരിഞ്ഞ് അല്പം പോയാല്‍ മതി. തീവണ്ടിയിലാണ് പോവുന്നതെങ്കില്‍ കാഞ്ഞങ്ങാട്ട് ഇറങ്ങി അങ്ങോട്ട് ബസ്സിന് പോവാം. 12 കിലോമീറ്റര്‍. അല്ലെങ്കില്‍ കാസര്‍കോട്ട് ഇറങ്ങി ഇങ്ങോട്ട് ബസ്സിന് വരാം. 15 കിലോമീറ്റര്‍. പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന ബേക്കല്‍, സ്റ്റേഷന്‍ രണ്ട് കിലോമീറ്റര്‍ അകലെയാണ്.  
 അനന്തപുരം ക്ഷേത്രം 30 കി.മീ., ആനന്ദാശ്രമം 15 കി.മീ., ചന്ദ്രഗിരി കോട്ട 12 കി.മീ, ഹോസ്ദുര്‍ഗ് കോട്ട 13 കി.മീ, കാപ്പില്‍ കടല്‍ത്തീരം 6 കി.മീ., നിത്യാനന്ദാശ്രമം 13 കി.മീ, വലിയപറമ്പ് ബാക് വാട്ടര്‍ 32 കി.മീ, മധൂര്‍ക്ഷേത്രം 19 കി.മീ എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രങ്ങള്‍.