അവധിക്കാലം ഉല്ലാസയാത്രകളുടെ ദിനങ്ങള്‍ കൂടിയാണ്. കാഴ്ചകള്‍ നുകരാം... മനം നിറയെ... എറണാകുളം ജില്ലയിലെ ചില വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ   

കാഴ്ചയുടെ കവാടം തുറന്ന് ഭൂതത്താന്‍കെട്ട്

bhoothathankettu

പശ്ചിമഘട്ടത്തിന്റെ വന്യതയും സൗന്ദര്യവും തുറന്ന് അവധിക്കാലം അടിച്ചുപൊളിക്കാന്‍ ഭൂതത്താന്‍കെട്ട് ഒരുങ്ങി... ബോട്ടുസവാരി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഇക്കുറി ആഭ്യന്തരവിദേശ ടൂറിസ്റ്റുകളുടെ വരവ് ഏറിയിട്ടുണ്ട്. ഒരു ഡസനോളം ബോട്ടുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. നേര്യമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ എന്നിവിടങ്ങളിലേക്ക് പെരിയാറിലൂടെ ബോട്ട്‌സവാരി ചെയ്യാം. ഇതിനായി സ്പീഡ് ബോട്ടുകളും ഹൗസ്‌ബോട്ടുകളും ഉണ്ട്. സവാരിക്കിടെ കണ്ണോടിച്ചാല്‍ ഓരോ കോണിലും വൈവിധ്യമുള്ള കാഴ്ചകള്‍ കാണാം.

ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍, ഡാമും സമീപത്തെ കുട്ടികളുടെ പാര്‍ക്കും ഐതീഹ്യം നിറഞ്ഞ പഴയ ഭൂതത്താന്‍കെട്ടിലേക്കുള്ള ട്രക്കിങ്, മുനിയറകള്‍, ഗുഹകള്‍, ഡി.ടി.പി.സി. തടാകത്തില്‍ പെഡല്‍ ബോട്ട്കയാക്കിങ് സവാരി, ഈറ്റയും ഇല്ലിയും ഉപയോഗിച്ച് 30 അടി ഉയരത്തില്‍ നിര്‍മിച്ച ഏറുമാടങ്ങള്‍, ഏഴ് ഫാമിലി ഹട്ടുകള്‍ തുടങ്ങി സഞ്ചാരികള്‍ക്ക് ഹരം പകരുന്ന കാഴ്ചകളുമാണ്.

ബോട്ടില്‍ ജലയാത്ര

bhoothathankettu

ഡി.ടി.പി.സി. ജെട്ടിക്ക് സമീപത്തു നിന്നാണ് ജലയാത്ര തുടങ്ങുന്നത്. ഇവിടെ നിന്ന് നേര്യമംഗലം വരെയും കുട്ടമ്പുഴ വരെയും യാത്രയുണ്ട്. നേര്യമംഗലത്തന് 19 കിലോമീറ്റര്‍ ദൂരമുണ്ട്. ചെറിയ സ്പീഡ് ബോട്ടില്‍ അഞ്ചുപേര്‍ക്ക് യാത്ര ചെയ്യാം. പന്ത്രണ്ട് പേര്‍ക്ക് കയറാവുന്ന ബോട്ടും ഉണ്ട്. ഹൗസ് ബോട്ടില്‍ 14 മുതല്‍ 29 പേര്‍ക്ക് വരെ കയറാം. ലൈഫ് ജായ്ക്കറ്റുകള്‍ നിര്‍ബന്ധമാണ്. 

 വഴിയില്‍ കാട്ടാനക്കൂട്ടം വെള്ളം കുടിക്കാന്‍ പെരിയാറില്‍ ഇറങ്ങി നീരാടുന്നതും മാനും മ്ലാവും പുല്‍മേടുകളില്‍ മേയുന്നതുമായ കൗതുകക്കാഴ്ചകള്‍ കാണാനാകും.

എക്കോ പോയിന്റും കടന്ന് തൂക്കുപാലത്തിലൂടെ 

 പാലമറ്റത്ത് കാളക്കടവിലെ എക്കോ പോയിന്റ് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഏറെ ആസ്വാദ്യകരമായ ഒരിടമാണ്. പണ്ട് വണ്ടിക്കാളകളെയും പശുക്കളെയും വനത്തിലേക്ക് തീറ്റയ്ക്കായി തുറന്നുവിടുന്ന കടവ്, പിന്നീട് കാളക്കടവായി മാറി. കടവിനക്കരെ തട്ടേക്കാട് പക്ഷിസങ്കേതമാണ്. പെരിയാറിനക്കരെ മൂന്നുവശവും മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ഒരു കിലോമീറ്റര്‍ കൂടി മുമ്പോട്ട് പോയാല്‍ ഇഞ്ചത്തൊട്ടിയില്‍ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം കാണാം. 

പാലത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ കൂടി പോയാല്‍ നേര്യമംഗലം ആര്‍ച്ച് പാലം കാണാം. 214 മീറ്റര്‍ നീളവും 4.9 മീറ്റര്‍ വീതിയില്‍ എറണാകുളംഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നേര്യമംഗലം വരെയാണ് ബോട്ടുയാത്രയ്ക്ക് അനുവാദമുള്ളത്. നേര്യമംഗലത്തെ കടവില്‍ ജെട്ടി സ്ഥാപിച്ചാല്‍, ഹൈറേഞ്ചിലേക്ക് വന്നുപോകുന്ന ടൂറിസ്റ്റുകള്‍ക്ക് ബോട്ടില്‍ വളരെ മിതമായ നിരക്കില്‍ ഭൂതത്താന്‍കെട്ടും സമീപ പ്രദേശവും കാണാം. ഇവര്‍ വരുന്ന വാഹനം ആവോലിച്ചാല്‍ വഴി തിരിച്ചുവിട്ട് ഭൂതത്താന്‍കെട്ടില്‍ എത്താനും സൗകര്യമുണ്ട്. 

 ഒരു രാവും പകലും താമസവും ഭക്ഷണവും ബോട്ട് സവാരിയും സഹിതം ഫാമിലിക്കും ഗ്രൂപ്പുകള്‍ക്കും പ്രത്യേക പാക്കേജും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വിവരങ്ങള്‍ക്ക്:  9947071225.

പശ്ചിമഘട്ടത്തിന്റെ പക്ഷിക്കൂട്

thattekkad

ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം സവാരിക്കിടയിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ഇവിടത്തെ കാനന ഭംഗിയുടെ അലൗലിക ദൃശ്യം ആരേയും ആകര്‍ഷിക്കുന്നതാണ്. കാടും പുഴയും പ്രണയിച്ചു കിടക്കുന്ന അഴകിന്റെ മാസ്മരികത മതിയാവോളം നുകരാം. 

  കരപ്പക്ഷികളും ജലപ്പക്ഷികളും വട്ടമിട്ട് പറക്കുന്ന അപൂര്‍വ്വ കാഴ്ചയും കൗതുകമാണ്. തട്ടേക്കാട് മാത്രം  അമ്പതോളം ചിത്രശലഭങ്ങള്‍ അധിവസിക്കുന്നുണ്ട്. ഇവയ്ക്കായി ഉദ്യാനത്തില്‍ 15 ഇനത്തില്‍പ്പെട്ട 2000 ത്തിന് മേല്‍ സസ്യങ്ങളും പൂച്ചെടികളും നട്ടുവളര്‍ത്തിയിട്ടുണ്ട്. 

 പോകുന്ന വഴിയില്‍ വിവിധയിനം പക്ഷികളേയും മാന്‍, മ്ലാവ്, മലയണ്ണാന്‍ തുടങ്ങിയ ജീവികളേയും കാണാന്‍ സാധിക്കും. വാച്ച് ടവറില്‍ ഒരു ദിവസം രണ്ടുപേര്‍ക്ക് താമസം, ഭക്ഷണം എന്നിവയ്ക്ക് 2,500 രൂപയും വ്യൂ ടവറില്‍ 2,000 രൂപയുമാണ് നിരക്ക്.  
വിവരങ്ങള്‍ക്ക്:  0485 2588302, 9447061220.

ഏഴാറ്റുമുഖം: സഞ്ചാരികളുടെ ഇഷ്ടതാവളം
 


ezhattumugham

അയ്യമ്പുഴ പഞ്ചായത്തിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം വിനോദ സഞ്ചാരികളുടെ ഇഷ്ടതാവളമാണ്. പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി ഒഴുക്കുന്ന ചാലക്കുടിപ്പുഴയുടെ സൗന്ദര്യം ആരേയും ആകര്‍ഷിക്കും. ഇവിടെ കാറ്റേറ്റ് പാറക്കെട്ടുകളിലും മറ്റും വിശ്രമിക്കാം. 

വെറ്റിലപ്പാറപ്പാലം വഴി അതിരപ്പിള്ളിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ അവിടെയെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഇവിടെയും സന്ദര്‍ശിക്കുന്നു. പുഴയ്ക്കക്കരെ  തുമ്പൂര്‍മൂഴിയിലേക്ക് നിര്‍മ്മിക്കുന്ന തൂക്കുപാലം അവസാനഘട്ട പ്രവൃത്തിയിലാണ്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ അതിരപ്പിള്ളി  ഏഴാറ്റുമുഖം ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം കൂടുതല്‍ ശക്തിപ്പെടും.

കാലടിയില്‍ നിന്നുള്ളവര്‍ക്ക് മഞ്ഞപ്രചുള്ളി വഴി ഏഴാറ്റുമുഖത്തെത്താം. 20 കിലോമീറ്ററാണ് ദൂരം. അങ്കമാലി, മൂക്കന്നൂര്‍, മുന്നൂര്‍പ്പിള്ളി വഴിയും ഏഴാറ്റുമുഖത്ത് എത്തിച്ചേരാം. 22 കിലോമീറ്ററോളം വരും. പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ വഴിയും പോകാവുന്നതാണ്. ഇത് ദൈര്‍ഘ്യം കൂടുതലുള്ള വഴിയാണ്. എണ്ണപ്പനയുടെയും. റബ്ബര്‍ മരങ്ങളുടെയും മറ്റും തണലേറ്റ് സഞ്ചാരിക്കാനാകും. ചാലക്കുടി ഭാഗത്തു നിന്നുള്ളവര്‍ക്ക് അതിരപ്പിള്ളി റൂട്ടില്‍ വെറ്റിലപ്പാറ പാലം വഴിയും പ്രകൃതി ഗ്രാമത്തിലെത്താം.

ജലസമൃദ്ധിയില്‍ മണപ്പാട്ടുചിറ

manappattuchira

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമായി മലയാറ്റൂര്‍ മണപ്പാട്ടുചിറ മാറിക്കഴിഞ്ഞു. ഏക്കറുകള്‍ വ്യാപിച്ചു കിടക്കുന്ന ചിറയിലെ ബോട്ടിങ്ങാണ് ആകര്‍ഷണീയം. മരത്തണലില്‍ ഇളം കാറ്റേറ്റ്  വിശ്രമിക്കാം. ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ യഥേഷ്ടം വെള്ളം ഒഴുകിയെത്തിയതാണ് ചിറയ്ക്ക് മനോഹാരിതയും ജീവനും പകര്‍ന്നത്. 

ജലസമൃദ്ധമായ ചിറ സുന്ദരമായ കാഴ്ചയാണ്. ഒരുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചിറയ്ക്കു ചുറ്റും നടപ്പാക്കാന്‍ പോകുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിച്ചാല്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയാണ്. കോടനാട്  മലയാറ്റൂര്‍ പാലം യാഥാര്‍ത്ഥ്യമായതോടെ മണപ്പാട്ടുചിറ പ്രധാന ടൂറിസം കേന്ദ്രമായി ഉയരാനുള്ള സാധ്യതകളുണ്ട്.

കാലടിയില്‍ നിന്നും മലയാറ്റൂര്‍ വഴി ചിറയിലേക്ക് എത്താന്‍ 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. പെരുമ്പാവൂരില്‍ നിന്നും വല്ലം വഴി കുറിച്ചിലക്കോട്  എത്തിയാല്‍ പാലം കടന്ന് ചിറയിലെത്താം. അങ്കമാലിയില്‍ നിന്നും വരുന്നവര്‍ക്ക് ചന്ദ്രപ്പുര, നടുവട്ടം വഴി മലയാറ്റൂരിലെത്തിച്ചേരാവുന്നതാണ്. ഇതിന് 20 കിലോമീറ്റര്‍ സഞ്ചരിക്കണം. കാലടി പ്ലാന്റേഷന്‍  അയ്യമ്പുഴ  യൂക്കാലി കവല വഴിയും മണപ്പാട്ടചിറയിലെത്തിച്ചേരാം. പ്രസിദ്ധമായ മലയാറ്റൂര്‍ കുരിശുമുടിയുടെ അടിവാരത്താണ് ചിറ.