വിവാഹമെന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ്. വിവാഹശേഷം പോകുന്ന ആദ്യയാത്രക്കും പ്രത്യേകതകള്‍ വേണ്ടേ? 

തിരക്ക് പിടിച്ച വിവാഹ ഒരുങ്ങള്‍ക്കിടെ യാത്രക്കു പറ്റിയ ഇടം ചിലപ്പോള്‍ നമുക്ക് തിരഞ്ഞെടുക്കാന്‍ സമയം ലഭിക്കില്ല. ഉയര്‍ന്ന യാത്രാ ചെലവും സ്ഥലങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലായ്മയും പലപ്പോഴും ഇത്തരം യാത്രകള്‍ക്ക് തടസമാവാറുണ്ട്.

ഇന്ത്യയില്‍ നിങ്ങളുടെ ബജറ്റിനനുസരിച്ച് മധുവിധു ആഘോഷിക്കാന്‍ പറ്റിയ ഏതാനും സ്ഥലങ്ങളുടെ വിവരങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

1. ശ്രീനഗര്‍/ജമ്മു-കാശ്മീര്‍

Srinagar

ജമ്മു-കാശ്മീരിന്റെ തലസ്ഥാനമാണ് ശ്രീനഗര്‍. താഴ്വരകളും, തടാകങ്ങളും മലകളും കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമാണിത്‌ . വളരെ തണുത്ത കാലാവസ്ഥയാണ് ശ്രീനഗറിലേത്. 

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍:  ദാല്‍ ലേക്ക്. മുഗള്‍ ഗാര്‍ഡന്‍സ്, ശങ്കരാചാര്യ ഹില്‍, ഇന്ദിരാ ഗാന്ധി ട്യൂലിപ്പ് ഗാര്‍ഡന്‍, സോനാമര്‍ഗ്, ഗുല്‍മര്‍ഗ്, സിന്‍തന്‍ ടോപ്പ്, പഹല്‍ഗാം.

2. ഗോവ

Goa
കടല്‍ത്തീരങ്ങളാല്‍ മനോഹരമായ ഗോവ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. വിദേശികളടക്കം ലക്ഷക്കണക്കിനാളുകളാണ് ഗോവയില്‍ വര്‍ഷം തോറും എത്തിച്ചേരുന്നത്. അല്‍പ്പം ചൂടുള്ള കാലാവസ്ഥയാണ് ഗോവയിലേത്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: മാന്‍ഡ്രം ബീച്ച്, ബാഗാ ബീച്ച്, അഗോന്‍ഡാ  ബീച്ച്, കന്‍ഡോലിം ബീച്ച്, ഓള്‍ഡ് ഗോവ, ലാറ്റിന്‍ ക്വാര്‍ട്ടര്‍, പോര്‍ച്ചുഗീസ് മാന്‍സിയണ്‌

3. കൂര്‍ഗ്/ കര്‍ണാടക

Coorg

ഇന്ത്യയുടെ സ്‌കോട്ട്‌ലാന്റ് എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമാണ് കൂര്‍ഗ്. ചൂടും തണുപ്പും ഇടകലര്‍ന്ന മിതമായ കലാവസ്ഥയാണ് കൂര്‍ഗിലേത്. ഓറഞ്ച്, കാപ്പി, തേക്ക്, ചന്ദനം എന്നിവയാല്‍ സമൃദ്ധമാണിവിടം.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍:  കോഫി പ്ലാന്റേഷന്‍, ഇരുപ്പു വെള്ളച്ചാട്ടം, അബേ വള്ളച്ചാട്ടം, ഡുബേര്‍ ആനത്താവളം, നംഡ്രോളിംഗ് ബുദ്ധവിഹാരം.

4. നൈനീതാല്‍/ ഉത്തരാഖണ്ഡ്

Nainithal
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2,084 മീറ്റര്‍ ഉയരത്തിലാണ് നൈനിറ്റാൾ സ്ഥിതി ചെയ്യുന്നത്. വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടുത്തേത്. മനോഹരമായ കുന്നുകളും, തടാകങ്ങളും നൈനിറ്റാളിനെ മനോഹരമാക്കുന്നു. 

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ : നൈനിതാല്‍ തടാകം, നൈന പീക്ക്, ടിഫിന്‍ ടോപ്പ്, ഗുര്‍ണി ഹൗസ്, എക്കോ കേവ് ഗാര്‍ഡന്‍സ്, സ്‌നോവ്യൂ.

5. ജയ്‌സല്‍മേര്‍/ രാജസ്ഥാന്‍

Jaisalmari
രാജകീയമായി ഹണിമൂണ്‍ ആഘോഷിക്കണമെങ്കില്‍  ജയ്‌സല്‍മേര്‍ പോലെ മറ്റൊരു സ്ഥലവും ഇന്ത്യയിലില്ല. രാജഭരണ കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന ഇവിടെ ആന,  കുതിര, ഒട്ടക സവാരികളും നമുക്കാസ്വദിക്കാം. ജയ്‌സല്‍മേറിന് പുറമെ ജയ്പുര്‍, ജോധ്പുര്‍, ഉദയ്പുര്‍ തുടങ്ങിയ മനോഹരമായ നഗരങ്ങളും രാജസ്ഥാനില്‍ നമുക്ക് കാണാനുണ്ട്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍:  ജയ്‌സല്‍മേര്‍ കോട്ട, ബടാ ബാഗ്, പത്വന്‍ കി ഹവേലി, സാം സാന്‍ഡ് ഡ്യൂണ്‍സ്, ഥാര്‍ ഹെറിറ്റേജ് മ്യൂസിയം, ഗഡിസ്‌കര്‍ തടാകം, സില്‍ക്ക് റൂട്ട് ആര്‍ട്ട് ഗാലറി, ഡെസെര്‍ട്ട് നാഷണല്‍ പാര്‍ക്ക്.

6. ഷിംല/ ഹിമാചല്‍പ്രദേശ്

Shima
മധുവിധു ആഘോഷിക്കാനായി ഏറ്റവും അധികമാളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് ഷിംല. സമുദ്ര നിരപ്പില്‍ നിന്ന് 2024 മീറ്റര്‍ ഉയരത്തിലാണ് ഷിംല സ്ഥിതി ചെയ്യുന്നത്.  ശൈത്യകാലത്ത് മഞ്ഞു മൂടിയ നിലയിലായിരിക്കും ഇവിടം  കാണപ്പെടുക. കുന്നുകളാലും താഴവരകളാലും സമൃദ്ധമായ ഈ പ്രദേശം വേനല്‍ക്കാലത്തെ പ്രധാന വിനോദസഞ്ചാക കേന്ദ്രമാണ്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍:  സമ്മര്‍ ഹില്‍സ്, അന്നാന്‍ഡലേ, ജഖൂ ഹില്‍, ഷിംല സ്റ്റേറ്റ് മ്യൂസിയം, നല്‍ഹെന്‍ദ്ര പീക്ക്, ചഡ് വിക്ക് വെള്ളചാട്ടം.

7. ലക്ഷദ്വീപ്

Lakshadeep

ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്. 32 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കൊണ്ട് സംമ്പുഷ്ടമാണ് ഈ പ്രദേശം. 

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: കഡ്മത് ദ്വീപ്, കവരത്തി ദ്വീപ്, കല്‍പ്പേനി ദ്വീപ്, അഗട്ടി ദ്വീപ്, മിനികോയ് ദ്വീപ്.

8. ഊട്ടി/ തമിഴ്‌നാട്

ooty

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ്‌ ഊട്ടി. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ഥലമാണ് ഇത്. ക്വീന്‍ ഓഫ് ഹില്‍ സ്‌റ്റേഷന്‍സ് എന്നാണ് ഊട്ടി അറിയപ്പെടുന്നത്. ഇന്ത്യയില്‍ നീലക്കുറിഞ്ഞി പൂക്കുന്ന അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒന്നാണിത്. മേട്ടുപ്പാളയം ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍:  നീലഗിരി മൗണ്ടന്‍ റെയില്‍വേ, ഡൊഡ്ഡാബെട്ടാ പീക്ക്, ഊട്ടി ലേക്ക്, അവലാഞ്ചേ ലേക്ക്, ഊട്ടി ഗവണ്‍മെന്റ് ഗാര്‍ഡന്‍, സെയിന്റ് സ്റ്റീഫന്‍ ചര്‍ച്ച്.

9. ഡാര്‍ജിലിംഗ്/ പശ്ചിമ ബംഗാള്‍

Darjiling
പശ്ചിമ ബംഗാളിന്റെ വടക്കേ അതിരില്‍ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ഡാര്‍ജിലിംഗ് . സമുദ്രനിരപ്പില്‍ നിന്ന് 2134 മീറ്റര്‍ ഉയരത്തിലാണ് ഡാര്‍ജിലിംഗ് സ്ഥിതി ചെയ്യുന്നത്.ഡാര്‍ജിലിംഗ് ചായ, ഡാര്‍ജിലിംഗ് ഹിമാലയന്‍ തീവണ്ടിപ്പാത, യുനെസ്‌കോയുടെ ഒരു വിശ്വ പാരമ്പര്യ സ്മാരകം എന്നിവ കൊണ്ട് ഡാര്‍ജിലിംഗ് ലോകപ്രശസ്തമാണ്. 

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: പത്മജ നായിഡു സുവോളജിക്കല്‍ പാര്‍ക്ക്, ടൈഗര്‍ ഹില്‍, ജപ്പാനീസ് പീസ് പഡോഗാ, വാര്‍ മെമോറിയല്‍.

10. ആലപ്പുഴ/കേരളം

backwaters

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് വര്‍ഷംതോറും ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാനായി ആലപ്പുഴയില്‍ എത്തിച്ചേരുന്നത്. കായല്‍പ്പരപ്പിലൂടെയുള്ള യാത്രക്കായി നിരവധി ടൂര്‍ പാക്കേജുകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍: കുട്ടനാട്, പാതിരാമണല്‍, കരുമാടി ക്ഷേത്രം, മണ്ണാറശാല, മാരാരിക്കുളം, അര്‍ത്തുങ്കല്‍ പള്ളി, അമ്പലപ്പുഴ ക്ഷേത്രം