അറേബ്യൻ മണ്ണിൽ മരുഭൂമിയുടെ ആത്മാവിനെ നെഞ്ചിൽപ്പേറുന്ന ജീവി വർഗത്തിലെ തലയുയർത്തി നിൽക്കുന്ന മൃഗമാണ് ഒട്ടകം. റാസൽഖൈമയിലെ ഒരിടം ഈ മരുജീവി വർഗത്തിനായി മാറ്റിവെച്ചിരിക്കുന്നു ഇവിടത്തെ ഭരണകൂടം. റാസൽഖൈമയിലേക്ക് എമിറേറ്റ്‌സ് റോഡ്‌ വന്നുചേരുന്ന ഖദീജ എന്ന പ്രദേശത്താണ് പരിപാലനം, വംശനാശഭീഷണി തടയൽ എന്നീ ലക്ഷ്യങ്ങളോടെ റാസൽഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിൻ സഖർ ബിൻ അൽ ഖാസ്മി ഏറെ കൗതുകമുള്ള ഒട്ടകങ്ങളുടെ ഗ്രാമം വിഭാവനംചെയ്തത്.

എമിറേറ്റ്‌സ് റോഡുനിർമാണം നടക്കുന്നതിനിടയിലാണ് ആ പ്രദേശങ്ങളിൽ ഒട്ടകങ്ങളെ വളർത്തി ഉപജീവനം നടത്തുന്നവരെ അദ്ദേഹത്തിന്റെ നിർദേശപ്രകാരം മാറ്റിപ്പാർപ്പിച്ചത്. പിന്നീടത് പൂർണമായും ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഒട്ടകങ്ങളുടെ ഗ്രാമമായി മാറ്റിയെടുത്തു.

പ്രധാനമായും സാദി, റഫ, ഹംറാനിയ, ഹൈല എന്നീ പ്രദേശങ്ങളിലെ ഒട്ടകവളർത്തൽ കേന്ദ്രങ്ങളാണ് ഖദീജയിലെ ഒട്ടകഗ്രാമത്തിലെത്തിയത്. ഇപ്പോളിവിടെ ഒട്ടകത്തിന്റെ ജനനം മുതൽ വിവിധഘട്ടങ്ങളിലെ  പരിപാലനത്തിനു പ്രത്യേകം സൗകര്യങ്ങളുണ്ട്. അഞ്ഞൂറ് ഏക്കറോളം നീണ്ടുകിടക്കുന്ന ഒരു പ്രദേശം, നാലുവശവും മതിൽപോലെ മരുഭൂമി, അതിനുനടുവിൽ താഴ്ന്നുനിരപ്പായ പ്രദേശം- അതാണ്ഒട്ടകഗ്രാമം.

പാകിസ്താൻ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിൽ നിന്നുള്ളവരാണ് മുഖ്യമായും ഒട്ടകപരിപാലനത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഇവർക്കുള്ള താമസവും വൈദ്യുതി മുതലായ അടിസ്ഥാനസൗകര്യങ്ങളും സർക്കാർ സൗജന്യമായി അനുവദിച്ചിട്ടുണ്ട്. അയ്യായിരത്തിൽപരം ഒട്ടകങ്ങളാണ് പലപ്രായത്തിൽ ഈ ഗ്രാമത്തിലുള്ളത്. പ്രകൃതിയെയും ഒപ്പം അതിന്റെ അവകാശികളിലൊന്നായ ഒട്ടകമെന്ന മരുജീവിയെയും ഒരു പോലെ പരിപാലിക്കുകയാണ് റാസൽഖൈമ.

എമിറേറ്റ് റോഡുവഴി എത്തുന്ന സന്ദർശകർക്ക് ഖലീഫ ആസ്പത്രിക്കുപിറകുവശത്തേക്കുള്ള റോഡിലൂടെ പ്രവേശിച്ചാൽ കൗതുകം പകരുന്ന ഒട്ടകഗ്രാമത്തിലെത്താം. ഒട്ടകത്തെ കൂടാതെ ആട്, കോഴി, താറാവ് എന്നിവയും ചെറിയതോതിൽ ഒട്ടകഗ്രാമത്തിന്റെ ഭാഗമായിത്തുടങ്ങിയതായും ഇവിടത്തെ ജീവനക്കാർ പറയുന്നു.

മൃഗസംരക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന വിനോദ സഞ്ചാരമേഖലയിൽ വൻ മുന്നേറ്റം നടത്തിയിട്ടുണ്ട് റാസൽഖൈമ. റാസൽഖൈമ എയർപോർട്ട് റോഡിൽസ്ഥിതിചെയ്യുന്ന ഒട്ടകപ്പക്ഷി വളർത്തു കേന്ദ്രത്തിൽ ഇക്കോടൂറിസത്തിന്റെ ഭാഗമായി നവീകരണം പൂർത്തിയായിക്കഴിഞ്ഞു.
ഫലഭൂയിഷ്ടമായ ഭൂപ്രദേശം, വിശാലമായ മരുഭൂമി, ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ കണ്ടൽക്കാടുകൾ, നീളമേറിയ കടൽത്തീരം, ഉയരമുള്ള പർവ്വതനിരകൾ... അങ്ങനെ സ്വദേശിക്കും വിദേശിക്കും ഒരു പോലെ പ്രിയമുള്ള റാസൽഖൈമ കാർഷിക വിപ്ലവത്തിൽ സുപ്രധാന പങ്കുവഹിച്ചു.  പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും അടയാളങ്ങൾ മായാതെ സൂക്ഷിക്കുന്ന ഇവിടത്തെ ആകർഷണങ്ങളിൽ പുതുമയായി മാറിക്കഴിഞ്ഞു ഈ ഒട്ടകഗ്രാമം.