ള്‍ഫില്‍ നിന്ന് ആദ്യമായി നാട്ടിലേക്ക് ലീവിന് പോകുമ്പോള്‍, ഒരു രസം ഒക്കെയുണ്ട്. കുറെ നാള് കൂടി നാട്ടില്‍ പോകുന്നു. വീട്ടുകാരെയും,കുടുംബക്കാരെയും ഒക്കെ കുറെ നാള്‍ കൂടി കാണുന്നു. മുമ്പ് തിരിഞ്ഞു നോക്കാത്ത അയല്‍പക്കക്കാര്‍  നമ്മളെ കാണാന്‍ ഇങ്ങോട്ട് വരുന്നു. ചുമ്മാ ആണെങ്കിലും'നീ പോയപ്പോള്‍ ഈ വീട് ഉറങ്ങി പോയി' എന്ന് പറയുന്നു. അത് കേള്‍ക്കുമ്പോള്‍ ഒരു രസം നമ്മള്‍ക്കും .

വീട്ടില്‍ ആണെങ്കില്‍, ചെല്ലുന്ന അന്ന് രാവിലെ തന്നെ പ്രഭാതഭക്ഷണത്തിന് കപ്പ ബിരിയാണി. പിന്നെ നാടന്‍ കട്ടന്‍ കാപ്പിയും. എല്ലാവരും ചോദിച്ച സാധങ്ങള്‍ കൊടുക്കുമ്പോള്‍ അവരുടെ കണ്ണില്‍ കാണുന്ന സന്തോഷം കാണുമ്പോള്‍ ഒരു രസം. നമ്മള്‍ തന്നെ മറന്ന് പോയ നമ്മുടെ ഇഷ്ട വിഭവങ്ങള്‍ അമ്മച്ചി ഓര്‍ത്ത് ഉണ്ടാക്കി വെച്ചിരിക്കും അതും ,രണ്ട് എക്‌സ്ട്രാ മീന്‍ പൊരിച്ചത് കൂട്ടി ഉച്ചയുണ്. കോവക്ക മെഴുക്കിപെരട്ടി എങ്ങനെയുണ്ടടാ എന്നാ അമ്മച്ചിയുടെ ചോദ്യത്തിന് ഉഗ്രന്‍ എന്ന് പറയുമ്പോള്‍ അമ്മച്ചിയുടെ മുഖം കാണാന്‍ ഒരു രസം. മീനിന്റെ എണ്ണം കുറഞ്ഞു വരുമ്പോള്‍ തിരിച്ചു പോകാറായി എന്ന് മനസിലാക്കിക്കോണം .

kappa

ഞങ്ങളുടെ നാട്ടില്‍ ഒരു രീതിയുണ്ട്. മിക്കവാറും വെള്ളിയാഴ്ച രാവിലെ ആകും നമ്മള്‍ നാട്ടില്‍ എത്തുന്നത്. അന്ന് ജുമാ നമസ്‌ക്കാരം കഴിയുന്നത് വരെയേ നമ്മള്‍ക്ക് ഗള്‍ഫുകാരന്‍ എന്ന നെറ്റിപട്ടം നാട്ടുകാര്‍ തരൂ. അത് കഴിഞ്ഞാല്‍ നമ്മളും നാട്ടുകാരന്‍ ആയി .

അന്ന് പള്ളിയില്‍ മിനിമം മൂന്ന് ഗള്‍ഫുകാരന്‍ എങ്കിലും ഉണ്ടാകും. നാട്ടില്‍ ഇറങ്ങാത്ത ഒരു മോഡല്‍ ഷര്‍ട്ടും ഇട്ടാകും നമ്മള്‍ പള്ളിയില്‍ പോകുന്നത് . അതെ ഷര്‍ട്ടോ, അല്ലെങ്കില്‍ അതെ മോഡലിന്റെ വേറെ നിറമോ ഇട്ടാകും മറ്റേ ഗള്‍ഫുകാരന്‍ വരുന്നത്.' നിനക്ക് ഈ ഷര്‍ട്ട് അടുത്ത ആഴ്ച പള്ളിക്ക് ഇട്ടാല്‍ പോരായിരുന്നോട'. എന്ന് അവന്‍ ചോദിക്കും. 'അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാന്‍ ഉള്ളതെന്ന്'. നമ്മള്‍ മറുപടിയും പറയും. മിക്കവാറും രണ്ടു ഷര്‍ട്ടും ലുലുവില്‍ നിന്ന് തന്നെ എടുത്തായിരിക്കും. ഖുതുബ അകത്ത് നടക്കുമ്പോള്‍, പള്ളിക്ക് താഴെ ഗള്‍ഫില്‍ നിന്ന് വന്ന കൂട്ടുകാരോടും  , നാട്ടിലെ കൂട്ടുകാരോടും  ഒച്ച താഴ്ത്തി, വാചകം അടിച്ചുനില്കുമ്പോള്‍ ഒരു രസം. ഗള്‍ഫില്‍ നിന്ന് നമ്മള്‍ ഒരിക്കല്‍ പോലും വിളിക്കാത്ത കുറച്ച് നല്ല സുഹൃത്തുക്കള്‍ നമ്മള്‍ക്ക് കാണും. അവരോട് സംസാരിക്കുമ്പോള്‍ ഇവനെ ഒരിക്കലെങ്കിലും വിളിക്കേണ്ടതായിരുന്നു എന്ന് നമ്മള്‍ക്ക് തോന്നും.

കവലയിലേക്ക് ഇറങ്ങുമ്പോള്‍,ഗള്‍ഫില്‍ പോകുന്നതിന് മുന്‍പ് കാലി ആയി കിടന്നിരുന്ന പോക്കറ്റിലേക്ക് കുറച്ചു നോട്ട് മടക്കി വെക്കുമ്പോള്‍ ഒരു രസം. ലീവ് കുറച്ച് ആകുമ്പോള്‍ മടക്കി വെക്കുന്ന നോട്ടിന്റെ എണ്ണം കുറഞ്ഞു കൊണ്ടേയിരിക്കും. ആദ്യമായി നാട്ടില്‍ പോകുമ്പോള്‍ നമ്മുടെ കുട്ടുകാര്‍ മിക്കവാറും നാട്ടില്‍ തന്നെയുണ്ടാകും. പിന്നീട് ഓരോത്തരായി പച്ചരി മേടിക്കാന്‍ നാട് വിടും.  ഓരോരുത്തരെ പറ്റി ചോദിക്കുമ്പോള്‍ അവന്‍ സൗദിലാ, അവന്‍ മസ്‌ക്കറ്റിലാ എന്നൊക്കെ പറയും. പിന്നെ നാട്ടില്‍ ഉള്ളവരെയും കൂട്ടി അക്ഷയ ഹോട്ടലില്‍ പോയി ചൂട് പൊറാട്ടയും ബീഫ് കറിയും തട്ടും. നമ്മളാണ് എല്ലാവരുടെയും കാശ് കൊടുക്കുന്നത് എന്ന് അറിയുമ്പോള്‍ അവന്‍മാര്‍ ചാടി ഓരോ സോഡാ നാരങ്ങാ വെള്ളം കുടി ഓര്‍ഡര്‍ ചെയ്യും. അത് കാണുമ്പോള്‍ നമ്മള്‍ക്കും ഒരു രസം.

തിരിച്ചു ലൈബ്രറിയുടെ മുന്‍പ്പില്‍ എത്തി, മടികുത്തില്‍ അത് വരെ ഒളിപ്പിച്ചു വെച്ച ഒരു പാക്കറ്റ് രോത്തമാന്‍സ് എടുത്ത് നമ്മുടെ കൂട്ടത്തിലെ ഏറ്റവും വലിയ പുകവലിക്കാരന് കൊടുക്കും. എന്നിട്ട് പകരം അവന്റെ കൈയിലുള്ള പ്ലൈയ്ന്‍ ഗോള്‍ഡോ,വില്‍സൊ മേടിച്ച് ഇരുത്തി ഒന്ന് വലിക്കും. ബീഫ് കറിയുടെ എരിവ് തട്ടി പുക അകത്തോട്ടു പോകുമ്പോള്‍ കിട്ടുന്ന ഒരു രസം വിവരിക്കാന്‍ പറ്റില്ല. കൊടുത്ത രോത്തമാന്‍സ് പാക്കറ്റ് അവന്‍ പയ്യെ അവന്റെ മടികുത്തിലെക്ക് ഒളിപ്പിക്കുന്നത് കാണുമ്പോള്‍ ഒരു രസം.

അപ്പോളാണ് നമ്മള്‍ പണ്ട് വായിനോക്കി നിന്ന പല  പെണ്‍പിള്ളേരെയും പറ്റി ചോദിക്കുന്നത്. പലരും കല്യാണം ഒക്കെ കഴിഞ്ഞ് പോയിട്ടുണ്ടാകും. ചിലര് ഉന്നത വിദ്യാഭ്യാസത്തിനു പോയിട്ടുണ്ടാകും. ചിലരൊക്കെ,അടുത്ത ആശുപത്രിയിലും, ബാങ്കിലും ഒക്കെ എന്തെങ്കിലും ജോലിക്ക് കയറിയുണ്ടാകും.നാട്ടില്‍ ഉള്ളവര്‍ എപ്പോഴാണ് ജോലിക്ക് ലൈബ്രറിക്ക് മുന്‍പില്‍ കൂടി പോകുന്നത് എന്ന് പയ്യെ ചോദിച്ച് വെക്കും. പിറ്റേന്ന് ആ സമയത്ത് അവിടെ വന്ന് അവരെ വായിനോക്കി നില്‍ക്കുമ്പോള്‍ ഒരു രസം. അവര് നമ്മളെ നോക്കി പഴയ പരിചയത്തിന് ഒന്ന് ചിരിച്ചാല്‍ നമ്മള്‍ ഹാപ്പി ആയി .

പിറ്റേന്ന് രാവിലെ പഴയ ഫോണ്‍ ബുക്ക് തപ്പിയെടുത്ത് നമ്മുടെ കൂടെ കോളേജില്‍ കൂടെ പഠിച്ച കൂട്ടുകാരെ ഒക്കെ വിളിക്കും. അവന്‍മ്മാര്‍ തേരാപ്പാര നടക്കുകയാണെന്ന് കേള്‍ക്കുമ്പോള്‍ ഒരു രസം ഒക്കെ തോന്നും. (ഇതിന് വാട്ട്സ്അപ്പില്‍ ഒരു തെറി ഉറപ്പാ)ഉടനെ കൂടണമെന്ന് ഓരോത്തരോടും ചുമ്മാ പറയും. നടന്നാല്‍ നടന്നു .

രസം തീരുന്നത് തിരിച്ച് വരുന്നതിന്റെ തലേന്ന് ആണ്. എനിക്ക് ഒരു നാല് ദിവസം മുന്‍പേ വിഷമം തോന്നി തുടങ്ങും. കൊണ്ടുപോകേണ്ട പെട്ടി ഒക്കെ ഒന്ന് ഒതുക്കി രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇനിയെന്നാണ് ഈ കട്ടിലില്‍ കിടക്കാന്‍ പറ്റുന്നത് എന്നോര്‍ത്ത് ഒറക്കം വരില്ല . 

പോകുന്ന അന്നാകും നമ്മള്‍ വന്ന അന്ന് കിട്ടിയ പോലെ ഒരു ഉച്ചഭക്ഷണം പിന്നീട് കിട്ടുന്നത്. ഇവനെ ഇനി ഒരു വര്‍ഷം സഹികേണ്ടല്ലോ എന്ന ഒരു ആശ്വാസം കൂടി വീട്ടുകാരുടെ മുഖത്ത് അന്ന് കാണാം. എല്ലാവരുടെയും മുഖത്തെ  വിഷമം കാണുമ്പോള്‍ നമ്മുടെ വിഷമവും കൂടും. എല്ലാവരോടും യാത്ര പറഞ്ഞ് കാറില്‍ കയറിയാല്‍ പിന്നെ ഞാന്‍ തിരിഞ്ഞ് നോക്കാറില്ല. ഗള്‍ഫില്‍ വളരെ വിരളമായി കിട്ടുന്ന ചില രസങ്ങള്‍ ഓര്‍ത്ത് മനസിനെ സമാധാനപ്പെടുത്താന്‍ ശ്രമിക്കും.