തൊണ്ണൂറുകാലം......ഭേദപ്പെട്ട ഒരു എല്‍.പി.സ്‌കൂളില്‍ നിന്ന് നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക്.......സ്‌കൂളങ്കണത്തില്‍ അങ്ങിങ്ങായി വെളുത്ത ചെമ്പകപ്പൂ മരങ്ങള്‍.....ബദാം മരങ്ങള്‍...... ഓടിനടക്കാന്‍ യഥേഷ്ടം മൈതാനങ്ങള്‍....പുതിയ സ്‌കൂളിന്റെ ആവേശത്തിനൊപ്പം അല്പം ഭയവും ഉണ്ടാക്കി. വെളുത്ത ബ്ലൗസും പച്ചപാവാടയുമായി ഒരു സ്‌കൂള്‍ നിറയെ കുട്ടികള്‍.

പേര് കേട്ട സര്‍ക്കാര്‍ പെണ്‍ പള്ളിക്കൂടം. അമ്പരപ്പ് ഒന്ന് മാറിയപോലെ. അങ്ങോട്ടുമിങ്ങോട്ടും കുട്ട്യോളെ കേറ്റാന്‍ മടിക്കുന്ന പ്രൈവറ്റ് ബസിലെ, കാലിന്റെ പെരുവിരല്‍ പോലും ഉന്നാന്‍ ഇടയില്ലാത്ത യാത്രയൊഴിച്ചാല്‍ ബാക്കിയൊക്കെ ചിട്ടയായപോലെ. ബദാം എന്ന് കേട്ടുകേഴുതി മാത്രമുള്ള വസ്തുവിനെ അടുത്ത് കണ്ടപ്പോള്‍ ഉണ്ടായ അമ്പരപ്പ് മാത്രം തുടര്‍ന്നു. 

ഇന്റര്‍വെല്ലുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്......ചെമ്പകമരങ്ങള്‍ക്ക് ചോട്ടിലെ വലിയ പാറക്കല്ലുകളില്‍ ഇടം പിടിക്കാന്‍....കിട്ടിയ നേരത്ത് വാരിക്കൂട്ടിയ ബദാം കായകള്‍ ചെറിയ കല്‍ക്കഷണങ്ങള്‍ കൊണ്ട് തല്ലിപ്പൊട്ടിക്കാനുള്ള വ്യഗ്രതകള്‍. പൊട്ടിക്കാനുള്ള വശം നേരെ അറിയാത്തത് നിമിത്തം കൂടുതലും ചതഞ്ഞു പോകുന്നു...എങ്കിലും അതില്‍ നിന്നും കിട്ടിയത് വായിലാക്കി ബാക്കി ബദാംകായകളുമായി ക്ലാസ്മുറിയിലേക്ക്....

ബാഗിലെ അവശേഷിക്കുന്ന ഇടങ്ങളില്‍ തിരുകി കേറ്റാന്‍. വീട്ടിലെ ചില സായാഹ്ന്‌നങ്ങളില്‍ അപ്പനൊത്ത്... ബദാം കായകള്‍ പൊട്ടിക്കുന്നതിന്റെ ശാസ്ത്രീയവശങ്ങള്‍... കൂടുതലൊന്നും തലയില്‍ കേറില്ലെങ്കിലും പൊട്ടാത്ത, ചതയാത്ത പരിപ്പുകള്‍ അണ്ണനും ചേച്ചിയുമായി പങ്കിട്ടെടുക്കമ്പോഴുണ്ടാകുന്ന പിടിച്ചു പറികള്‍, സന്തോഷങ്ങള്‍....

ഏകാന്തമായ സായാഹ്നങ്ങളില്‍ തനിച്ചിരുന്നു ചെയ്യുന്നതിലെ മടിയില്ലായ്മ്മ ഒരു പക്ഷെ സ്വാര്‍ത്ഥതയുടെ ലാഞ്ചനകളായിരുന്നിരിക്കാം. എന്തായാലും ബദാം കായകള്‍ വീട്ടില്‍ കുന്നുകൂടിക്കൊണ്ടിരുന്നു. പുത്തന്‍ വെള്ളബ്ലൌസിലെ പുള്ളിക്കുത്തുകള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. 

ബദാംകായകള്‍ നല്കിയ ഓര്‍മ്മച്ചിത്രങ്ങള്‍! ഇനിയും പുത്തന്‍ ബ്ലൗസ് കിട്ടില്ലെന്നറിഞ്ഞിട്ടും ബദാംകായകളോടുള്ള ഭ്രമത്തിന് കുറവൊന്നും വന്നതായി കണ്ടില്ല. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ തറയില്‍ വീണ എണ്ണപ്പെട്ട പഴുത്ത ബദാങ്കകള്‍ പെറുക്കാന്‍ നാണയങ്ങള്‍ താഴേക്കിട്ട ദിവസങ്ങളും കുറവല്ല. ബദാംകായകള്‍ പെരുക്കിനിറച്ചു ബാഗിന്റെ സിബ്ബുകള്‍ തന്നെ പോയെങ്കിലും, ഇന്നും അവ സുഖമുള്ള ഓര്‍മ്മകള്‍.വഴിവക്കില്‍ വീണു കിടക്കുന്ന ബദാങ്കകള്‍ പെറുക്കാനായി ഇന്നും കൈകള്‍ ബാഗില്‍ ഇടം തിരയുന്നു.