ബില്ലി ഭായി ഫ്‌ളാറ്റിനു താഴെ കാര്‍ പാര്‍ക്കുചെയ്തു വണ്ടിയില്‍ നിന്നു ഇറങ്ങുമ്പോഴാണ് ഞാന്‍ അയാളെ ശ്രദ്ധിക്കുന്നത്. കാറിന്റെ പുറകിലത്തെ ഡിക്കിയില്‍ നിന്ന് അയാള്‍ എന്തോ കുനിഞ്ഞു എടുക്കുകയാണ്. കൂടെ ഒരു പത്തുപന്ത്രണ്ടു പൂച്ചകളും. അയാള്‍ ഡിക്കിയില്‍ നിന്നു ഒരു തളിക നിറയെ ബിരിയാണി എടുത്തു പുറത്തു വെച്ചു. നല്ല നെയ്മണം പരത്തുന്ന മട്ടന്‍ ബിരിയാണി. 

പൂച്ചകള്‍ ആര്‍ത്തിയോടെ പാത്രത്തില്‍ നിന്നു ബിരിയാണി കഴിക്കുന്നത് സ്വന്തം മക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന വാത്സല്യത്തോടെ അയാള്‍ നോക്കിനിന്നു. ഞാന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നത് കണ്ടു അയാള്‍ എന്നെ നോക്കി പുഞ്ചിരിയോടെ സലാം ചൊല്ലി ''സലാം ബായി'. ഞാനും ഉപചാരപൂര്‍വ്വം സലാം മടക്കി. '' ബില്ലി സാരാ ഭൂക്കാ ഹേ. യേ സാരാ മേരാ ബെച്ചാ ഹേ.(പൂച്ചകള്‍ എല്ലാം വിശന്നവരാണ്. ഇതു എല്ലാം എന്റെ മക്കളാണ്) '' . അയാള്‍ പറഞ്ഞു. തുടര്‍ന്ന് പൂച്ചകളുടെ വിശേഷങ്ങള്‍ നിറുത്താതെ അയാള്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ബിരിയാണി തിന്നു വയറു നിറഞ്ഞതോടെ അയാളോടു പൂച്ചകളുടെ സ്‌നേഹപ്രകടനങ്ങള്‍ ആയി.

മുട്ടിയുരുമ്മി വാലുപൊക്കി വിറപ്പിച്ചു, ഉച്ചത്തില്‍ കുറുകി, പൂച്ചകള്‍ നന്ദി പ്രകടിപ്പിച്ചു. പൂച്ചകളോട് യാത്ര പറഞ്ഞു എന്നെ കൈ ഉയര്‍ത്തി കാട്ടി അയാള്‍ കാറോടിച്ചു എങ്ങോട്ടോ പോയി. അയാള്‍ പോയതോടെ പൂച്ചകളുടെ നോട്ടം എന്റെ കൈയ്യില്‍ ഉള്ള പ്ലാസ്റ്റിക് ബാഗിലേക്കായി. മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മീനിന്റെ മണം അവയുടെ മൂക്കില്‍ എത്തിക്കാണും. നല്ല ബിരിയാണി കഴിച്ചാലും മീനിന്റെ മണമടിച്ചാല്‍ പൂച്ചകള്‍ക്ക് ഹാലിളകും. ബാഗ് ഒന്നുകൂടെ പൊത്തിപ്പിടിച്ചു ഞാന്‍ ഫ്‌ളാറ്റിലേക്ക് കയറി. ' ഇവനേതാ ഈ തെണ്ടി ' എന്ന മുഖഭാവത്തോടെ പൂച്ചകള്‍ ങ്യാവു,ങ്യാവു എന്നു ഉച്ചത്തില്‍ കുറെ കരഞ്ഞ് അവറ്റകളുടെ വഴിക്ക് പോയി. 

പിന്നീട് പല തവണ അയാളെ ഞാന്‍ റോഡില്‍ വെച്ചു കണ്ടുമുട്ടി. തന്റെ 1987 മോഡല്‍ പഴഞ്ചന്‍ ടയോട്ട കൊറോളയുമായി മൂപ്പര്‍ അങ്ങനെ കറങ്ങുന്നതു കാണാം. എവിടെ എന്നെ കണ്ടാലും കൈ ഉയര്‍ത്തി സലാം ചൊല്ലും. കാറിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ താഴ്ത്തി കൈ ഡോറിന്റെ പുറത്തേക്ക് വെച്ചാകും എപ്പോഴും യാത്ര. പിന്നീട് ആരോ പറഞ്ഞാണ് ഞാന്‍ മൂപ്പരെക്കുറിച്ചു മനസ്സിലാക്കിയത്. 

അസദ് ഖാന്‍ എന്നാണയാളുടെ പേര്. ബില്ലി ഭായ് എന്നാണ് എല്ലാവരും വിളിക്കുക. പൂച്ചകളോടുള്ള സഹവാസം കൊണ്ടാകും അയാള്‍ക്ക് അങ്ങനെ ഒരു പേര് കിട്ടിയത്. പുള്ളിയുടെ വാസസ്ഥലം ആണത്രേ ആ ടയോട്ട കാര്‍. രാത്രി കിടപ്പും മറ്റും വണ്ടിയില്‍ തന്നെ. കൂട്ടിനു വണ്ടിയുടെ കീഴില്‍ കുറെ പൂച്ചകളും കാണും. പകല്‍ ആ വണ്ടി കള്ള ടാക്‌സിയായി ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് മൂപ്പര്‍ കഴിയുന്നത്. ഞാന്‍ താമസിക്കുന്ന ടൗണില്‍ അറബി വല്യാപ്പമാരെ ടാക്‌സിയില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു പോകുകയാണ് ബില്ലി ഭായിയുടെ പണി. 

ചെറിയ പട്ടണമായതിനാല്‍ എല്ലാവരും പരിചയക്കാര്‍. കള്ള ടാക്സി ഓടിക്കുന്നവരെ പോലീസ് പിടിച്ചു കനത്ത ഫൈന്‍ ചുമത്തും. ബില്ലിഭായിയെ മാത്രം ആരും പിടിയ്ക്കുകയില്ല. അതിനൊരു കാരണമുണ്ട്, മൂപ്പര്‍ ഈ പ്രദേശത്തു വന്നിട്ടു പത്തുമുപ്പതു കൊല്ലമായി. അന്നത്തെ കൊച്ചുകുട്ടികള്‍ ഒക്കെ വളര്‍ന്നു വലിയ പോലീസുകാരും മറ്റും ആയി. അവര്‍ ആരും ബില്ലിഭായിയെ ഒന്നും ചെയ്യില്ല. കാരണം അവരുടെ ചെറുപ്പത്തില്‍ ബില്ലിഭായിയുടെ കാറില്‍ കയറി എത്ര തവണ യാത്ര ചെയ്തവരാണ്. കുട്ടികള്‍ക്കു സ്‌പോര്‍ട്‌സ് ക്ലബ്ബിലും ഷോപ്പിംഗ് മാളിലും മറ്റും പോകാന്‍ ബില്ലിഭായി സഹായിക്കും. എന്തെങ്കിലും പ്രതിഫലം കൊടുത്താല്‍ അയാള്‍ വാങ്ങിക്കും,കൊടുത്തില്ലെങ്കിലും കുഴപ്പമില്ല, അങ്ങോട്ട് ഒന്നും ചോദിച്ചു വാങ്ങുകയില്ല.

കിളവന്മാരായ അറബികള്‍ക്ക് മാര്‍ക്കറ്റില്‍ പോകാനും ബാര്‍ബര്‍ ഷോപ്പില്‍ പോകാനും മറ്റും ബില്ലിഭായിയെയാണ് ആശ്രയിക്കുന്നത്.  മക്കള്‍ക്കൊക്കെ വലിയ തിരക്കാണ് അതിനിടയില്‍ ഈ വല്യാപ്പമാരുടെ കാര്യം ഒക്കെ നോക്കാന്‍ ആര്‍ക്കാണ് നേരം. ചുരുങ്ങിയ ചില നാളുകള്‍ കൊണ്ട് ഞാനും ബില്ലിഭായിയും തമ്മില്‍ വലിയ പരിചയക്കാരായി മാറി. പാക്കിസ്താനിലെ മുള്‍ത്താന്‍ പ്രവിശ്യക്കാരനാണയാള്‍. ഇവിടെ ഗള്‍ഫില്‍ പത്തുമുപ്പതു കൊല്ലം ആയി. നാട്ടില്‍ പോകാറില്ലത്രേ. 

സാധാരണ വിസാ കാലാവധി കഴിഞ്ഞവരാണ് നാട്ടില്‍ പോകാതെ ഇവിടെ കുടുങ്ങി കിടക്കുന്നത്. പലര്‍ക്കും അതു പുറത്തുപറയാന്‍ മടിയാണ്. അതിനാല്‍ ഞാന്‍ അക്കാര്യത്തെക്കുറിച്ചു കൂടുതല്‍ ഒന്നും ചോദിച്ചില്ല. പൂച്ചകള്‍ക്കും പ്രാവുകള്‍ക്കും ഭക്ഷണം കൊടുക്കുകയാണ് പ്രധാന വിനോദം. ടാക്‌സി ഓടിച്ചുകിട്ടുന്ന പണത്തിന്റെപ ഭൂരിഭാഗവും അവറ്റകള്‍ക്കു ഭക്ഷണം കൊടുക്കാനാണ് ഉപയോഗിക്കുക. പരിചയമുള്ള അറബികള്‍ കൈ അയച്ചു സഹായിക്കും.

താമസിക്കാന്‍ റൂമൊന്നുമില്ല. കാറിലാണ് വിശ്രമവും രാത്രി കിടപ്പും. മുസ്ലിംപള്ളികളോടു ചേര്‍ന്നുള്ള ശൗചാലയങ്ങളില്‍ നിന്നു പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കും. കുളിക്കുന്നതും മറ്റും എവിടെയാണ് എന്നു ചോദിച്ചപ്പോള്‍ കടലില്‍ കുളിയ്ക്കും എന്നാണ് മറുപടി. ഞാന്‍ താമസിക്കുന്ന ചെറുപട്ടണം കടലിന്റെ അടുത്തു ആയതിനാല്‍ ബീച്ചുകള്‍ ധാരാളം.

കടലില്‍ കുളിച്ചിട്ടു ശുദ്ധജലത്തില്‍ കുളിക്കുവാനുള്ള ബാത്ത്‌റൂമുകള്‍ ഇവിടെ  ധാരാളം. അല്ലെങ്കില്‍ തന്നെ പാക്കിസ്താനി ഡ്രൈവര്‍ന്മാര്‍ പൊതുവെ കുളിയ്ക്കുവാന്‍ മടിയുള്ളവരാണ്. കാറില്‍ കയറുമ്പോള്‍ തന്നെ  ഉളുമ്പുനാറ്റം എപ്പോഴും കാണും. ബില്ലിഭായി ടൗണിലൂടെ വണ്ടിയുമായി കറങ്ങും. പൂച്ചകളും പ്രാവുകളും ഒക്കെ മൂപ്പരെ കാണുന്നതോടെ പെരുത്ത് സന്തോഷത്തിലാകും. പ്രാവുകള്‍ക്കായി വണ്ടിയുടെ ഡിക്കിയില്‍ ഗോതമ്പിന്റെ ചാക്ക് കരുതിയിട്ടുണ്ട്. അതിരാവിലെ തന്നെ പ്രാവുകള്‍ക്ക് തീറ്റ കൊടുത്തു തീര്‍ക്കും. ബില്ലിഭായിയുടെ വരവും കാത്തു പ്രാവുകള്‍ തെരുവുകളില്‍ കൂട്ടമായി കാണും. പ്രാവുകള്‍ക്കു തീറ്റ കൊടുക്കുന്നത് കണ്ടുനില്‍ക്കാന്‍ നല്ല രസമാണ്.

ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ മുമ്പിലെ പള്ളിയുടെ അങ്കണത്തില്‍ രാവിലെ തന്നെ ആ കാഴ്ച കാണാം. രാവിലെ ജോലിയ്ക്ക് പോകുന്ന തിരക്കിനിടയില്‍ ഞാന്‍ അല്‍പ്പനേരം ആ കാഴ്ച കണ്ടു നില്‍ക്കും. ഉച്ചയ്ക്കാണ് പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കുക. ഭക്ഷണം കൊടുത്തു പൂച്ചകളുമായി സല്ലപിച്ചതിന് ശേഷമേ ബില്ലിഭായി മടങ്ങാറുള്ളൂ. പൂച്ചകള്‍ക്ക് എല്ലാം ബില്ലിഭായി ഓരോരോ പേരിട്ടിട്ടുണ്ട്. പേരു വിളിയ്ക്കുന്നതിനു അനുസരിച്ചു അവര്‍ ഓടിയെത്തി മുട്ടിയുരുമ്മി നില്‍ക്കും. അറബിപ്പേരുകള്‍ ആണ് മിക്കവയ്ക്കും, അസ്വദ്(കറുമ്പന്‍), അബിയത്ത്(വെളുമ്പന്‍), ജമീല, അബുഹോസന്‍ അങ്ങനെ എല്ലാവര്‍ക്കും പേരുകള്‍ ഉണ്ട്. മിക്കപ്പോഴും മട്ടന്‍ ബിരിയാണിയോ പാകിസ്താനി റൊട്ടിയും കീമയും ഒക്കെ ആകും ഭക്ഷണം നല്‍കുക. ഏതോ പബ്ലിക് കിച്ചണില്‍ (ഗള്‍ഫില്‍ ഓര്‍ഡര്‍ അനുസരിച്ചു ഭക്ഷണം തയാറാക്കി കൊടുക്കുന്ന സ്ഥലം) നിന്നു പ്രത്യേകം തയാറാക്കി ആണ് മൂപ്പര്‍ പൂച്ചകള്‍ക്കു ഭക്ഷണം കൊണ്ടുവരുന്നത്.

വൈകിട്ടു അസര്‍ നിസ്‌കാരത്തിനുശേഷം ബില്ലി ഭായി പള്ളിയ്ക്കു മുമ്പിലെ ബംഗാളി റെസ്റ്റോറന്റിന്റെ മുമ്പിലിരിക്കുമ്പോഴാണ് എന്നെ കണ്ടത്. നടക്കാനിറങ്ങിയതായിരുന്നു ഞാന്‍. ' ആവൊ ഭായി..ബൈട്ടോ..ചായ് പീയേഗാ? ' ബില്ലിഭായി നിര്‍ബന്ധിച്ചു എന്നെ ചായ കുടിയ്ക്കാനായി കൂട്ടി. റെസ്റ്റോറന്റിന്റെ പുറത്തെ കസേരകളില്‍ ഇരുന്നു ഞങ്ങള്‍ പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങി. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ പ്രവാസികളുടെയും സ്‌നേഹസംഭാഷണങ്ങള്‍ ആരംഭിക്കുക നാട്ടിലെ ഉറ്റവരുടെ വിശേഷങ്ങള്‍ തിരക്കികൊണ്ടാകും. ' ആപ്കാ മുല്ലൂക്ക് മേം സബ് ടീക് ഹേ നാ? (നാട്ടില്‍ എല്ലാവരും സുഖം തന്നെയോ?) ' ബില്ലിഭായി എന്നോടു വിശേഷങ്ങള്‍ തിരക്കി തുടങ്ങി. നാട്ടില്‍ എല്ലാവരും സുഖമെന്നും മഴയില്ലെന്നും തുടങ്ങി നിരര്‍ത്ഥകമായ ഇത്തരം ചോദ്യോത്തരങ്ങള്‍ ഗള്‍ഫിലെ പതിവാണ്. 

സംഭാഷണങ്ങള്‍ക്കിടയില്‍ ചായയും ചൂട് സമൂസയും എത്തി. ബംഗാളികളുടെ ചായ ഒരുതരമാണ്. ധാരാളം പാലൊഴിച്ചു ഒരു മൂന്നാലു സ്പൂണ്‍ പഞ്ചസാരയിട്ട ചായ. ബംഗാളികളും പാക്കിസ്താനികളും പൊതുവേ മധുരപ്രിയരാണ്. നമ്മള്‍ മലയാളികള്‍ക്ക് ആ ചായ കുടിയ്ക്കണമെങ്കില്‍ അസാമാന്യ മനക്കരുത്ത് വേണം. ചൂട് സമൂസയ്ക്കു നല്ല രുചിയുണ്ട്. സമൂസ കടിച്ചുകൊണ്ട് ഞാന്‍ ഏറെ നാളായി അയാളോട് ചോദിക്കണം എന്നു കരുതിവെച്ച ചോദ്യമെറിഞ്ഞു. താങ്കള്‍ എന്തുകൊണ്ട് നാട്ടില്‍ പോകുന്നില്ല?' ആ ചോദ്യം അയാളെ തെല്ലൊന്നു കുഴക്കി. അയാള്‍ എന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി. നസ്വാറിന്റെ (പാകിസ്ഥാനികള്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു തരം പാന്‍ പോലെയുള്ള ലഹരിവസ്തു) കറ പിടിച്ച പല്ലുകള്‍ പുറത്തേക്ക് തള്ളിവന്നു. നെറ്റിയിലെ ഞരമ്പുകള്‍ എഴുന്നുവന്നു. എനിയ്ക്ക് അയാളെക്കുറിച്ചു എന്തൊക്കയോ അറിയാം എന്നാണ് അയാളുടെ ധാരണ എന്നു തോന്നുന്നു. 

എനിയ്ക്കു ഒന്നും അറിയില്ല എന്നു ഞാന്‍ പറഞ്ഞത് അയാള്‍ മുഖവിലയ്ക്ക് എടുത്തു എന്നു തോന്നുന്നു. അത് ഒരു കഥയാണ് ഭായി.. അയാള്‍ ഒരു നിമിഷം കണ്ണുകള്‍ അടച്ചു. പിന്നെ തെല്ലു മടിയോടെ അയാള്‍ തന്റെ ജീവിതകഥ പറഞ്ഞുതുടങ്ങി.  ' ഇരുപതു കൊല്ലമായി നാട്ടില്‍ പോയിട്ടില്ല എന്നു അയാള്‍ എന്നോടു പറഞ്ഞു. എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി കേട്ടു ഞാന്‍ ഒന്നു തരിച്ചു.ഞാന്‍ എന്റെ. ഭാര്യയെ കൊന്നവനാണ്..തുണ്ടം തുണ്ടമായി മുറിച്ചു.. എന്റെ മുഖത്തു രക്തമയമില്ലാതെ ആയി, ഇത്ര ക്രൂരനായ ഒരു മനുഷ്യന്റെറ മുമ്പിലാണല്ലോ ഇരിയ്ക്കുന്നത് എന്ന ചിന്ത എന്നെ നടുക്കി. അയാള്‍ പതിഞ്ഞ ശബ്ദത്തില്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. ഇരുപതു കൊല്ലങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയതാണയാള്‍. 

ഭാര്യ അയാള്‍ നാട്ടിലെത്തുന്നതിന് ഒരാഴ്ച്ച മുമ്പ് വേറെ ഒരാളോടൊപ്പം ഓടിപ്പോയി. കലിമൂത്ത അയാള്‍ ഭാര്യയേയും കാമുകനെയും വെട്ടിനുറുക്കി നാടുവിട്ടതാണ്. പിന്നീട് അയാള്‍ നാട്ടില്‍ പോയിട്ടില്ല. നാട്ടില്‍ തിരികെ ചെന്നാല്‍ ഭാര്യയുടെയും കാമുകന്റെയും വീട്ടുകാര്‍ ബില്ലിഭായിയെ വെട്ടിനുറുക്കും. കാട്ടുനീതിയാണ് അവിടെ. കണ്ണിന് കണ്ണ്, പല്ലിന് പല്ല്, ചോരയ്ക്കു ചോര അതാണവിടുത്തെ നീതി. എത്ര കുട്ടികള്‍ ഉണ്ട് എന്ന ചോദ്യത്തിനു അയാള്‍ ഒന്നും മറുപടി പറഞ്ഞില്ല. എത്ര നിര്‍ബന്ധിച്ചിട്ടും അയാള്‍ മറുപടി പറയാന്‍ തയ്യാറായതുമില്ല. ഒരുപക്ഷെ കുട്ടികളോടു കാണിയ്ക്കാന്‍ പറ്റാത്ത സ്‌നേഹമായിരിയ്ക്കും അയാള്‍ പൂച്ചകളോടും പ്രാവുകളോടുമൊക്കെ കാണിക്കുന്നത്. 

അടുത്ത ആഴ്ച റംസാന്‍ നോമ്പ് തുടങ്ങി. നോമ്പ് തുടങ്ങിയാല്‍ ഗള്‍ഫ് ജീവിതത്തിന്റെ തിരക്ക് എല്ലാം ഒന്നു കുറയും. ജോലി സമയം ഒക്കെ കുറവ്. വൈകിട്ടു നോമ്പ് തുറന്നതിനുശേഷമേ കടകളും മറ്റു സ്ഥാപനങ്ങളും സാധാരണ നിലയില്‍ ആകുകയുള്ളൂ. പിന്നീട് കുറെ ദിവസത്തേക്ക് ഞാന്‍ ബില്ലിഭായിയെ കണ്ടിട്ടില്ല. നേരത്തെ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ഞാന്‍ പുറത്തോട്ടു ഇറങ്ങാറുമില്ല. പെരുന്നാള്‍ ദിനം വന്നെത്തിയതോടെ എല്ലാറ്റിനും പഴയ വേഗം വന്നെത്തി. ഒരു വൈകുന്നേരം ബില്ലിഭായി കാറുമായി പോകുന്നത് ഞാന്‍ കണ്ടു. പഴയതു പോലെ കൈവീശി സലാം പറഞ്ഞു അയാള്‍ കടന്നുപോയി. 

വെള്ളിയാഴ്ച്ച പെരുനാള്‍ കഴിഞ്ഞു പിറ്റേ ദിവസം ഉച്ചയ്ക്ക് എന്തോ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയതാണ്. ബില്ലിഭായിയുടെ കാറിനു ചുറ്റും ചെറിയ ഒരു ആള്‍കൂട്ടം. അവിടവിടെയായി പൂച്ചകളും കൂട്ടം കൂടിനില്‍ക്കുന്നു. ആകെ ഒരു പന്തിക്കേട്. ഞാന്‍ ധൃതിയില്‍ അങ്ങോട്ടു കടന്നുചെന്നു. മുന്‍സീറ്റ് പുറകോട്ടു ചാരിവെച്ച് ബില്ലിഭായി കിടക്കുന്നു. അടക്കം പറയുന്ന ബംഗാളികളോടു ഞാന്‍ കാര്യം തിരക്കി. ' ബില്ലിഭായി ഫോത്ത് ഹോഗയാ..(ബില്ലിഭായി മരിച്ചു..). ' ഞാന്‍ ഒന്നു നടുങ്ങി. എന്റെ. കാലുകള്‍ വിറച്ചു. ഒരു ബലത്തിനായി ഞാന്‍ കാറിന്റെ പുറത്തേക്കു ചാരി. ശാന്തനായി ഉറങ്ങുന്നതുപോലെ കിടക്കുന്നു ബില്ലിഭായി. 

തലേന്നു രാത്രി കാറില്‍ ഉറങ്ങാന്‍ കിടന്നതാണയാള്‍. ഉറക്കത്തില്‍ എപ്പോഴോ ശാന്തമായി മരണത്തിലേക്കു നടന്നുകയറി. ആരോ പൊലീസിലേക്കു വിളിച്ചു പറഞ്ഞു. അല്പനേരത്തിനു ശേഷം സൈറണ്‍ മുഴക്കികൊണ്ടു പോലീസ് വണ്ടിയും ആംബുലന്‍സും വന്നു. പിന്നെ കാര്യങ്ങള്‍ ഒക്കെ പെട്ടെന്നു നടന്നു. ബില്ലിഭായിയുടെ മൃതദേഹം പോലീസും പരിശോധനകള്‍ക്കു ശേഷം സ്ട്രെച്ചറിലേക്കു മാറ്റി. 

കാണാനുള്ളവര്‍ അടുത്തുചെന്നു മയ്യിത്ത് കണ്ടു. ചുണ്ടുകളുടെ കോണില്‍ എവിടേയോ ഒരു പുഞ്ചിരി ഉള്ളതുപോലെ. ആളുകളുടെ തിരക്കു പൂച്ചകളെ തെല്ലു അസ്വസ്ഥരാക്കി. അവറ്റകള്‍ വാലുചുരുട്ടി ചെറിയ നിലവിളി ശബ്ദം എന്നുതോന്നുന്ന നിലയില്‍ കരഞ്ഞുകൊണ്ട് ആംബുലന്‍സിനു ചുറ്റും നടന്നു. ഡോറുകള്‍ അടഞ്ഞു ആംബുലന്‍സ് നീങ്ങി തുടങ്ങി. എവിടെ നിന്നോ വന്ന ഒരു കൂട്ടം പ്രാവുകള്‍ ആ വാഹനത്തിനു അകമ്പടി സേവിച്ചു കുറേ ദൂരം പോയതിനു ശേഷം അനന്തനീലിമയിലേക്കു പറന്നുപോയി.