കുടുംബത്തെ കൂട്ടാതെ ഒരു പോക്കു പോയതായിരുന്നു നാട്ടിലേക്ക്. അവധിയാഘോഷിക്കാനല്ല, കടം വീട്ടാന്‍ ഒരു തുണ്ട് ഭൂമി വില്‍ക്കാനുള്ള യാത്രയായിരുന്നു അത്. ദുരിതങ്ങള്‍ ഏറെ ഉണ്ടായിരുന്നതിനാല്‍ താണ്ടിവന്ന ദൂരത്തേക്കാള്‍ ഏറെ ആയിരുന്നു യാത്രയുടെ ആലസ്യം. വിശേഷങ്ങളൊക്കെ ചുരുക്കി പറഞ്ഞ് രാത്രിയൂണും കഴിച്ച് വീട് ഉറങ്ങിയപ്പോള്‍ പാതിരയായി.
ആണൊരുത്തന് ആയതു മുതല്‍ പരദേശിയാവും വരെ എന്റെ മുറിയെന്നൊരു സ്വകാര്യ ഇടമുണ്ട് വീട്ടില്‍. കൗമാരത്തിന്റെ കൗതുകങ്ങളും ആദ്യരാത്രികളുടെ അത്ഭുതവും അച്ഛനായ നാളിലെ പാല്‍മണവും നിറഞ്ഞനിന്ന എന്റെ മുറി. ഫിലമന്റ് ബള്‍ബും പൊടിപിടിച്ച ഫാനും മാറാല തൊങ്ങലുകളും ഉള്ള ആ മുറിയിലായിരുന്നു ഞാന്‍ ഏറെക്കാലം ഉറങ്ങിയതും ഉറങ്ങാതെ ഇരുന്നതും.
ഈറന്‍ നനവു കൊണ്ട് അടയാളം വീണ ഇരുണ്ട മൂലകളുള്ള ഭിത്തികള്‍ കല്യാണം പ്രമാണിച്ച് വെള്ളയടിച്ചതോടെ മുറിയിലാകെ പെയിന്റിന്റെ മണ്ണെണ്ണ മണം നിറഞ്ഞു. പുതിയതായി ഇട്ട ഫ്ലൂറസെന്റ് ലൈറ്റ് ഒരിളം നീലനിറവും പടര്‍ത്തി. ലൈറ്റണച്ചാലും കണ്ണില്‍ തങ്ങി നില്ക്കുന്ന ആ നീലയും അരികത്തൊരാളിന്റെ ചൂടുമായാണ് പിന്നെ ഏറെക്കാലം എന്റെ രാത്രികള്‍ കഴിഞ്ഞത്.
ഞാന്‍ പരദേശിയായപ്പോള്‍ ഭാര്യയും കുഞ്ഞും കിടന്നതും ആ മുറിയിലാണ്. പിന്നെ അവരും എന്റെ അരികിലേക്ക് കടലുകടന്ന് എത്തിയപ്പോള്‍ ഒഴിഞ്ഞു കിടന്ന് എന്റെ മുറി എന്നെ കാത്തിരുന്നു. ഇപ്പോള്‍ കൈകൊണ്ട് തൊട്ടിട്ട് കാലമേറയായ പുസ്തക കെട്ടുകളില്‍ നിന്ന് സ്വപ്നങ്ങള്‍ക്ക് പിന്നാലെ അലഞ്ഞ പഴയ അരക്ഷിതകാലത്തിന്റെ മണം ഉയരുന്നു. ഓര്‍മ്മകള്‍ക്കെല്ലാം ഓരോരോ മണങ്ങളാണ്.
പായല്‍ തണുപ്പുള്ള കിണര്‍ വെള്ളത്തില്‍ കുളിച്ചു വന്ന് ആഞ്ഞിലി മണമുള്ള അലമാരയില്‍ ഇരുന്ന പഴയൊരു ഉടുപ്പും മുണ്ടും എടുത്തണിഞ്ഞു. പുറത്ത് കാറ്റുവീശുന്നത് കേള്‍ക്കാം. പടികടന്ന് നടവഴിയിലേക്ക് ഇറങ്ങുന്നിടത്തെ അരമതില് തൂണില്‍ ചാരിനിന്നു. മുറ്റത്തിന്റെ അരികുകളിലാകെ ചെമ്പരത്തിയും ഇലച്ചെടികളുമാണ്. ചുറ്റും നിറയെ മരങ്ങളും. താനേ കിളിച്ചുവന്ന കലമ്പട്ടിയും മഞ്ഞകടമ്പുമൊക്കെ ആകാശം മറച്ച് പടര്‍ന്നുനിന്നു.
പറമ്പിലെ ഓരോ മരങ്ങളും വള്ളിച്ചെടികളും വളര്‍ന്നത് എനിക്കൊപ്പമാണ്. ഒരാള്‍പൊക്കം ആയപ്പോഴേക്കും പൂവിട്ട ഒരു ഒട്ടുമാവ് കിഴക്കേപ്പുറത്തുണ്ട്. അതിന്റെ മുറ്റിയ ഇല നെടുകേകീറി ചുരുട്ടി ഉപ്പുംകൂട്ടി പല്ലു തേച്ചിരുന്നു ഒരു കാലം. തിരക്കൊന്നുമില്ലാതെ പുറത്തേക്കു പോവുകയോ വീട്ടിലേക്ക് വരുകയോ ചെയ്യുമ്പോള്‍ കൈയെത്തി ഇലത്തുമ്പ് പൊട്ടിക്കാന്‍ പാകത്തിലൊരു പൂവരശ് ഉണ്ടായിരുന്നു. ഇന്ന് പുരയ്ക്കൊപ്പം പൊക്കത്തില്‍ അതിന്റെ തായ്ത്തടി പൊങ്ങിയിരിക്കുന്നു. 'നിനക്കായി ഒരു പുര പണിയാന്‍' എന്ന് കല്‍പ്പിച്ച് അമ്മ വച്ചിരുന്ന ചില തേക്കും വരിക്കയുമൊക്കെ പിന്നാമ്പുറത്തും നില്‍പ്പുണ്ട്. അവയ്ക്കിടയിലൂടെ നീര് നനവുള്ള ഒരു പാതിരാക്കാറ്റ് വീശിവന്നു. 'എനിക്കെന്തിനാ വേറൊരു വീട്' എന്ന് വെറുതേ പറഞ്ഞു പറഞ്ഞായിരിക്കും ആ സ്വപ്നം ജീവിതത്തില്‍ നിന്ന് അകന്നു പോയത്.
കാറ്റിലെ നനവില്‍ ഒരു പാല പൂത്ത മണം പറ്റിനിന്നു. കാടുപൂക്കുന്ന കാലമല്ല. എന്നിട്ടും കാറ്റിന് പാലപ്പൂമണമുണ്ടെങ്കില്‍ അരികില്‍ എവിടെയോ ഒരു യക്ഷിയുണ്ടാകും. ഉടലാകെയൊന്ന് തരിച്ചു. പേടിയല്ല, അജ്ഞാതമായ ഒരു സാന്നിധ്യം തിരിച്ചറിയുമ്പോഴുള്ള നിശബ്ദ പ്രതികരമാണത്. കിളിമരത്തില്‍ പടര്‍ന്നുനിന്ന രാത്രിമുല്ലയില്‍ അവിടവിടെയായി മൊട്ടുകള്‍ മെല്ലെ ഇതള്‍ തുറക്കുന്നത് കാണാം.
അതിരിന് അരികുപറ്റി കിഴക്കുവശത്ത് നടവഴിയോടു ചേര്‍ന്ന് കാട്ടുതെറ്റിയും കുളമാവും വളര്‍ന്നു കിടക്കുന്ന ചെറിയൊരു തൊടിയുണ്ട്. വണ്ടികേറാന്‍ പാകത്തിന് വഴിയുള്ള അവിടെയാണ് ഞാന്‍ വീടു പണിയേണ്ടത് എന്നാണ് അമ്മ എപ്പോഴും പറഞ്ഞിരുന്നത്. ആ തൊടിയുടെ തെക്കേ മൂലയില്‍ ഒരു ഏഴിലംപാലയുണ്ട്.
അതിനപ്പുറം സിലോണുകാരുടെ വലിയൊരു പറമ്പാണ്. തെങ്ങ് മാത്രമാണ് അതിലുള്ളത്. സിലോണില്‍ കുടിയേറിയ അവര്‍ ഈ വഴിക്കെങ്ങും വരാറില്ല. പറമ്പ് നോക്കാന്‍ അവരുടെ അകന്ന ബന്ധത്തിലെ ഒരു കുടുംബം അവിടെ ഓലവീട് കെട്ടി പാര്‍ത്തിരുന്നു.
പറമ്പില്‍ ചീനിയും ചേമ്പും കൃഷി ചെയ്തും തെങ്ങിനു തടംകോരി വളമിട്ടും പയറും കോവയും പടര്‍ത്തിയും അവര്‍ അവിടെ സ്വന്തം സ്ഥലത്തെന്നപോലെ കഴിഞ്ഞുകൂടി. ഒരു ചെറിയ ആണ്‍കുട്ടിയും പന്ത്രണ്ടു വയസോളമുള്ള പെണ്‍കുട്ടിയുമായിരുന്നു അവര്‍ക്കൊപ്പം ഉണ്ടായിരുന്നത്. കണങ്കാലിന് മേലെ നില്ക്കുന്ന പുള്ളി പാവാടയും കൈയിറക്കമുള്ള ഉടുപ്പുമാണ് അവളുടെ വേഷം. അയല്പക്കം ആയതിനാല്‍ അമ്മയുമായി അവള് അടുപ്പത്തിലാണ്.
കിളിമരച്ചോട്ടില്‍ പൊഴിഞ്ഞു കിടക്കുന്ന മുല്ലപൂക്കള്‍ പെറുക്കി മാലകെട്ടി അവള് മുടിയില്‍ ചൂടി നടക്കും. അച്ഛന് വന്നു എന്നു പറഞ്ഞ് നിന്നനില്‍പ്പിന് അടുക്കളപുറത്തുകൂടി ചിലപ്പോഴൊക്കെ അവള് ഓടുന്നതു കാണാം. ഒരു ചെറുപ്പക്കാരനുള്ള വീട്ടില്‍ അവള് ചുറ്റിത്തിരിയുന്നത് ആ അച്ഛന് അത്ര സുരക്ഷിതമായി തോന്നിയിട്ടുണ്ടാവില്ല.
ഒരിക്കല്‍ എവിടെയോ പോയിട്ട് ഒരുച്ചനേരത്ത് വീട്ടിലേക്ക് ഞാന്‍ വരുന്നതു കണ്ട് അവള് എന്റെ മുറിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോയി. എന്നെ കണ്ട പരിഭ്രമത്തില്‍ ഷെല്‍ഫില്‍ നിന്നെടുത്ത് നോക്കികൊണ്ടിരുന്ന ചങ്ങമ്പുഴ കവിതകള്‍ മേശപ്പുറത്തേക്ക് ഇട്ടാണ് അവള് പോയത്.
ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്തോ എന്ന് ഞാന്‍ നല്കിയ സ്വാതന്ത്ര്യത്തില്‍ പിന്നീട് അവള് ബഷീറിനെയും പത്മരാജനേയും മാധവിക്കുട്ടിയേയുമൊക്കെ വായിച്ചു തുടങ്ങി. ഞാനില്ലാത്ത നേരത്ത് വന്ന് പുസ്തകങ്ങള്‍ എടുക്കുകയും തിരിച്ചു വയ്ക്കുകയുമാണ് പതിവ്. മുറിയൊക്കെ അടിച്ചുവാരി മേശയൊന്ന് ഒതിക്കി വയ്ക്കുകയും കൂടി ചെയ്യും.
മഴനനവുള്ള ഒരു ഉച്ചനേരത്തെ ഉറക്കം കഴിഞ്ഞ് ഉണര്‍ന്ന് ഇരിക്കുകയായിരുന്നു ഞാന്‍. പാതിരാത്രിക്ക് മുന്‍പ് ഇനിയുമൊരു മഴയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇലയും കാറ്റുമെല്ലാം നനഞ്ഞു തന്നെ നിന്നു. ആകാശത്ത് വെളിച്ചവും കുറവായിരുന്നു.
കുളിച്ച് നനഞ്ഞ മുടിയും തണുപ്പു മാറിയിട്ടില്ലാത്ത നേര്‍ത്ത വിരലുകളുമായി അവള് മുറിയിലേക്കു കയറിവന്നു. മുന്‍പൊരിക്കലും ഞാന്‍ ഉള്ളപ്പോള്‍ അവള് മുറിയിലേക്ക് വരാത്തതാണ്. ഒഎന്‍വിയുടെ കവിതകള്‍ തിരികെ വച്ച് 'ഇങ്ങനെ പോയാല്‍ ഞാനും കവിതയെഴുതിപ്പോകും' എന്നവള്‍ പതിയെ പറഞ്ഞു.
അമ്മയ്ക്കൊപ്പവും അടുക്കളപ്പുറത്തും കലപില പറഞ്ഞു നടക്കുന്ന പെണ്ണായിരുന്നു എനിക്കവള് അത്രകാലവും. ഇതളില്‍ ഒരുതുള്ളി വെള്ളവുമായി നില്ക്കുന്ന ഏതോ പൊന്തചെടിയിലെ ഒരു പൂവ് പോലെയുണ്ട് ഇപ്പോള്‍. 'എന്നാലൊരു കവിതയെഴുതിക്കൊണ്ടുവാ.'
വാക്കുകൊണ്ട് ആര്‍ക്കും എഴുതാനാവാത്ത കവിത പോലൊരു നോട്ടം മറുപടിയായി തന്ന് അവള് പതിയെ ഇറങ്ങിപോയി.
പ്രതീക്ഷിക്കാതിരുന്ന ഒരു കാറ്റ് ഇരുണ്ട മേഘങ്ങളെ എവിടെ നിന്നോ കൂട്ടികൊണ്ടുവന്നു തുടങ്ങി. രാത്രിക്ക് കാത്തുനില്‍ക്കാതെ മഴ തുടങ്ങി. പിന്നെ നാലുനാള്‍ ഇടമുറിയാത്ത പെയ്ത്തായിരുന്നു.
പകല്‍ ഇടവേളകളിട്ട് വെയില് വന്നുംപോയുമിരുന്നു. കാതലാകാത്ത ചെറുതേക്കുകള് ചിലതു പാതിക്കു വച്ച് ഒടിഞ്ഞു തൂങ്ങി. കുതിര്‍ന്ന് കനം വച്ച മരച്ചില്ലകള്‍ തമ്മില്‍ പിണഞ്ഞു കിടന്നു. അവളുടെ വീട്ടിലെ കൃഷിയും കുറെ നശിച്ചുപോയി. കാറ്റില്‍ അറ്റുപോയ വള്ളികളൊക്കെ വലിച്ചുകെട്ടിയും വാഴകള്‍ക്ക് താങ്ങുകൊടുത്തും പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ ജീവിതം ശരിപ്പെടുത്തികൊണ്ടിരുന്നു.
നഞ്ഞുകുതിര്‍ന്ന കരിയിലകള്‍ വാരി മാറ്റുന്നതിനിടെ ഒരു അണലി പുറത്തു ചാടി.
അവളുടെ അച്ഛന് മണ്‍വെട്ടി കൊണ്ട് തല തല്ലിചതച്ചു അതിനെ കൊന്നു. ചാവുന്ന പിടച്ചിലിനിടയില്‍ അതിന്റെ വയറ്റില്‍ നിന്ന് ഒരു കുഞ്ഞു പുറത്തു വന്നു. അണലി കുഞ്ഞാണേലും തൊട്ടാല്‍ മതി മരണം തീര്‍ച്ചയാണ്. വയറ്റിനിള്ളില് പിന്നെയും പാമ്പിന് കുഞ്ഞുങ്ങള്‍ ഉണ്ടാകും. എല്ലാം ചത്തെന്നു ഉറപ്പാക്കാന്‍ ചെറിയ കുഴിയെടുത്തു തീയിട്ടുമൂടി എന്നാണ് അവള് പറഞ്ഞത്.
തല്ലിക്കൊന്ന അണലിയുടെ ഇണ ആ പരിസരത്തുതന്നെ കാണുമത്രേ. അതിനെ അകറ്റാന്‍ വെളുത്തുള്ളി ചതച്ചു തളിച്ചാല്‍ മതി. പുറം ലോകത്തെത്തി കണ്ണുമിഴിക്കും മുന്‍പേ അടിച്ചു കൊന്ന അണലി കുഞ്ഞിനെ ഓര്‍ത്തു അവള് വിഷമിക്കുന്നതു കണ്ടു. 'കവിത എഴുതിയോ' എന്നു ഞാന്‍ ചോദിച്ചത് കേള്‍ക്കാത്തതു പോലെ നടന്നു പോവുകയും ചെയ്തു.
ആ പകല്‍ മഴ പെയ്തതേ ഇല്ലായിരുന്നു. വൈകുന്നേരം പതിവുപോലെ കുളിച്ചു നനഞ്ഞ മുടിയുമായി അവള് വീണ്ടും വന്നു. കൈയില്‍ ഒതുക്കി പിടിച്ചിരുന്ന ഒരു പഴയ നോട്ടു ബുക്ക് മേശപ്പുറത്തു വച്ച് ഒന്നും പറയാതെ ഇറങ്ങി പോയി. അമ്മ കൊടുത്ത ഒരുപിടി വെളുത്തുള്ളിയുമായി അവള് അടുക്കളപ്പുറത്തുകൂടി പോകുന്നതാണ് കണ്ടത്.
അവള് ഇടക്കൊന്നു തിരിഞ്ഞു എന്നെ നോക്കിയിരുന്നോ.
അത് ഓര്‍ത്തെടുക്കും മുന്‍പ് വഴിയിലൊരു ഇലയനക്കം കേട്ടു. പാതിരാവ് കഴിഞ്ഞിട്ട് ഏറെയായിരുന്നു. പരദേശിയായ ശേഷം ഇന്നാണ് വീണ്ടും കാറ്റില്‍ അവളുടെ ഗന്ധം പൂമണമായി അറിയുന്നത്. അതിനിടെയാണ് ആരോ നടന്നു വരുന്നതു പോലെ തോന്നിയത്.
'നീ പുറത്തു കാണുമെന്ന് തന്നെ ഞാന്‍ കരുതി.' അടുത്തെത്തുന്നതിനു മുന്നേ അവന് പറഞ്ഞു. കുട്ടിക്കാലം മുതലുള്ള എന്റെ ചങ്ങാതിയാണ്. എട്ടുവരെ ഒരേ ക്ലാസിലായിരുന്നു. അവിടെവച്ചു അവന് പഠിത്തം നിര്‍ത്തി. മോഷണമാണ് ഇപ്പോള്‍ ജീവിതമാര്‍ഗം. എന്നാല്‍ നാട്ടിലും പരിസരത്തും വഴിയില്‍ കിടക്കുന്ന ഒരിലപോലും അവന് എടുക്കില്ല. അതുകൊണ്ട് നാട്ടില്‍ ആര്‍ക്കും അവനോട് തസ്ക്കര ഭയവുമില്ല.
'നീ എപ്പോ വന്നു.' ഒന്നുകൂടി പുകവലിച്ചൂതി അവന് കുറ്റി നിലത്തിട്ടു ചവിട്ടി.
'ഇവിടെ എത്തിയപ്പോള്‍ ഇരുട്ടി.'
'നിന്റെ മോനും ഭാര്യേം വന്നില്ല, ല്ലേ. സുഖല്ലേ അവര്‍ക്ക്. നീയെന്താ സ്ഥലം വില്ക്കാന് വന്നതാ, ല്ലേ. നിന്റമ്മ കാര്യമെല്ലാം പറഞ്ഞാരുന്നു.' ഉത്തരം അറിയാവുന്ന ചോദ്യങ്ങളെല്ലാം അവന് ഒറ്റയടിക്ക് ചോദിച്ചു.
എല്ലാം ശരിയാകുമെടാ എന്ന് പറയുന്നതിനു പകരം അവന് എന്റെ തോളില്‍ കൈതാങ്ങി അരമതിലില്‍ കയറിയിരുന്നു. എനിക്ക് അവിടെ നിന്നാല്‍ കിഴക്കേതൊടി കാണാം. കാട്ടുചെടി ഇലകളില്‍ നിലാവ് തിളങ്ങി നില്ക്കുന്നു. ഏഴിലംപാലയുടെ ചില്ലകളിലേക്ക് താഴെനിന്ന് ഒരു കാറ്റ് കയറിപ്പോയി.
ആ കാടുംപടലും നാളെയൊന്ന് വെട്ടി വൃത്തിയാക്കണം. സ്ഥലം വാങ്ങുന്നവര്‍ കാണുമ്പോള്‍ നന്നായിരിക്കണം. അവര്‍ക്കവിടെ വീടുവയ്ക്കാനാണ്.
'ഒരു കരിക്കിടട്ടെ'
വേണ്ടെന്ന് തലയാട്ടി 'നാളെയാവട്ടെ' എന്ന് ഞാന്‍ പറഞ്ഞു.
അത് ഞങ്ങളുടെ ഒരു കൂട്ടുമിശ്രതമാണ്. സൗഹൃദങ്ങളുടെ സന്തോഷങ്ങള്‍ ഇരട്ടിപ്പിക്കുകയും ഇല്ലായ്മകളെയൊക്കെ മറവിയിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്ന ലഹരിയുടെ കൂട്ട്.
'നീ പോയി കിടന്നോ. ഞാന്‍ രാവിലെ വന്ന് തൊടിയിലെ കളയൊക്കെ വെട്ടാം. എഴുനേല്‍ക്കുമ്പോ നീ വിളിച്ചാമതി.' പൊതിഞ്ഞു വച്ചിരുന്ന തോര്‍ത്തു കെട്ടഴിച്ച് രണ്ട് പാവക്കയും ഒരു വാഴക്കൂമ്പും എനിക്ക് തന്നിട്ട് അവന് പോയി. കഴിക്കാനും ചില്ലറ ചിലവിനുള്ളതുമേ അവന് മോഷ്ടിക്കാറുള്ളൂ. ചെറിയ പുറം പണികള്‍ക്കൊക്കെ പോവുകയും ചെയ്യും.
ഞാന്‍ തിരികെ മുറിയിലേക്ക് കയറുവാന്‍ ഒരുങ്ങി. ഇന്നേവരെ പൂത്തിട്ടില്ലെന്ന് അമ്മ പരാതി പറഞ്ഞിരുന്നൊരു നിശാഗന്ധിയുണ്ട് വാതില്‍ പടിയ്ക്ക് അരുകില്‍. അതില്‍ ഒരു പൂ വിടര്‍ന്നിരിക്കുന്നു. ചെറിയ മരപ്പാളിയുടെ ജനല്‍ പുറത്തേക്കു തുറന്നു വച്ചു. മുറിയിലാകെ നിറഞ്ഞ രാപ്പൂക്കളുടെ ഗന്ധത്തില്‍ ഞാന്‍ കിടന്നുറങ്ങി.
പിറ്റേന്ന് പറമ്പ് വൃത്തിയാക്കുന്നതിനിടെ കാട്ടുപേരയില് പഴുത്തുനിന്ന നാരങ്ങ വലുപ്പമുള്ള പേരക്ക വട്ടയിലയില്‍ പൊതിഞ്ഞു കൊണ്ടുവന്നു വിളിച്ചപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. പണ്ട് ഒരുമിച്ചു സ്കൂളില്‍ പോകുമ്പോള്‍ അവന് ഈ തൊടിയില്‍ നിന്ന് വട്ടയില പറിച്ചു മടക്കി പോക്കറ്റിലാക്കി കൊണ്ടുപോകും.
ഉച്ചക്ക് കിട്ടുന്ന സൂചിഗോതമ്പു പുഴുക്ക് വാങ്ങി കഴിക്കാന്‍. അവന് കാട്ടുപേര കൊണ്ടുവന്ന ഇലപ്പൊതി തുറന്നപ്പോള്‍ വേവിച്ച സൂചിഗോതമ്പില്‍ നല്ലെണ്ണ താളിച്ച മണമാണ് എനിക്ക് തോന്നിയത്.
അടുക്കളപുറത്ത് നിന്ന് നോക്കിയാല്‍ അമ്മ കാണാതിരിക്കാന്‍ അതിരിന് അരികിലുള്ള വലിയ നാട്ടുമാവിന്റെ മറവില്‍ ഇരുന്നായിരുന്നു പണ്ട് ഞങ്ങളുടെ കരിക്കിന് വെള്ളം ചേര്‍ത്തുള്ള കുടി. സിലോണുകാരുടെ പറമ്പിലെ താമസക്കാര്‍ നാടുവിട്ടു പോയതും പട്ടാളക്കാരന്റെ വീട്ടില്‍ കരിക്കിടാന്‍ കയറിയതിന് ഒളിസേവയാണെന്ന പേരുദോഷം കേട്ടതും ഒക്കെയായ കഥകള്‍ അവന് പലതവണ പറഞ്ഞത് പിന്നെയും വിവരിച്ചു കൊണ്ടിരുന്നു.
സ്വന്തം നാട്ടില്‍ നിന്ന് മോഷ്ടിക്കില്ല എന്ന ചിട്ട തെറ്റിച്ചതിനു ദൈവം കൊടുത്ത ശിക്ഷിച്ചതാണത്രേ പട്ടാളക്കാരന്റെ വീട്ടില്‍ പിടി വീണതും അടി കിട്ടിയതും.
കിഴക്കേ തൊടിയുടെ വില്‍പ്പന കഴിഞ്ഞു. അതിന്റെ തിരക്കില്‍ ദിവസങ്ങള്‍ പോയത് അറിഞ്ഞില്ല.നാട്ടില്‍ ഇനി ബാക്കിയായുള്ളത് ഒരു രാത്രി മാത്രം. വെറുതെ കാറ്റുകൊള്ളാമെന്നു കരുതി പുറത്തിറങ്ങി നിന്നു.
മുറ്റത്തും പറമ്പിലുമെല്ലാം അളവുകാരുടെ ചങ്ങല വലിച്ച പാടുകള്‍. ചെടികള്‍ പലതും ചവിട്ടിയരച്ചിരിക്കുന്നു. ഇലയും പുല്ലും ചതഞ്ഞ ഗന്ധം.കാറ്റിനാണെങ്കില് കല്ലിന്റെ മാത്രം മണം. മണങ്ങള്‍ക്ക് അതിരിടാന്‍ ആര്‍ക്കും ആകില്ലല്ലോ.
'നാളെ എപ്പോഴാ നിന്റെ പോക്ക്.' ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് അവന് അടുത്തു നില്‍ക്കുന്നത് കണ്ടത്. കള്ളന്മാര്ക്ക് കാലനക്കം ഇല്ലാതെ നടക്കാനറിയാം.
'രാവിലെ.'
തോര്‍ത്തുകെട്ട് തുറന്നു അവന് ഒരു പൊതി എനിക്കു നേരെ നീട്ടി. 'നല്ല വാളന്‍ പുളിയാ.' അതുവരെ കണ്ടിട്ടില്ലാത്ത ഒരു ചിരിയോടെ അവന് പറഞ്ഞു 'കട്ടതല്ല.
വീട്ടു മുറ്റത്തൊരു പുളിമരമുണ്ടായിരുന്നു.' ഞാനുമൊന്നു ചിരിച്ചു. നിനക്ക് തന്നുവിടാന്‍ എന്റെ പെണ്ണ് കുരു കുത്തികളഞ്ഞ് ഉപ്പിട്ട് കുടത്തിലാക്കി കെട്ടിവച്ചിരുന്നതാ. മോളു പ്രായമായപ്പോള്‍ മരം മുറിച്ചുവിറ്റു അവള്‍ക്കിത്തിരി പൊന്നുവാങ്ങി.'
'നിന്റെ മോള്‍ക്ക് ഞാന്‍ ഒന്നും തന്നില്ലല്ലോ.' ഇനി വരുമ്പോള്‍ ആകട്ടെടാ എന്നുപറയാന്‍ ആഞ്ഞതു തൊണ്ടയില്‍ കുടുങ്ങിപോയി. ഇനിയെന്നു വരാന്‍. എവിടേക്കു വരാന്‍. അവനും ഈ നാടുവിട്ട് പോവുകയാണത്രേ. കള്ളനെന്ന പേരില്ലാത്ത ദൂരെ എവിടെയെങ്കിലും പോയി പണിയെടുത്ത് കഴിയണം. മകളെ കെട്ടിക്കണം.
'തൊടി വിറ്റില്ലേ. ഇനി നീ എവിടെ വീടുവയ്ക്കും.' ഞാന്‍ എന്തെങ്കിലും പറയും മുന്‍പ് അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ല എന്നര്‍ത്ഥത്തില്‍ അവന് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു. മണ്ണില്‍ നിന്ന് പിഴുതെടുത്തു ചാരിവച്ചൊരു മരം പോലെ നില്ക്കുന്ന പരദേശിക്ക് എന്തിനാണ് ഇനിയൊരു വീട്.
നാട്ടിലേക്കും തിരിച്ചുമുള്ള വിമാന യാത്രകളില്‍ കണ്ണടച്ചിരിക്കുന്ന കുറച്ചു നേരമാണ് ആകെ മിച്ചം. അവന്റെ കണ്ണുകളിലേക്കു വന്ന നനവ് ഇരുളില്‍ തിളങ്ങുന്നതു ഞാന്‍ കണ്ടു. ഒന്നും പറയാതെ അവന് നടന്നുപോയി.
വെള്ളി നിറമുള്ള നിലാവിനെ മറച്ചുകൊണ്ട് കരിമേഘങ്ങള്‍ വന്നു മറയുന്നു. പുലരും മുന്‍പ് ഒരു മഴ പെയ്തേക്കും. എങ്കിലും മുറിയിലേക്കു പോയിക്കിടക്കാന്‍ തോന്നുന്നില്ല. ഓര്‍മകളില്‍ ആരോ കാത്തു നില്ക്കുന്നതു പോലെ.
പണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ദിവസത്തെ സന്ധ്യയിലാണ് അമ്മ കൊടുത്ത വെളുത്തുള്ളിയുമായി മഴവീഴും മുന്‍പ് വീട്ടിലെത്താന്‍ അവള് ഓടിപ്പോയത്.
പക്ഷേ പിന്നെ ഏഴുനാള്‍ മഴ പെയ്തില്ല. അവളുടെ കുഴിമാടത്തില്‍ കിടന്ന വാടാമല്ലി പൂക്കളില്‍ നിന്ന് പുതിയ തൈനാമ്പുകള് മുളച്ചുപൊന്തും വരെ പെരുമഴ പോലും മാറിനിന്നു.
സന്ധ്യക്ക് അവളുടെ വീട്ടുപടിക്കല്‍ കിടന്ന അണലി ചവിട്ടേറ്റ് തിരിഞ്ഞ് കൊത്തിയാണ് അവള് മരിച്ചത്. അവളുടെ കൈയില്‍ നിന്ന് ചിതറി വീണ വെളുത്തുള്ളി അല്ലികള്‍ക്ക് ഇടയിലൂടെ പക തീര്‍ത്ത് ഇഴഞ്ഞു പോയ ഇണ അണലിയെ അവിടെങ്ങും ആരും പിന്നെ കണ്ടതുമില്ല.
കിഴക്കേ തൊടിയുടെ തെക്കേമൂലയിലെ ഏഴിലംപാലയ്ക്ക് അരികിലായി അതിരുകല്ലിന് അപ്പുറത്താണ് അവളുടെ കുഴിമാടം. അധികം ദിവസങ്ങള്‍ കഴിഞ്ഞില്ല ആ പാലമരം ആദ്യമായി പൂത്തു. അന്നവള്‍ക്ക് പതിനാല് തികയുന്ന ആയില്യം നാളായിരുന്നുവെന്ന് അമ്മ പറഞ്ഞു. വായിച്ചു തീര്‍ത്ത പുസ്തകങ്ങളിലെ മടക്കിവച്ച പേജുമൂലകളായും പാതിരായ്ക്ക് വീശുന്ന കാറ്റിലെ പാലമണമായും പിന്നീട് പലപ്പോഴും അവള് സാന്നിധ്യം അറിയിച്ചിരുന്നു.
ഇപ്പോഴിതാ കിഴക്കു തെക്കുനിന്നു ഒരു തണുത്ത കാറ്റ് വീശിയെത്തിയതില് പച്ചില മണങ്ങള്‍ക്കു മീതേ അതേ പാലപൂമണം. മുറ്റം കവിഞ്ഞ് ആ മണം എനിക്കൊപ്പം ആദ്യമായി മുറിയിലേക്കു കയറിവന്നു. പുസ്തക കെട്ടുകള്‍ക്കിടയില്‍ നിന്നും പഴക്കം കൊണ്ട് നിറം മാറിയ ഒരു നോട്ടു ബുക്ക് ഞാന്‍ കണ്ടെടുത്തു.
വായിച്ച പുസ്തകങ്ങളിലെ ഇഷ്ടപ്പെട്ട വരികള്‍ അതില്‍ മഷിപ്പേനകൊണ്ട് പകര്‍ത്തി എഴുതിയിരിക്കുന്നു. ഒന്നും എഴുതാതെ വിട്ട പേജില്‍ ഒരു കുല പാലപ്പൂക്കള്‍ ഇരിക്കുന്നതായി എനിക്ക് തോന്നി.
തിരികെ കൊണ്ടുപോകാനുള്ള ബാഗിനുള്ളിലേക്ക് ഞാനാ നോട്ടു ബുക്ക് എടുത്തുവച്ചു. ഭാഗം വച്ചുതീര്ന്ന വീടുംപറമ്പിന്റെയും ആര്‍ക്കും വേണ്ടാത്ത പഴകി പൊടിഞ്ഞ അടിയാധാരവും ഒപ്പം ചേര്‍ത്തുവച്ചു. നേരം പുലരുന്നതിനു മുന്‍പ് വീശാറുള്ള ഈറന്‍ കാറ്റിന് ശേഷം ഞാനൊന്നുറങ്ങി.
തൊടി വാങ്ങിയവര്‍ അവിടെ താമസിയാതെ വീടു പണി തുടങ്ങും. അതിനായി മുറിക്കുന്ന മരങ്ങളൊക്കെ ഇനിയുള്ളകാലം ഓര്‍മകളില്‍ പൂവിടട്ടെ. തെക്കേ മൂലയിലെ ഏഴിലംപാലയും മുറിച്ചു മാറ്റാതിരിക്കില്ലല്ലോ.....