ഞാനും സുഹൃത്ത് ഹനീഫയും അവന്റെ സുഹൃത്ത് റസാഖ് ഭായിയും കൂടി എന്റെ അളിയന്‍ ഹാരിസിനെ കാണാന്‍ കല്ബയിലേക്ക് പോയി. ഏകദേശം 12.15 ഓടെ ഞങ്ങള്‍ അളിയന്റെ റൂമിനടുത്തുള്ള പള്ളിയിലെത്തി .ജുമുഅ നമസ്‌കാര ശേഷം ഞങ്ങള്‍ നാലു പേരും കൂടി കാറിനടുത്ത് സംസാരിച്ചിരിക്കുമ്പോള്‍ ഒരു  ലാന്‍ഡ്ക്രൂയിസറില്‍ നിന്ന് സലാം പറഞ്ഞു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഒരു അറബി ഇറങ്ങി വന്നു. ഞങ്ങള്‍ മൂന്ന് പേരും കൂടി അളിയന്റെ മുഖത്തേക്ക് നോക്കി. ഇനി അവന്‍ അറിയുന്ന വല്ല അറബിയും ആയിരിക്കുമോ എന്ന സംശയത്തോടെ.

ഞങ്ങളെ കണ്ടപ്പോള്‍ ദൂരെ നിന്നും വന്നത് പോലെ തോന്നിയത് കൊണ്ടാകാം അറബി ഞങ്ങളോട് പേരും വിവരങ്ങളും ചോദിച്ചു. അജ്മാനില്‍ നിന്നാണ് ഞങ്ങള്‍ വരുന്നതെന്ന് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തുണ്ടായ ആ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു.

അറബി ഞങ്ങളെ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചു, അവരുടെ കാറിലേക്ക് കയറാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള് ഒന്ന് ഭയപ്പെട്ടു. ഇന്ന് എന്റെ വീട്ടില്‍ ഒരുപാട് അതിഥികളുണ്ട് അവരുടെ കൂടെ അജ്മാനില്‍ നിന്നും വന്ന അതിഥികളായിട്ട് നിങ്ങള്‍ വരണമെന്ന് നിര്‍ബന്ധം പിടിച്ചു. പത്ത് മിനുറ്റോളം അവിടെ നിന്നതിന് ശേഷം പേടിയോടെയാണെങ്കിലും അദ്ദേഹത്തിന്റെ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു കൂടെ പോയി. 

image
വീട്ടിലെത്തിയപ്പോള്‍ അയാളുടെ രണ്ട് മക്കള്‍ വന്നു ഞങ്ങളെ അകത്തേക്ക് വിളിച്ചു കൊണ്ട് പോയി. അകത്തു കടന്നു ഇരുന്നപ്പോള് ഒരു വലിയ പാത്രം നിറയെ പഴങ്ങളും ജ്യൂസുകളും ഇരിക്കുന്നത് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണതും ബോധ്യമായതും, ഞങ്ങളെ കൊല്ലാനല്ല തീറ്റിക്കനാണ് കൊണ്ട് വന്നതെന്ന് മനസ്സിലായി. പിന്നെ ഒന്നും ആലോചിച്ചില്ല അവിടെ ഇരുന്നു.

ഇതൊക്കെ ജീവിതത്തില്‍ ഒരിക്കല്‍ കിട്ടുന്ന എല്ലാവര്‍ക്കും കിട്ടാത്ത ഒരനുഭവമാണ്. കുറച്ചു സമയത്തിന് ശേഷം  അറബിയുടെ അതിഥികളും സഹോദരങ്ങളും അവിടേക്ക് വന്നു. അറബി ഞങ്ങളെ നാലു പേരെയും ഇത് അജ്മാനില്‍ നിന്നും വന്ന അതിഥികള്‍ ആണെന്ന് പറഞ്ഞു ഓരോരുത്തര്‍ക്കും പേര് പറഞ്ഞു പരിചയപ്പെടുത്തി കൊടുത്തപ്പോള്‍ സന്തോഷം അടക്കാനായില്ല. പള്ളിയില്‍ നിന്നും ഞങ്ങള്‍ പറഞ്ഞു കൊടുത്ത പേരുകള്‍ ഓര്‍മ്മിച്ചു വെച്ച് അറബി അവരോടു പറഞ്ഞപ്പോള്‍ അത്രക്കും ആത്മാര്‍തമായിട്ടായിരുന്നു ക്ഷണിച്ചതെന്ന് ബോധ്യമായി.

അറബിയുടെ അതിഥിളോട് സംസരിക്കുനതോടൊപ്പം ഞങ്ങളുടെ അടുത്ത് വന്നു കയ്ഫല്‍ ഹാലക് എന്ന് അറബിയിലും ഇംഗ്ലീഷിലുമായി ഞങ്ങളോട് സുഖവിവരങ്ങള്‍ തിരക്കാന് അദ്ദേഹം മറന്നിരുന്നില്ല. എല്ലാവരും വന്നതിനു ശേഷം ബിരിയാണിയുടെ വലിയ പാത്രങ്ങള്‍ ഞങ്ങളുടെ മുമ്പില്‍ നിരത്തി. അതില്‍ ആട്,കോഴി എന്നിവയടക്കം അവരുടെ വിഭവങ്ങളും ഉണ്ടായിരുന്നു. 

image
അവരുടെ കൂടെ ഒരേ പാത്രത്തില് നിന്നും ഭക്ഷണം കഴിച്ചപ്പോള്‍ ഞാന്‍ ആലോചിച്ചു പോയി.നമ്മുടെ ആളുകളുടെ സ്‌നേഹവും ഒരുമയും ഇവരുടെ ഏഴു അയലത്ത് പോലും വരില്ല എന്ന്. അതിഥികളോട് എങ്ങനെ പെരുമാറണം അവരെ എങ്ങനെ സത്ക്കരിക്കണം എന്ന് ഇവരില് നിന്നും നമ്മള് പഠിക്കണം. അറബിയുടെ മക്കളായിരുന്നു ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു മടിയും കൂടാതെ ചെയ്തു തന്നത്.

അങ്ങനെ ഞങ്ങള്‍ രണ്ടു മണിക്കൂര്‍ അവിടെ ചിലവഴിച്ചു. തിരിച്ചു വരാന്‍ സമയത്ത് ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകനെ വിളിച്ചു എല്ലാവരെയും ചേര്‍ത്ത് നിറുത്തി എന്റെ ഫോണിലും അത് കഴിഞ്ഞു അറബിയുടെ ഫോണിലും ധാരാളം ഫോട്ടോസുകള്‍ എടുത്തു.

ഞങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലായിരുന്നു എന്നാലും നന്ദിയും പ്രാര്‍ഥിക്കണമെന്നും പറഞ്ഞു  അറബിയോട് സലാം പറഞ്ഞു. ഇനിയും ഇവിടെ വരാന്‍ കഴിയേണമേ എന്ന് മനസ്സില് ധ്യാനിച്ചുക്കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു.