എന്റെയോ  വീട്ടുകാരുടെയോ നിര്‍ബന്ധം കൊണ്ടാണെന്നറിയില്ല, വിദേശത്തു ജോലികിട്ടി രണ്ടാം വര്‍ഷം ആയപ്പോള്‍ നാട്ടില്‍ എനിക്ക് കല്യാണാലോചനകള്‍ തുടങ്ങി. ആസമയത്തു ഞാന്‍ ആരോഗ്യമൊക്കെ കുറച്ചു ശ്രദ്ധിക്കാന്‍ തുടങ്ങി. രാവിലെ എണീറ്റ് ഓടുക, ഭക്ഷണം ആവശ്യത്തിന് മാത്രം കഴിക്കുക, ഫിറ്റ്‌നെസ് സെന്ററില്‍ പോകുക തുടങ്ങിയ കായിക കാര്യങ്ങളിലൊക്കെ കൂടുതല്‍ സമയവും ചിലവഴിക്കുവാന്‍ തുടങ്ങി. അതേസമയത്തുതന്നെയാണ് കോഴിക്കോടുകാരനും കൂടെ ജോലിചെയ്യുന്ന എന്റെ സീനിയറുമായ ഷിബിന്റെ പെണ്ണുകാണലും നാട്ടില്‍ ഒത്തുവരുന്നത്. എല്ലാം ഒന്ന് ശരിയായി വന്നപ്പോള്‍ 2009 -ലെ ഓണത്തിന് ഏകദേശം മുന്നിലും പിന്നിലുമായി ഒരേ സമയം തന്നെ നമ്മള്‍ നാട്ടില്‍ പോകാന്‍ പദ്ധതികള്‍ തയ്യാറാക്കി.

ഫിറ്റ്‌നെസില്‍ പോയി ഞാന്‍ കൂടുതല്‍ കസര്‍ത്തുകള്‍ നടത്തിയതിനാല്‍ ആണെന്ന് തോന്നുന്നു ശരീരം ചൂടായിട്ടു കാലില്‍ ചെറിയ ഒരു കുരുവും സ്ഥാനം പിടിച്ചു. ശരീരത്തിലെ മസിലുകള്‍ ആവശ്യത്തിന് വളര്‍ന്നില്ലെങ്കിലും ചൂടുകുരു ആവശ്യത്തിലധികം വളര്‍ന്നിരുന്നു. 

2009 ല്‍ ബാങ്കോക്കില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടു വിമാന സര്‍വീസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല, ഒന്നുകില്‍ ചെന്നൈ- ബാംഗ്ലൂര്‍- മുംബൈ എവിടെയെങ്കിലും വന്നു കണക്ട് ചെയ്യണം അതാണെങ്കില്‍ സമയം, സാമ്പത്തികം, അധ്വാനം കൂടുതലും. അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ പഴയ ബാംഗ്‌ളൂര്‍ കണക്ഷന്‍ വച്ച് സമയ ലാഭത്തിനായി ചില കുറുക്കുവഴികള്‍ ഉരുത്തിരിഞ്ഞു വന്നത്. ബാംഗ്ലൂര്‍ പോവുക, അവിടുന്ന് സുഹൃത്തുക്കളെക്കൂട്ടി ടാക്‌സി എടുക്കുക. കോഴിക്കോട് എട്ടു മണിക്കൂര്‍ കൊണ്ട് ഓടി എത്താം, മൂന്നാലു സുഹൃത്തുക്കളെ കൂടെകൂട്ടിയാല്‍ സാമ്പത്തികമായും ലാഭിക്കാം. (ഓണക്കാലമാണ്, സ്‌പെഷ്യല്‍ സര്‍വീസ് ബസുകളൊക്കെ അറവു നടത്തുന്ന സീസണ്‍) ഇതൊക്കെ പ്ലാന്‍ ചെയ്തു, ഒരു സുഹൃത്തിനെ വിളിച്ചു അന്നത്തെ പോഷ് വാഹനമായ മഹിന്ദ്ര സ്‌കോര്‍പിയോണ്‍ തന്നെ ബുക്ക് ചെയ്യിച്ചു. 

അങ്ങനെയിരിക്കെ നാട്ടില്‍ വരുന്നതിന്റെ കൃത്യം നാല് ദിവസം മുന്നേ തന്നെ, കാലിനിടയിലെ ചക്കക്കുരു വലിപ്പമുള്ള ആ ചൂടുകുരു ഒരു ബാധ്യത ആയി മാറിയിരുന്നു. നടക്കുവാനോ ഇരിക്കുവാനോ പറ്റാത്ത ഒരവസ്ഥ. കമ്പനി വണ്ടി വരുത്തി അടുത്തുള്ള ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് കാര്യം ധരിപ്പിച്ചു. എല്ലാം ഓക്കെ എന്നും പറഞ്ഞു ബെഡില്‍ കയറ്റികിടത്തിയ ഡോക്ടര്‍, ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ ചക്കക്കുരു അങ്ങട് ചൂഴ്‌ന്നെടുത്തു കളഞ്ഞു. 

എന്നിട്ടു എന്റെ മൊബൈലില്‍ത്തന്നെ അതിന്റെ ഒരു പടവും പിടിച്ച് കാണിച്ചുതന്നു. ഇപ്പോള്‍ എനിക്കതില്‍ വേണമെങ്കില്‍ രണ്ടു ചക്കക്കുരുക്കള്‍ വരെ നട്ടു വളര്‍ത്താന്‍ പാകത്തിലുള്ള ചുഴിയാക്കിയിരുന്നു. ഈശ്വരാ.! എന്റെ പെണ്ണുകാണല്‍, എന്റെ പെണ്ണ്, എന്റെ ഫളൈറ്റ്, സ്‌കോര്‍പിയോ ഇവയെ കുറിച്ചൊക്കെ ആലോചിച്ചു വിഷമിച്ചു റൂമില്‍ തിരിച്ചെത്തി, അങ്ങനെ ദിവസങ്ങള്‍ എണ്ണിക്കഴിച്ചു. എന്നിട്ടും വേദനക്ക് ഒരു ശമനവുമില്ല. ശനിയാഴ്ച ആയി, വീണ്ടും ആശുപത്രിയില്‍ പോയി ഇന്‍ജെക്ഷന്‍ എടുത്തു, വൈകിട്ട് നാട്ടില്‍ പോകണം അതുമാത്രമായിരുന്നു ഏക ആശ്വാസം. 

വൈകുന്നേരം കമ്പനി വാന്‍ വന്നു ഞങ്ങളെ രണ്ടുപേരെയും എയര്‍പോര്‍ട്ടില്‍ എത്തിച്ചു, ലഗ്ഗേജൊക്കെ ആവശ്യത്തിനുണ്ട്. തായ് എയര്‍വെയ്സ് ആയതുകാരണം 32+10കിലോ മാക്‌സിമം എടുക്കാം. പക്ഷേ, വീല്‍ ബാഗുകളുടെ ഭാരം കൂടി ആകുമ്പോള്‍ 3 -5 കിലോ നമുക്ക് നഷ്ടമാണ്. 

ബാംഗ്‌ളൂര്‍ ചങ്ങാതിമാരോട് രാത്രി 12:20 ആണ് ലാന്‍ഡിംഗ് പറഞ്ഞിരുന്നത്, അവര്‍ ഡ്രൈവര്‍ കൂടാതെ നാലുപേരുണ്ടായിരുന്നു. ഹരിയേട്ടന്‍, ഷജില്‍, വികാസ്, പിന്നെ മോനിഷ്. അങ്ങനെ 12:40 ആകുമ്പോഴേക്കും ഞങ്ങള്‍ ലഗ്ഗേജൊക്കെ കളക്ട് ചെയ്യാന്‍ ബെല്‍റ്റിനടുത്തെത്തിയ ഉടനെ ഞാന്‍ വികാസിനെ വിളിച്ചു പറഞ്ഞു, പത്തു മിനിറ്റുകൊണ്ട് പുറത്തുവരും... നിങ്ങള്‍ എവിടെയാണ് ഉണ്ടാവുക, അപ്പോള്‍ അവരുടെ ഡ്രൈവറുടെ ഉത്തരം വളരെ രസകരമായിരുന്നു, 'അവര്‍ ലാന്‍ഡ് ചെയ്യാന്‍ ആയിട്ടില്ല, ഇനിയും 30 -40 മിനുട്ട് കഴിഞ്ഞാലേ അവര്‍ അവിടെ എത്തൂ.... അപ്പോഴേക്കും നമ്മള്‍ക്കുമെത്താം'. ആ മഹാന്റെ പേര് എനിക്കൊര്‍മയില്ല, പക്ഷെ പുള്ളി നല്ല വെള്ളമായിരുന്നു.

അങ്ങനെ അരമണിക്കൂറിനു ശേഷം അവര്‍ എത്തി, നല്ല കാലുവേദന ആയിരുന്നിട്ടും അധികം പരിഭവമൊന്നുമില്ലാതെ വണ്ടിയില്‍ കയറി ഇരുന്നു. ഡ്രൈവര്‍ തണ്ണിയായതിനാല്‍ ഹരിചേട്ടനാണ്  ഡ്രൈവ് ചെയ്തിരുന്നത്, തണ്ണിമഹാനെ ചുരുട്ടിക്കൂട്ടി ബാക് സീറ്റില്‍ വെച്ചിട്ടുണ്ടായിരുന്നു. കുറച്ചു ദൂരം ഡ്രൈവ് ചെയ്തപ്പോള്‍ വണ്ടിക്കു സ്പീഡ് പോരാ എന്നും പറഞ്ഞു നമ്മുടെ ഡ്രൈവര്‍ ഡ്രൈവിംഗ് സീറ്റ് വീണ്ടും പിടിച്ചെടുത്തു. 

പിന്നീട് അങ്ങോട്ട് ബാംഗ്‌ളൂര്‍ ഔട്ടര്‍ റിങ് റോഡിലെ ഒരു മൈക്കല്‍ ഷൂമാക്കര്‍ ആയിരുന്നു അദ്ദേഹം. ഇടക്ക് രണ്ടു നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ ഇടയില്‍ ഓവര്‍ടേക്കിങ്ങിനു വേണ്ടി നടത്തിയ ഒരു ഡ്രിഫ്ട്...അത് പൊളിച്ചു പിന്നീട് എന്റെ പ്രാര്‍ത്ഥന ഇവിടെവരെ എത്തിയിട്ട് മരിക്കുന്നതിനു മുന്നെ എങ്ങനെയെങ്കിലും അച്ഛനെയും അമ്മയെയും കണ്ടാല്‍ മതി എന്നായിരുന്നു. പക്ഷെ പാലം കുലുങ്ങിയാലും കോരന്‍ കുലുങ്ങില്ല എന്നപോലെ ഷിബിന്റെ മുഖത്തെ ദയനീയ ഭാവം ആയിരുന്നു പിന്നീട് എന്റെ ധൈര്യം. 

ശേഷം പത്തു മിനിറ്റ് നല്ല കുട്ടിയായി അഭിനയിച്ച ഡ്രൈവര്‍ അവന്റെ രുദ്രഭാവം വീണ്ടും പുറത്തെടുത്തത് ഹംപില്‍ വേഗത കുറച്ചപ്പോള്‍, നമ്മളെ ഓവര്‍ ടേക്ക് ചെയ്തുപോയ ഒരു ബൈക്കുകാരന്റെ കൂടെ റൈസ് നടത്തിയായിരുന്നു. ബെല്ലും ബ്രേക്കുമില്ലാത്ത ഡ്രൈവിംഗ്, അതിനിടയില്‍ എപ്പോഴോ ചാടിക്കടൊന്നൊരു ഹംപ് പറത്തിവിട്ടത് നമ്മുടെ വണ്ടിയുടെ ക്യാരിയറില്‍ കെട്ടിവെച്ച കാര്‍ബോര്‍ഡ് ബോക്‌സുകളില്‍ ഒന്നിനെയായിരുന്നു.

അതോടെ  വണ്ടി നിര്‍ത്തിച്ചു, റോഡില്‍ വീണ ബോക്‌സ് എടുത്തുകൊണ്ടുവന്നു തിരികെ വെച്ച ശേഷം പത്തുപതിനഞ്ചു മിനിറ്റ് ആരും ഒന്നും സംസാരിച്ചില്ല. കൂടെ ഉണ്ടായിരുന്ന മോനിഷ്, സ്റ്റിയറിങ് ഏറ്റെടുത്ത ശേഷമാണ് പിന്നീട് നമ്മള്‍ അവിടുന്ന് യാത്ര തുടങ്ങിയത്. രാവിലെ നാലുമണിവരെ അല്ലലും അലംബുമില്ലാത്ത മോനിഷമായ യാത്ര, കുറച്ചു വിശ്രമിച്ചശേഷം വീണ്ടും ഹരിയേട്ടന്‍. ഏകദേശം ആറുമണിക്ക് ശേഷമാണു ഞങ്ങള്‍ വയനാടന്‍ കാടുകളിലേക്ക് കടന്നത്. 

പൊടുന്നനെ മുന്നില്‍ കുറച്ചു കാട്ടാനക്കൂട്ടം- അത് വക വെയ്ക്കാതെ ഹരിയേട്ടന്‍ ഡ്രൈവിംഗ് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇതിലും വലുത്, വരാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ എന്ന് ആ ഡ്രൈവര്‍ക്കറിയാമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് അറിയാമായിരുന്നില്ല.

കാട്ടാനക്കൂട്ടവും കഴിഞ്ഞു മൂന്നാലു കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോള്‍ വണ്ടിയുടെ സ്റ്റീയറിങിനൊരു പിടുത്തം,  ഉടനെ ഞങ്ങള്‍ വണ്ടി നിര്‍ത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ടയര്‍ പഞ്ചര്‍.....സന്തോഷമായി. എല്ലാരും ഉടനെ പുറത്തിറങ്ങുന്നു, ജാക്കി തപ്പുന്നു, സ്റ്റെപ്പിനി അഴിക്കുന്നു എല്ലാംതകൃതി. പക്ഷെ ഡ്രൈവര്‍ അവന്‍ വീണ്ടും വെറുപ്പിച്ചു, പുള്ളി പിന്‍സീറ്റില്‍ കിടന്നു ഉറങ്ങുന്നു. പക്ഷെ എത്ര തികഞ്ഞിട്ടും ജാക്കി ലിവര്‍ മാത്രം എവിടെയും കാണ്മാനില്ല, അവന്‍ ആണെങ്കില്‍ പാതിമയക്കത്തിലും. എല്ലാം വാരി വലിച്ചിട്ടു പരിശോധിക്കുന്ന ഇടക്ക് ദേഷ്യം പിടിച്ച ഷജില്‍ ആണെന്ന് തോന്നുന്നു ലിവര്‍ ഇല്ലാത്ത ജാക്കി കൈകൊണ്ടു കറക്കി ആക്‌സില്‍ വരെ പൊക്കിവച്ചു, എന്നിട്ടു എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി നില്ക്കാന്‍ തുടങ്ങി. ഇത് കണ്ടു ക്ഷമ നശിച്ച ഞാന്‍ എന്തൊക്കയോ തെറികള്‍ പിറുപിറുക്കാന്‍ തുടങ്ങിയിരുന്നു. കൂടെ അതിലെ പോകുന്ന വാഹനങ്ങള്‍ക്കൊക്കെ കൈകാണിക്കാനും തുടങ്ങി.

അങ്ങനെ അരമണിക്കൂറിനടുത്തു ശ്രമിച്ചിട്ട് ഒരു സ്‌കോര്‍പിയോ തന്നെ നമ്മളെ സഹായിക്കുവാന്‍ അവിടെ നിര്‍ത്തി, രണ്ടു ഘടാ ഗഡിയന്‍ സര്‍ദാര്‍ജിമാര്‍ ഇറങ്ങിവന്നു. അവരോടു ഞാന്‍ കാര്യങ്ങളൊക്കെ വിശദീകരിച്ചു, കാലിനു സുഖമില്ല, ഇന്നലയെ പുറപെട്ടതാണ്, വിദേശത്തുന്നു വരുവാണ് എന്നൊക്കെ. ദയനീയസ്ഥിതി മനസിലാക്കിയ അവര്‍, അവരുടെ തന്നെ ജാക്കിയും ലിവറും വച്ച് വണ്ടി ഉയര്‍ത്തി സ്റ്റെപ്പിനിയൊക്കെ മാറ്റുവാന്‍ സഹായിച്ചു.  ജാക്കിയൊക്കെ ഇറക്കി നന്ദിയൊക്കെ പറഞ്ഞു കൈകൊടുത്തു പിരിഞ്ഞു. ആ സന്തോഷത്തില്‍ ആരൊക്കെയോ പുകവലിക്കാനും, മൂത്രമൊഴിക്കാനുമൊക്കെയായി കുറച്ചുനേരം ചിലവഴിച്ചു. ശേഷം പഞ്ചര്‍ ആയ ടയറൊക്കെ എടുത്തു വണ്ടിയില്‍വെച്ചു, പക്ഷെ നമ്മുടെ ലിവര്‍ ഇല്ലാത്ത ജാക്കി നോക്കിയിട്ടു എവിടെയും കാണുന്നില്ല, ഭഗവാനെ പാജി-ചതിച്ചോ....

 അങ്ങനെ ഇരിക്കുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു, ദേ നമ്മുടെ ജാക്കി വണ്ടിയുടെ അടിയില്‍ തന്നെ ഉണ്ട് ഷജിലെ, അതെങ്ങെടുത്തേക്കൂ. പക്ഷെ ജാക്കി എടുക്കാന്‍ നോക്കിയാ ഷജില്‍ ഞെട്ടി,  സര്‍ദാര്‍ജിമാരുടെ ജാക്കി വെച്ചു വണ്ടി പൊക്കിക്കൊണ്ടിരുന്ന അവസരത്തില്‍ അവന്‍ ലിവര്‍ ഇല്ലാത്ത ജാക്കിയും കൈകൊണ്ടു തിരിച്ചു പൊക്കികൊണ്ടിരുന്നു. 

ഇപ്പോള്‍ സര്‍ദാര്‍ജിമാരുടെ ജാക്കി അവര് തിരിച്ചെടുത്തു, പക്ഷെ വണ്ടി കിടക്കുന്നതു നമ്മുടെ ലിവര്‍ ഇല്ലാത്ത ജാക്കിയുടെ മുകളിലാണ്...ബെസ്റ്, കണ്ണാ ബെസ്റ്...അത് ചീറിപ്പൊളിച്ചു... 

ഏറെ പരിശ്രമത്തിന്റെ ഫലമായി, തള്ളലിലും റേസിങ്ങിലും പെട്ട് ആ വണ്ടി ഒരുവിധം ജാക്കിയില്‍നിന്നും തെറിച്ചു നിലം തൊട്ടു, വണ്ടിയുടെ ഇടതു വശത്തിന്നു തള്ളിക്കൊണ്ടിരുന്ന വികാസും, അവനു പ്രചോദനം കൊടുത്തുകൊണ്ടിരുന്ന ഞാനും അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത് ഭീകരമായ കാട്ടില്‍ ആ ഒരു കാഴ്ചകണ്ടിട്ടാണ് ഇപ്പോള്‍ സമയം ഏകദേശം ഒന്‍പതു മണിആയി എന്നിട്ടും ഞങ്ങള്‍ ഇത്രേം കഷ്ട്ടപെട്ടു മാറ്റിയിട്ട ആ സ്റ്റെപ്പിനി.... അതില്‍, അതില്‍ കാറ്റില്ല ഈശ്വര ഇവിടെ ആരാണ് ശശി... 

അങ്ങനെ എന്ത്‌ചെയ്യണമെന്നറിയാതെ രോഷം കൊണ്ട് ഇരിക്കുമ്പോളാണ് വേറെ വണ്ടി പിടിച്ചു സീന്‍ വിട്ടാലോ എന്ന് ഒരു അഭിപ്രായം ഞാനും, ഷിബിനും മുന്നോട്ടു വെച്ചത്. പക്ഷെ ഈ കാട്ടില്‍, എവിടുന്നു കിട്ടുമൊരു ടാക്‌സി.. ചുറ്റുവട്ടത്തൊന്നും ഒരു കെട്ടിടം പോലുമില്ല, ആകെ ഉള്ളത് വന്യമൃഗ സംരക്ഷണ ബോര്‍ഡിന്റെ ഒരു ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ്, പക്ഷെ ഭാഗ്യത്തിന് അതില്‍ ഒരു ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു. ആ നമ്പറില്‍ വിളിച്ചു, ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു ഒരു ടാക്‌സി ഏര്‍പ്പാടിക്കി ചെയ്തുതരാന്‍ പറഞ്ഞു. അപ്പഴും നമ്മുടെ ഹീറോ, ഡ്രൈവര്‍ ഇച്ചിരി പുകയൊക്കെ വിട്ടു അവിടെ കറങ്ങിത്തിരിഞ്ഞ് കളിക്കുകയായിരുന്നു.. ഇങ്ങനെയുമുണ്ടോ ഒരു ജന്മം എന്ന് നെടുവീര്‍പ്പിടാനേ നമ്മുക്കാവുമായിരുന്നുളളൂ.

 പത്തിരുപതു മിനിറ്റിനു ശേഷം നമ്മളെ അന്വേഷിച്ചു അവിടെ ഒരു ജീപ്പ് എത്തിച്ചേരുകയുണ്ടായി, ഞാന്‍ കണ്ടപാട് അയാളോട് പറഞ്ഞു ഒന്ന് കോഴിക്കോട് വരെ പോകണം. പക്ഷെ നമ്മുടെ ഹീറോയ്ക്ക് അറിയേണ്ടത്, ടയര്‍ പഞ്ചര്‍ ഒട്ടിക്കേണ്ട സ്ഥലമായിരുന്നു! അത് ഏകദേശം ഇരുപത്തി കിലോമീറ്റര്‍ പോകാനുണ്ടെന്നറിഞ്ഞ പുള്ളി, നമ്മള്‍ ഈ ജീപ്പില്‍പോയി ടയര്‍ നന്നാക്കി വരാം എന്നായി. നോക്കണേ കലികാലം, അതുവരെ പുകയുംവലിച്ചുകൊണ്ടിരുന്നവന് ഇപ്പൊ ആ ജീപ്പ് വേണംപോലും. അതുകൂടി കേട്ടപ്പോള്‍ ഷജില്‍ ഒഴികെ നമ്മള്‍ എല്ലാവരുടെയും കണ്‍ട്രോള്‍ പോയി.

അത് കണ്ട ഞാന്‍ പതുക്കെ ഹരിയേട്ടനെ മാറ്റിനിര്‍ത്തി പറഞ്ഞു, ഈ ജീപ്പ് ഞാന്‍ വിളിച്ചതാണ്- ഞാനും ഷിബിനും ഇതില്‍ പോകുകയാണ്, വരുന്നവര്‍ക്ക് വരാം... അങ്ങനെ സ്‌കോര്‍പിയോക്കാരന് കണക്കുപറഞ്ഞു അതുവരെയുള്ള വാടകയും കൊടുത്തു, നമ്മുടെ പെട്ടി, കെട്ടുകള്‍ ഒക്കെ ജീപ്പിലേക്കു കയറ്റിവെച്ചിട്ടു അതില്‍കയറി ഇരുന്നു. ചേട്ടാ, പറ്റുമെങ്കില്‍ കോഴിക്കോട്.. അല്ലെങ്കില്‍ അടുത്തൊരു ടാക്‌സി സ്റ്റാന്‍ഡ്. 

പറഞ്ഞുവരുമ്പോള്‍ അടുത്ത ടാക്‌സി സ്റ്റാന്‍ഡ് ബത്തേരിയാണുപോലും, ഏകദേശം ഇരുപതു കിലോമീറ്റര്‍ ദൂരെ. അങ്ങനെ നമ്മുടെ ഹീറോയും ഷജിലും ഒഴികെ ബാക്കി അഞ്ചുപേരും ചലോബത്തേരി ബൈ മഹിന്ദ്രജീപ്പിലും, അവര്‍ പഞ്ചര്‍ ആയ ടയറും വെച്ചു സ്‌കോര്‍പിയോയിലും ആയി ബത്തേരി ലക്ഷ്യമാക്കി നീങ്ങി... ഇപ്പോള്‍ സമയം രാവിലെ പതിനൊന്നര. 

അങ്ങനെ ഇച്ചിരി സാമ്പത്തികവും, ഒരുപാട് സമയവും ലാഭം പ്രതീക്ഷിച്ചു ബാംഗ്‌ളൂരില്‍നിന്നും നാട്ടിലേക്ക് ടാക്‌സി ബുക്ക് ചെയ്ത ഞാനും ഷിബിനും പ്രതീക്ഷിച്ചതു രാവിലത്തെ അപ്പവും മുട്ടക്കറിയും വീട്ടിനു കഴിക്കാമെന്നായിരുന്നെങ്കിലും, വൈകിട്ടത്തെ കട്ടന്‍ ചായക്കെങ്കിലും എത്തിച്ചേരാനായി...! ഇത് ഇങ്ങനെയൊക്കെയാണ് സംഭവിച്ചതെങ്കിലും, നമ്മള്‍ ഏതു ആവശ്യത്തിനാണോ നാട്ടില്‍ വന്നത്, ആ കാര്യങ്ങള്‍ വളരെ ഭംഗിയായി നിറവേറ്റുകയും ആ ആള്‍ക്കാരെത്തന്നെ അടുത്ത ആറ് മാസങ്ങള്‍ക്കു ശേഷം വിവാഹം കഴിച്ചു കൂടെപൊറുപ്പിക്കാനും തുടങ്ങിയതോടെ ഈ കഥയ്‌ക്കൊരു അന്ത്യമായി...